X

വേണമെങ്കില്‍ ഒന്നു ഞെട്ടിക്കോ, അതില്‍ കൂടുതല്‍ ഇന്നസെന്റാകരുത്

ആ നടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണം എന്നു പറഞ്ഞവരാണ് നിങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു. മലയാള സിനിമ രംഗത്ത് നിന്നും ആദ്യമായല്ല ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പക്ഷേ ഈ അറസ്റ്റ് സമാനതകളില്ലാത്ത വിധം ക്രൂരമായൊരു തെറ്റിന്റെ പേരിലാണ്. ഒരാള്‍ ചെയ്ത തെറ്റിന്റെ പേരില്‍ അയാള്‍ പ്രവര്‍ത്തിച്ചു പോരുന്ന മേഖലയിലെ മുഴുവന്‍ ആളുകളെയും കുറ്റപ്പെടുത്തുന്നത് ന്യായമല്ലെന്നറിയാം. പക്ഷേ ഇവിടെ, ദിലീപ് അറസ്റ്റിലായെന്ന വാര്‍ത്ത ആദ്യമായി കേട്ടപ്പോള്‍ മനസില്‍ വന്ന മുഖങ്ങള്‍ മലയാള ചലച്ചിത്ര മേഖലയിലെ പലരുടെയുമാണ്. താരസംഘടനയുടെ നേതാക്കളുടെ, മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിച്ചവരുടെ, ആക്രോശത്തോടെ ചാടിയെഴുന്നേറ്റവരുടെ…

അങ്ങനെയൊക്കെ പ്രതികരിച്ച നിങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നുവെന്നു പറയാം. ആ നടന്‍ ഇങ്ങനെയൊരു ക്രൈം ചെയ്യാന്‍ പോകുന്നത് നിങ്ങളോടെല്ലാം കൂടിയാലോചിച്ചിട്ടായിരിക്കുമെന്ന് ആരും കരുതുന്നുമില്ല. പക്ഷേ, കഴിഞ്ഞ കുറെ ദിവസങ്ങളായി നിങ്ങള്‍ എങ്ങനെയാണോ ഈ കേസിനോട് പ്രതികരിച്ചത്, അതുതന്നെയാണ് നിങ്ങളെയും കുറ്റവാളികളാക്കുന്നത്. ഒന്നുമറിയില്ലെന്ന വാദം സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ; ഒന്നുമറിയാനും നിങ്ങളാരും ശ്രമിച്ചില്ല. പകരം യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കാന്‍ ശ്രമിച്ചു, പാളിപ്പോയിടത്തെല്ലാം ആവേശംകൊണ്ടു. ഒരിക്കല്‍ പോലും നിങ്ങള്‍ സത്യസന്ധരായിരുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയില്ല.

ഞങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ എന്ന വൈകാരികപ്രകടനം പോലെ ആളെക്കൂട്ടി യോഗം നടത്തി. അവിടെ കഴിഞ്ഞിരുന്നു നിങ്ങളുടെ ‘ ആത്മാര്‍ത്ഥത’. കുറച്ചു സ്ത്രീകള്‍, അവരുടെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ജയിച്ചേനെ (മാധ്യമങ്ങള്‍ ക്രെഡിറ്റ് ഒന്നും എടുക്കുന്നില്ല). കാരണം നിങ്ങള്‍ ശക്തരും സ്വാധീനമുള്ളവരുമാണ്. ആരെയാണ് സംരക്ഷിക്കേണ്ടതെന്നു കൃത്യമായി അറിയാവുന്ന ബുദ്ധിമാന്മാരും.

സമൂഹം മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുപോലും ധാര്‍ഷ്ട്യത്തോടെ നിങ്ങളുടെതായ താത്പര്യമാണ് സംരക്ഷിച്ചത്. ആ നടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണം എന്നു പറഞ്ഞവരാണ് നിങ്ങള്‍. കൂട്ടത്തില്‍ ഉള്ളവര്‍ തന്നെ അപമാനിക്കുമ്പോഴും മൗനം പാലിച്ചവരാണ് നിങ്ങള്‍, കൂടിയിരുന്നു ചായ കുടിച്ചും തമാശ പറഞ്ഞും പിരിഞ്ഞപ്പോഴും ആ സ്ത്രീയുടെ വേദനയും അപമാനവും മറന്നുപോയവരാണ് നിങ്ങള്‍…

സിനിമലോകം എന്നാല്‍ ഭൂമിയില്‍ അല്ലാത്ത മറ്റേതോ ഇടം എന്നു ധരിച്ചിരുന്ന വങ്കന്മാരായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്കു ചുറ്റും എന്നും ജനം ഉണ്ടായിരുന്നു. കറുത്ത കണ്ണാടിവച്ച നിങ്ങള്‍ക്ക് ചുറ്റുപാടുകളെ കാണാന്‍ കഴിയാഞ്ഞിട്ടാണ്, ആഢംബര ഹോട്ടല്‍ മുറികളിലും ശീതീകരിച്ച കാറുകള്‍ക്കുള്ളില്‍ ഇരിക്കുമ്പോള്‍ സമൂഹത്തെ കാണാതെ പോയതുകൊണ്ടാണ്. ഇതേ തെറ്റിദ്ധാരണകളായിരുന്നു നടിയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ജനം ആരാണെന്നു ചോദിച്ചവര്‍ക്കും, മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ടന്നു പറഞ്ഞവര്‍ക്കും സിനിമാതാരങ്ങളുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ആഘോഷിക്കാന്‍ നടക്കുന്നവരാണ് സാധാരണക്കാരനെന്ന് ആക്ഷേപിച്ചവര്‍ക്കും കൂടി ഒറ്റ മറുപടി; കേവലം മനുഷ്യര്‍ മാത്രമാണ് താരങ്ങളെ നിങ്ങളും.

ഇനിയിപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? അപ്രതീക്ഷിതമായ വാര്‍ത്ത കേട്ട് ഞെട്ടുമോ? വേണമെങ്കില്‍ ഞെട്ടിക്കോ, അതില്‍ കൂടുതല്‍ അഭിനയിക്കരുത്. ആ പെണ്‍കുട്ടിയുടെ മുന്നില്‍ ഒട്ടും. കാരണം അത്രയ്ക്ക് അപമാനിച്ചു അവരെ. ആ സ്ത്രീയുടെ കൂടെയുണ്ടായിരുന്നവരെ, അവര്‍ക്കായി ശബ്ദം ഉയര്‍ത്തിയവരെ. ഇതെല്ലാം ചെയ്തിട്ടും ഇനിയും ഇന്നസെന്റാകാന്‍ ശ്രമിക്കരുത്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on July 12, 2017 4:58 pm