X

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസ് അട്ടിമറിക്കാന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഒഎസ്

സ്ഥലംമാറ്റ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ സഭയോട് ആവശ്യപ്പെടണമെന്നു എസ്ഒഎസ്

ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള ലൈംഗികാക്രമണക്കേസില്‍ സാക്ഷികളായ നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റുവാനുള്ള ചില സഭാധികാരികളുടെ നീക്കം കേസ് അട്ടിമറിക്കാനാണെന്നു സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്. സ്ഥലമാറ്റ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നം സേവ് ഔര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഒരു ക്രിമിനല്‍ കേസിലെ സാക്ഷികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്ന് ക്രിമിനല്‍ ചട്ടങ്ങളും സ്‌കീമുകളും വ്യക്തമായി പറയുന്നുണ്ട്. ഇതിലെ പ്രധാന സാക്ഷിയും കൊച്ചിയില്‍ നടത്തിയ സമരങ്ങളില്‍ പങ്കാളി ആകുകയും ചെയ്ത കന്യാസ്ത്രീകളെ മാറ്റുന്നത് വഴി ഈ കേസില്‍ സഭയുടെ ലക്ഷ്യം കേസ് അട്ടിമറിക്കലും സമരം ദുര്‍ബലപ്പെടുത്തലുമാണെന്നു വ്യക്തമായിരിക്കുന്നു. കേസില്‍ പരാതിക്കാരിയും പ്രധാന സാക്ഷിയുമായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി ഭീഷണപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്; എസ്ഒഎസ് വാര്‍ത്തകുറിപ്പില്‍ ആരോപിക്കുന്നു.

ജലന്ധര്‍ രൂപതയിലെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ പഞ്ചാബില്‍ വച്ച് മരണമടഞ്ഞതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം നിലനില്‍ക്കെ തന്നെ ബലാത്സംഗ കേസിലെ സാക്ഷികളിലൊരാളായ സി. അനുപമയെ ബിഷപ്പ് ഫ്രാങ്കോയ്ക്കു കീഴിലേക്കെന്നപോലെ പഞ്ചാബിലേക്കു മാറ്റുന്നത് സാക്ഷിയുടെ ജീവന് വരെ ഭീഷണി ഉണ്ടാകുമെന്ന കാര്യം സര്‍ക്കാര്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും സേവ് ഓര്‍ സിസ്‌റ്റേഴ്‌സ് ആവശ്യപ്പെടുന്നു. കേസിലെ സാക്ഷികളെ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്ത് വിടുന്നത് ക്രിമിനല്‍ നടപടിചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന കാരണത്താല്‍ സ്ഥലംമാറ്റ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ സഭയോട് ആവശ്യപ്പെടണമെന്നും എസ്ഒഎസ് ഭാരവാഹികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.

മഹേന്ദ്ര ചൗളയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള (2018) കേസില്‍ സാക്ഷികളുടെ സംരക്ഷണത്തിനായി വ്യക്തമായ ഒരു പദ്ധതി, സാക്ഷി സംരക്ഷണ പദ്ധതി 2018 എന്ന പേരില്‍ കോടതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. സാക്ഷികള്‍ എന്നാല്‍ കോടതിക്ക് സത്യം കണ്ടെത്താന്‍ വെളിച്ചം നല്‍കുന്ന സൂര്യനാണെന്നു കോടതി വിലയിരുത്തുന്നു. അതിനാല്‍ കന്യാസ്ത്രീ പീഢനക്കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയായി കാണമെന്നും എസ്ഒഎസ് ചൂണ്ടിക്കാണിക്കുന്നു. പ്രതിയുടെ സാമീപ്യത്തില്‍ നിന്നും സാക്ഷിയെ അകറ്റി നിര്‍ത്തുക എന്നത് ഇതില്‍ ഏറ്റവും പ്രധാനമായ ഒരു നിര്‍ദ്ദേശമാണ്. ഈ കേസില്‍ പ്രധാന സാക്ഷിയെ പ്രതിയുടെ നിയന്ത്രണാധികാരമേഖലയിലേക്കു വിടുന്നു എന്നത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു ഇവരെ സംസ്ഥാനത്തിന് പുറത്തേക്കു അയക്കാനുള്ള സഭയുടെ ശ്രമങ്ങളെ തടയണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സേവ് ഔര്‍ സിസ്റ്റേഴ്‌സ് പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും സര്‍ക്കാരിനെ സേവ് ഔര്‍ സിസ്റ്റേഴ്‌സ് ഭാരവാഹികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.