X

രാഷ്ട്രീയക്കാരുടെ സംസാരങ്ങളില്‍ മുതലെടുപ്പ് വ്യക്തമാണെന്ന് ലിഗയുടെ സഹോദരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് ഇലീസ് മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്‌

തന്നെ കാണാന്‍ വരുന്ന രാഷ്ട്രീയക്കാരെല്ലാം എന്തൊക്കെയോ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടിയാണ് വരുന്നതെന്നാണ് സംസാരത്തില്‍ നിന്നും മനസിലാകുന്നതെന്ന് തിരവല്ലത്തിന് സമീപം കണ്ടല്‍കാട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ലിഗ സ്‌ക്രോമേന്റെ സഹോദരി ഇലീസ് സ്‌ക്രോമേന്‍. തന്റെ സഹോദരിയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ല. രാഷ്ട്രീയക്കാര്‍ തന്നെ വന്ന് കാണേണ്ട കാര്യവുമില്ലെന്ന് ഇലീസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇലീസ്.

ഒരു രാഷ്ട്രീയ ആയുധമായി തന്റെ സഹോദരിയുടെ മരണത്തെ ഉപയോഗിക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ രാഷ്ട്രീയക്കാരും കുറ്റം എതിര്‍പ്പാര്‍ട്ടിക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ദയവായി ഇത്തരം നീക്കങ്ങളില്‍ നിന്നും എല്ലാവരും പിന്മാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാമിനെ ഇലീസ് ഇന്നലെ കണ്ടു. ലിഗയുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങള്‍ അവര്‍ ഐജിയ്ക്ക് എഴുതി നല്‍കിയിട്ടുണ്ട്. സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അന്വേഷണത്തില്‍ പരാതിയില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

This post was last modified on April 26, 2018 10:40 am