X

ഞാളുടെ ബീഫ് പെട്ടന്നൊരീസം നിര്‍ത്താമ്പറയാന്‍ മോദിയാരാ?

കശാപ്പ് നിയന്ത്രണ ഉത്തരവിനെ അംഗീകരിക്കില്ലെന്ന നിലപാടാണു മലബാറുകാര്‍ക്ക്

‘ഞാള് തീരെ ചെറുതാവുമ്പൊ തൊട്ട് മാടിന്റെ എറച്ചി തിന്നുന്നോലാണ്. മാടെറച്ചി ഇല്ലാണ്ട് പെരുന്നാള്‍ കൂടീട്ടില്ല. പെട്ടന്നൊരീസം ഇത് നിര്‍ത്താമ്പറയാന്‍ മോദിയാരാ’?, കൊയിലാണ്ടി സ്വദേശി സഫിയ അഷറഫിന്റെ ചോദ്യം ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ്. ‘രാഷ്ടീയമൊന്നും ഞാക്കറിയേലെ’ എന്നീ വീട്ടമ്മ പറയുമ്പോഴും ഇവരെ പോലുള്ളവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്ക് വലിയ രാഷ്ട്രീയാര്‍ത്ഥങ്ങളുണ്ട്. ഗോ സംരക്ഷ സേനയേയും, കോര്‍പറേറ്റ് കാലിച്ചന്തകളേയും പരിചയമില്ലെങ്കിലും, തങ്ങളുടെ നിത്യജീവിതത്തില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം അവര്‍ മനസ്സിലാക്കുന്നുണ്ട്, നല്ല ഒന്നാന്തരം ബീഫ് വരട്ടിയത് ഉണ്ടാക്കി അതിനോടു പ്രതികരിക്കുന്നുമുണ്ട്.

ആലപ്പുഴ സ്വദേശിയും, ജേണലിസ്റ്റുമായ അഞ്ജു കുഞ്ഞുമോന്റെ ഈസ്റ്റര്‍ ഓര്‍മകള്‍ ആദ്യം ചെന്നെത്തുന്നത് ബീഫ് വിഭവങ്ങളിലാണ്. ‘കഴിഞ്ഞ ഈസ്റ്റര്‍ കൂടാന്‍ പറ്റാഞ്ഞതിന്റെ ദെണ്ണം മാറിക്കോട്ടെ എന്ന് പറഞ്ഞ്, അമ്മ കഴിഞ്ഞ തവണ ഉണ്ടാക്കി തന്ന ബീഫിന്റേയും പത്തിരിയുടേയും രുചി ഇതുവരെ നാവില്‍ നിന്നു പോയിട്ടില്ല. ബീഫ് നിരോധിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ഓര്‍മയിലെത്തിയതും ഇതാണ്’, അഞ്ജുവിന്റെ വാക്കുകള്‍. അപ്പോള്‍ തന്നെ ആ പഴയ ചിത്രം ഫേസ്ബുക്കില്‍ പങ്കു വയ്ക്കാനും അഞ്ജു മറന്നില്ല.

കറവയുള്ള പശുവിന് അകിടു വീക്കത്തിനുള്ള കുത്തിവയ്പ്പ് എടുക്കാന്‍ വെറ്ററിനറി ക്ലിനിക്കില്‍ എത്തിയ കോഴിക്കോട് സ്വദേശി സതി പങ്കുവയ്ക്കുന്നത് മറ്റു ചില ആശങ്കകളാണ്. ‘പശുക്കളും കൃഷിയുമാണീ വീട്ടില്‍ പൈസ കിട്ടുന്ന രണ്ട് കാര്യങ്ങള്‍. കൃഷിയില്‍ വല്യ ലാഭമൊന്നും ഇല്ല. പാല് കറന്നു വില്‍ക്കുന്നതാണ് കാര്യമായി വരുമാനം. പയ്യിന്റെ അകിടൊട്ടിയാല്‍ ഇനി അതിനുള്ള പുല്ലും വെള്ളവും കൊടുത്ത് ചാവുന്ന വരെ പോറ്റണം എന്നാണോ സര്‍ക്കാര്‍ പറയുന്നത്?,’ ബീഫ് തിന്നാറില്ലാത്ത സതിയും കുടുംബവും ആശങ്കപ്പെടുന്നു.

സഫിയയും സതിയുമെല്ലാം പറയുന്ന കാര്യങ്ങളില്‍ ഒന്നു വ്യക്തമാണ്, കേരളീയരുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് മാട്ടിറച്ചിയും മാടും. ഇതില്‍ ജാതിമത വ്യത്യാസങ്ങളൊന്നുമില്ല. ശരാശരി മലയാളിയുടെ ജീവിതത്തില്‍ കന്നുകാലികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നു; ഭക്ഷണത്തിന്റെ രൂപത്തിലും, ജീവിതമാര്‍ഗ്ഗത്തിന്റെ രൂപത്തിലും…

