X

ദേ സലോമിയുടെയും പ്രകാശന്റെയും അമ്മച്ചി: രമ്യ സുരേഷ്

അന്ന് തീരുമാനിച്ചതാണ് ഒരു സിനിമയിൽ (സീരിയലിലെങ്കിലുമോ) അഭിനയിച്ച് തെറി വിളിച്ചവരെക്കൊണ്ട് മാറ്റിപ്പറയാൻ ശ്രമിക്കുമെന്ന്…

സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും സിനിമകൾ ഒരിക്കലും നായക/നായികാകേന്ദ്രീകൃതങ്ങളല്ല. മറിച്ച് കേന്ദ്രകഥാപാത്രങ്ങൾക്കൊപ്പമോ അതിലപ്പുറമോ പ്രാധാന്യമുള്ള സഹനടീനടന്മാരുടെ സാന്നിധ്യമായിരുന്നു അവയുടെ ഹൈലൈറ്റ് .

ശങ്കരാടിയെയും ഒടുവിലിനെയും ജഗതിയെയും കരമനയെയും ഇന്നസെന്റിനെയും മാമുക്കോയയെയുമൊന്നും കൂടാതെ എന്ത് സത്യൻ-ശ്രീനി സിനിമ എന്ന് ആകുലപ്പെട്ടവരുടെ ഇടയിലേക്കാണ് പൂർണമായും പുതിയ ടീമുമായി ‘ഞാൻ പ്രകാശൻ’ ഫഹദ് മാത്രമായിരുന്നില്ല ഫ്രെഷ് എന്നുപറയാവുന്ന സഹനടീനടന്മാരുടെ കൂടിച്ചേരൽ കൂടിയായിരുന്നു പ്രകാശന്റെ വിജയ കാരണം

പ്രകാശന് പതിനാറിന്റെ പണികൊടുത്തുപോകുന്ന സലോമിയുടെ അപ്പനായി വരുന്ന ജയശങ്കറും അമ്മച്ചിയായ പേരറിയാത്ത നടിയുമായിരുന്നു ഇങ്ങനെ സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത രണ്ടുപേർ. ജയശങ്കറിനെ കുഞ്ഞുവേഷങ്ങളിൽ മുൻപും പ്രേക്ഷകർക്ക് പരിചയമായിരുന്നെങ്കിലും ഈ അമ്മച്ചിയാരെന്ന് പലരും അന്വേഷിച്ചു. ചിലരെങ്കിലും ഇവർ ‘കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ നിറഞ്ഞുനിന്നിരുന്നല്ലോ എന്ന് ഓർത്തെടുത്തു.

സലോമിയുടെ അമ്മച്ചിയാരെന്ന് അന്വേഷിച്ചവർക്ക് വേണ്ടിയാണ് അവരെ കണ്ടുപിടിച്ചു അവതരിപ്പിക്കുന്നത്. ഇത് രമ്യാ സുരേഷ്. ഹരിപ്പാട് സ്വദേശിനിയാണ്. പക്ഷെ, കഴിഞ്ഞ പത്തുവർഷമായി ദുബായിൽ ജോലിയുള്ള ഭർത്താവിനൊപ്പം യു എ ഇയിൽ ആണ് താമസം.

ഒരു സ്വകാര്യ എഫ്ബി ഗ്രൂപ്പിൽ ആദ്യമായിട്ട ഒരു വീഡിയോ 2017 ഫെബ്രുവരിയിൽ പുറത്ത് ലീക്കായി വൈറലായതാണ് രമ്യയെ ഫെയ്മസാക്കിയത്. “അന്ധകാരപ്പറമ്പിൽ വെട്ടിക്കീറി അഞ്ചാറുകാച്ചിൽ നട്ടു” എന്നൊരു നാടൻപാട്ട് അലറിവിളിച്ച് പാടിയ ആ ഐറ്റത്തിന് പക്ഷെ ഒറ്റദിവസം കൊണ്ട് കിട്ടിയ മലയാളികളുടെ തെറിവിളിയുടെ ആധിക്യം രമ്യയുടെ കണ്ണ് തള്ളിക്കുകയും ചെയ്തു. അന്ന് തീരുമാനിച്ചതാണ് ഒരു സിനിമയിൽ (സീരിയലിലെങ്കിലുമോ) അഭിനയിച്ച് തെറി വിളിച്ചവരെക്കൊണ്ട് മാറ്റിപ്പറയാൻ ശ്രമിക്കുമെന്ന്.

അങ്ങനെയിരിക്കെയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ ഓഡിഷൻ ദുബായിൽ നടക്കുന്നതും രണ്ടുമൂന്നുറൗണ്ടുകൾക്ക് ശേഷം സെലക്റ്റ് ആവുന്നതും. രാജി എന്ന ക്യാരക്റ്റർ കുട്ടൻപിള്ളയിൽ ഉടനീളം ഉണ്ടായിരുന്നത് കൊണ്ടും സ്വാഭാവിക ചലനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

കുട്ടൻ പിള്ള കണ്ടാണ് സത്യൻ അന്തിക്കാട് പ്രകാശനിലേക്ക് വിളിക്കുന്നത്. അദ്ദേഹത്തെപോലൊരു ഇത്രയും സീനിയർ ഡയറക്ടർ പടത്തിലേക്ക് കാസ്റ്റ് ചെയ്ത് സ്ക്രിപ്റ്റ് മുഴുവനായും പറഞ്ഞു തന്നത് ഞെട്ടിച്ചു. ആ ഒരു ആത്മവിശ്വാസം ഷൂട്ടിംഗിൽ ഉടനീളം കൈമുതലായുണ്ടായിരുന്നു- രമ്യ പറയുന്നു.

കഴിഞ്ഞ വെക്കേഷനായിരുന്നു കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ഷൂട്ട്. ഈ വർഷത്തെ വെക്കേഷനായിരുന്നു ഞാൻ പ്രകാശന്റെ ചിത്രീകരണം. രണ്ട് സിനിമകൾ കൊണ്ടുതന്നെ അത്യാവശ്യം നല്ല പേരായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് അഭിനയം തുടരാൻ തന്നെയാണ് രമ്യയുടെ തീരുമാനം. പത്തുകൊല്ലത്തെ പ്രവാസി ജീവിതത്തിന് ശേഷം ഈ വരുന്ന മാർച്ചോട് കൂടി ഹരിപ്പാട് സെറ്റിലാവാനും തീരുമാനമെടുത്തു കഴിഞ്ഞു രമ്യ.

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

This post was last modified on December 31, 2018 7:15 pm