X

പെണ്‍ പ്രതിഷേധത്തിന്റെ ശക്തി മനസിലായി; ഡബ്ല്യുസിസിയുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ എഎംഎംഎ

മലയാള സിനിമാലോകത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന വിവാദ കൊടുങ്കാറ്റ് ശമിപ്പിക്കാന്‍ ശ്രമങ്ങളുമായി എഎംഎംഎ. നടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ ജനറല്‍ ബോഡിയില്‍ തീരുമാനം ഉണ്ടായതിനെ തുടര്‍ന്ന് നാല് അംഗങ്ങള്‍ സംഘടനയില്‍ നിന്നും രാജിവയ്ക്കുകയും എഎംഎംഎ ഭാരവാഹികള്‍ക്കെതിരേ സിനിമാലോകത്തു നിന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നു വലിയ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരു അനുരഞ്ജന നീക്കത്തിന് എഎംഎംഎ തയ്യാറെടുക്കുന്നത്.

വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി(ഡബ്ല്യുസിസി) നിലവിലെ വിഷയത്തില്‍ ചര്‍ച്ച നടത്താനാണ് എഎംഎംഎ തീരുമാനിച്ചിരിക്കുന്നത്. എഎംഎംഎ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഇത്തരമൊരു നീകത്തിന് കളമൊരുക്കിയതെന്ന് അറിയുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ്. അവിടെ നിന്നും വന്നാല്‍ ഉടനെ എഎംഎംഎ നേതൃത്വം ഡബ്ല്യസിസിയുമായും, എഎംഎംഎയില്‍ നിന്നും രാജിവച്ച പുറത്തുപോയവരോടും നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരോടും എല്ലാം ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയിക്കും. ഇക്കാര്യം മോഹന്‍ലാല്‍ മമ്മൂട്ടിയുമായും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. എഎംഎംഎയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിലീപ് കത്ത് നല്‍കിയിട്ടും എഎംഎംഎയുമായി എതിര്‍പ്പുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിട്ടും വിവാദങ്ങള്‍ അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണ് എഎംഎംഎ നേതൃത്വം ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറായ സ്ഥിതിക്ക് ഡബ്ല്യുസിസി എഎംഎംഎയ്‌ക്കെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും സംഘടന നേതൃത്വം വനിത കൂട്ടായ്മ പ്രവര്‍ത്തകരോട് ആവശ്യപ്പെടും. സംവിധായിക അഞ്ജലി മേനോന്‍, രേവതി എന്നിവര്‍ മുഖേന വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കാന്‍ ഡബ്ല്യുസിസിയോട് ആവശ്യപ്പെടുമെന്നുമാണ് അറിയുന്നത്.

Related Post
Leave a Comment