X

കടലോര വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ ലോറി വേണം: ഡീസലടിച്ച് നല്‍കിയാല്‍ വരാമെന്ന് ചിലര്‍

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍

തിരുവനന്തപുരത്തെ കടലോര വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ എല്ലാ കടലോര പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വയനാട്ടില്‍ എത്തിക്കാന്‍ ലോറി തേടുകയാണ്. ഇന്നലെ ഒരുദിവസം മുഴുവന്‍ കടലോരങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഇറങ്ങി ശേഖരിച്ച സാധന സാമഗ്രികളും ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് പൂവാര്‍ കടപ്പുറത്ത് വാഹനത്തിനായി കെട്ടിക്കിടക്കുന്നത്. വയനാട്ടിലെ നടവയലില്‍ പലര്‍ക്കും സാധനങ്ങള്‍ ലഭിച്ചിട്ടില്ലെന്നറിഞ്ഞാണ് ഈ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയത്.

കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിക്കാന്‍ പലരും ഉപദേശിച്ചെങ്കിലും തങ്ങള്‍ ഉദ്ദേശിച്ചിടത്ത് തന്നെ ഇവ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് നേരിട്ട് കൊണ്ടുപോയി കൊടുക്കാന്‍ ശ്രമിക്കുന്നതെന്ന് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി വിപിന്‍ ദാസ് തോട്ടത്തില്‍ അഴിമുഖത്തോട് പറഞ്ഞു. ഇന്ന് രാവിലെ വാഹനം ലഭ്യമായാല്‍ വൈകിട്ടോടെ ചുരം കയറാമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെയും വാഹനം ലഭിച്ചിട്ടില്ല. ആഹാര സാധനങ്ങള്‍, കുടിവെള്ളം എന്നിവ കൂടാതെ വസ്ത്രങ്ങള്‍, വീട്ടുസാധനങ്ങള്‍ എന്നിവയും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. കഴക്കൂട്ടത്തു നിന്നും ഒരു ലോറി തയ്യാറായിട്ടുണ്ടെങ്കിലും അതിന് ഡീസല്‍ അടിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പതിനയ്യായിരം രൂപയോളം അധികമായി കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളായ ഇവര്‍ അതിനെന്ത് ചെയ്യുമെന്ന് ആലോചിക്കുകയാണ്. കൈവശമുണ്ടായിരുന്ന പണത്തിന് ഇവര്‍ കുറച്ച് സാധനങ്ങള്‍ വാങ്ങിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പ്ലസ്ടു മുതല്‍ പിഎച്ച്ഡി വരെ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ സാമഗ്രികള്‍ ശേഖരിച്ചതും. കടലോര വാസികളില്‍ പലരും രണ്ട് മൂന്ന് ആഴ്ചയായി ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ് ഉള്ളത്. വറുതിയിലാണെങ്കിലും മത്സ്യത്തൊഴിലാളികള്‍ നല്‍കിയ സാധനങ്ങളും ലഭിച്ച പണം കൊടുത്ത് വാങ്ങിയുമാണ് ഇവര്‍ ഇത് ശേഖരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ അറിയിപ്പിന്റെ പൂര്‍ണരൂപം താഴെ:

ഇന്ന് (12-08-19) ഒരൊറ്റ ദിവസം കൊണ്ട് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കടലോരങ്ങളില്‍ നിന്നും ഒരു ലോറിയില്‍ കൊള്ളാവുന്നത്ര ദുരിതാശ്വാസ സാമഗ്രികള്‍ ഞങ്ങള്‍ കടലോര വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചിട്ടുണ്ട്. വയനാട്ടിലെ നടവയലില്‍ എത്തിക്കാനാണ് ഞങ്ങളിതു ശേഖരിച്ചത്. ഞങ്ങള്‍ക്ക് ഇനിയിത് നാളെ തന്നെ വയനാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി ഞങ്ങള്‍ക്കൊരു ലോറി ആവശ്യമാണ്. ലോറി വിട്ടുതരാന്‍ മനസ്സുള്ള, ലോറി ഏര്‍പ്പാടാക്കിത്തരാന്‍ താല്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ദയവുചെയ്ത് ഞങ്ങളുമായി ബന്ധപ്പെടുക. വിദ്യാര്‍ത്ഥികളുടെ ഒരു ദിവസത്തെ മുഴുവനുമുള്ള അദ്ധ്വാനവും വറുതിയില്‍ കഴിയുന്ന കടപ്പുറത്തിന്റെ മുഴുവന്‍ സുമനസ്സുമിതിലുണ്ട്.

ഞങ്ങളെ വിളിക്കുക,
വിപിന്‍ ദാസ് – 8129571065, 9074581391
ജയിസന്‍ ജോണ്‍ – 9567092702
രെതിന്‍ ആന്റണി – 9037530733

This post was last modified on August 14, 2019 5:08 pm