X

യു.പിയില്‍ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ അലങ്കോലമാക്കുമെന്ന് ഹിന്ദുതീവ്രവാദി സംഘടനകളുടെ ഭീഷണി

കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ സാത്‌നയില്‍, ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഒരു പുരോഹിതനെയും നാല് സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. പരാതി നല്‍കിയ ഹിന്ദുതീവ്രവാദ സംഘടനയായ ബജ്രംഗ്ദള്‍ തങ്ങളെ മര്‍ദ്ദിച്ചതായി പുരോഹിതന്‍ പറഞ്ഞിരുന്നു

ഉത്തര്‍പ്രദേശിലെ ചില പട്ടണങ്ങളില്‍ നടക്കുന്ന ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ അലങ്കോലമാക്കുമെന്ന് ഹിന്ദുതീവ്രവാദി സംഘടനകള്‍. മധ്യപ്രദേശില്‍ പുരോഹിതനെതിരെ ആക്രമണം നടന്ന ദിവസങ്ങള്‍ക്ക് ശേഷം നിരവധി ഭീഷണികളാണ് ഈ സംഘനടകള്‍ മുഴക്കുന്നത്. സ്‌കൂളുകളിലില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നത് ‘സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം’ എന്ന് അലിഗഡില്‍ ഹിന്ദു ജാഗര മഞ്ച് എന്ന സംഘടന ഭീഷണി മുഴക്കി.

ഉപഹാരങ്ങള്‍ കൊണ്ടുവരാനോ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനോ കുട്ടികളോട് ആവശ്യപ്പെടരുതെന്ന് സംഘടന സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിന്ദു വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തുന്നതിന് ഒരു പടികൂടി അടുക്കുന്ന നടപടിയായി ഇതിനെ വ്യഖ്യാനിക്കുമെന്നാണ് ഇവരുടെ ഭീഷണി. സ്‌കൂളുകളുടെ പ്രതികരണം അറിഞ്ഞതിന് ശേഷം സംഘടനയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ഹിന്ദു ജാഗര മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിത പിടിഐയോട് പറഞ്ഞു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്നു എന്ന അവര്‍ ആരോപിക്കുന്ന ‘അശ്ലീല പെരുമാറ്റങ്ങള്‍ക്കെതിരെ’ തങ്ങള്‍ ‘സമാധാനപരമായി പ്രതിഷേധം’ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ആഗ്രയില്‍ ഹിന്ദു ജാഗര മഞ്ച്, വിശ്വ ഹിന്ദു മഹാസംഘ് എന്നീ സംഘടനകള്‍ മാധ്യമങ്ങളെ അറിയിച്ചു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവരുടെ ഭീഷണി.

ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നു എന്നുറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ പിടിഐയോട് പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉള്ളതായി അറിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എല്ലാ മതങ്ങളോടും ബഹുമാനം പുലര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഏത് മതത്തിന്റെയും ആഘോഷങ്ങള്‍ നടത്താനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ സാത്‌നയില്‍, ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് ഒരു പുരോഹിതനെയും നാല് സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. പരാതി നല്‍കിയ ഹിന്ദുതീവ്രവാദ സംഘടനയായ ബജ്രംഗ്ദള്‍ തങ്ങളെ മര്‍ദ്ദിച്ചതായി പുരോഹിതന്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു സന്നദ്ധസേവന പരിപാടി പ്രചരിപ്പിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന് സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ സ്‌നേഹത്തിനും പങ്കുവെക്കലിനും കാരുണ്യത്തിനും മതമില്ലെന്നും ചുറ്റുമള്ള എല്ലാ നല്ല കാര്യങ്ങളും തുറന്ന മനസോടെ സ്വീകരിക്കാനാണ് ശ്രമിക്കേണ്ടതെന്നായിരുന്നു അമൃത ഫഡ്‌നാവിസിന്റെ പ്രതികരണം.