X

ഫോണില്‍ വിളിച്ച് മാപ്പ് പറയും, പുറത്തു പോയി മറ്റൊന്നു പറയും; ശ്രീധരന്‍ പിള്ളയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ടിക്കാറാം മീണ

ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിക്കുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവാദ പരമാര്‍ശങ്ങള്‍ നടത്തിയശേഷം തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും അതിനുശേഷം പുറത്തുപോയി വേറെ കാര്യം പറയുകയുമാണ് ശ്രീധരന്‍ പിള്ള ചെയ്യുന്നതെന്നാണ് മീണയുടെ ആക്ഷേപം. രണ്ടു തവണ ശ്രീധരന്‍ പിള്ള തന്നെ വിളിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ വാള്‍പോസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ടിക്കാറാം മീണ വെളിപ്പെടുത്തി. എന്നാല്‍ മാപ്പ് പറഞ്ഞശേഷം പുറത്തുപോയി മറ്റൊന്നു പറയും. അതാണ് ശ്രീധരന്‍ പിള്ളയുടെ പതിവ്. ഇത് ഇരട്ടത്താപ്പ് ആണെന്നും ഇത്തരക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിമര്‍ശിച്ചു.

‘ എന്തെങ്കിലും പറഞ്ഞിട്ട് സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ, പുറത്തു പോയിട്ട് മറ്റൊന്നു പറയും. ഞാനിനി ആവര്‍ത്തിക്കില്ലെന്നു മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇവരെ എങ്ങനെ വിശ്വസിക്കും? ടിക്കാം മീണ ചോദിക്കുന്നത് ഇങ്ങനെയാണ്.

This post was last modified on April 21, 2019 10:49 am