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് വന്നതോടെ ജീവിതത്തെ കുറിച്ചുള്ള ഭയം ഏറിയവരാണ് ക്ഷീര കര്‍ഷകരും അറവുശാലകളിലെ തൊഴിലാളികളുമെല്ലാം. വരുമാനം ഇല്ലാതാവുന്നതോടെ ജീവിതത്തിന്റെ പ്രാരാബ്ധം ഏറുമെന്ന സത്യമാണ് ഇവരെ ഭയപ്പെടുത്തുന്നത്. ക്ഷീരകര്‍ഷകര്‍ തങ്ങള്‍ക്ക് ഉണ്ടാവാന്‍ പോകുന്ന സാമ്പത്തികനഷ്ടം ആലോചിച്ചു ഭയപ്പെടുന്നു. അറവുശാലകളിലിലെ തൊഴിലാളികള്‍ക്ക് മറ്റ് ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ട സ്ഥിതിയാണ്. കോഴിവില്‍പ്പന ഇല്ലാതെ, മാട്ടിറച്ചി മാത്രം വില്‍ക്കുന്നവരെ ആണ് ഇത് കൂടുതല്‍ ബാധിക്കാന്‍ പോവുന്നത്. ‘ഞങ്ങക്ക് കോഴിന്റെ പരുപാടീം പോത്തിന്റെ പരുപാടീം രണ്ടുമുണ്ട്. പോത്തിന്റെ മാത്രം പരുപാടി ഉള്ളോലിക്കാണ് നിരോധനം വന്നാല്‍ ഇടങ്ങേറ്. പോത്തിനെ പോറ്റി വലുതാക്കി അറക്കലൊന്നും നടക്കില്ല. വാങ്ങി അറവ് നിര്‍ത്തിയാല്‍ കച്ചോടം നിര്‍ത്തും’, കൊയിലാണ്ടിയില്‍ ടികെ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന മനാഫിന്റേതാണ് അഭിപ്രായം. റംസാന്‍ കാലയളിവില്‍ വന്ന ഈ നിബന്ധന കച്ചവടം കുറയ്ക്കുമോ എന്ന ഭീതിയും മനാഫിനുണ്ട്. നോമ്പ് കാലത്ത് പലര്‍ക്കും പ്രിയമുള്ളത് ബീഫ് തന്നെയാണ്. കര്‍ഷകരില്‍ നിന്നും കറവ വറ്റിയതും പ്രായമായതുമായ മാടുകളെ വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കച്ചവടം നടക്കില്ല.

എന്നാല്‍, കേരളത്തില്‍ ഇതൊന്നും നടപ്പാവില്ല എന്ന് സമാശ്വസിക്കുന്നവര്‍ തന്നെയാണ് ഏറെയും. ‘അതൊക്കെ അങ്ങ് ഉത്തേരേന്ത്യയില്‍ അല്ലെടോ, വാളയാര്‍ കടന്ന് ഇങ്ങോട്ട് നിരോധനം വരൂലാലോ, നമ്മള് കമ്മൂണിസ്റ്റുകളല്ലേ?’ എന്ന് ചോദിക്കുന്നവരും ഏറെയാണ്. പിണറായി വിജയനും കെ.ടി ജലീലും പുറത്തിറക്കിയ പ്രസ്താവനകള്‍ പലര്‍ക്കും ആശ്വാസം നല്‍കുന്നു. ബിജെപി അനുഭാവികള്‍ ആയവരില്‍ തന്നെ പലരും നിരോധനത്തിന് എതിരാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ആരും തയ്യാറല്ലെങ്കിലും പല ബിജെപി അനുഭാവികളും കരുതുന്നത് ഈ നയം കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നാണ്. പലരും ബീഫ് കഴിക്കുന്നവരും തന്നെ. മലപ്പുറത്ത് നല്ല ബീഫ് എത്തിക്കാം എന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ബിജെപി നേതാവിനെ ആരും മറന്നിരിക്കാന്‍ ഇടയില്ലല്ലോ.

കൊല്ലുവാന്‍ വേണ്ടി കന്നുകാലികളെ കൊടുക്കുകയോ വാങ്ങുകയോ അരുത് എന്ന നിയമമാണ് പാവപ്പെട്ടവര്‍ക്ക് മേല്‍ ഏല്‍പ്പിക്കുന്ന ഏറ്റവും വലിയ ക്ഷതം. കര്‍ഷകരേയും, അറവുകാരേയും ഉപഭോക്താക്കളേയും ഒരു പോലെ ബാധിക്കുന്നതാണിത്. പ്രായമായ മാടുകളെ വില്‍ക്കാതെ വളര്‍ത്തേണ്ടിവരുമെന്നതും അതിനുള്ള അധിക ചെലവ് കണ്ടെത്തി വരുമെന്നതുമാണ് കര്‍ഷകര്‍ക്കുള്ള ഭാരം. അറവുകാര്‍ക്ക് മാടുകളെ വളര്‍ത്തി വലുതാക്കി കശാപ്പ് ചെയ്യല്‍ പ്രായോഗികമല്ല. വലിയ ചെലവുള്ള പരിപാടിയാണ്. കശാപ്പ് ചെയ്യാന്‍ വേണ്ടി വര്‍ഷങ്ങളോളം മാടുകളെ വളര്‍ത്തല്‍ ചെറുകിടക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റുന്ന മാര്‍ഗ്ഗമല്ലെന്നും ഇവര്‍ പറയുന്നു.

എന്തായാലും ഇന്നലെ മുതല്‍ ഭക്ഷണശാലകളില്‍ ബീഫിനു പ്രിയം ഏറിയിട്ടുണ്ടെന്ന് ഹോട്ടലുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബീഫ് തിന്നുന്ന സെല്‍ഫി എടുക്കാനും ഫേസ്ബുക്കിലിടാനുമുള്ള തിരക്കുമേറിയിട്ടുണ്ട്.

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on May 28, 2017 8:47 pm