X

ഞാന്‍ ആരുടെയും അടിമയല്ല, എനിക്ക് അടിമകളും ഇല്ല; മുഖ്യമന്ത്രിക്ക് മുന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മറുപടി

എന്നെ നിങ്ങള്‍ക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതല്ലേ. നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചറായിരുന്നില്ലെ. പിന്നെ എനിക്ക് എന്തിന് നീതി നിഷേധിക്കുന്നു

പാര്‍ട്ടിയിലെ അനാചാരം ചോദ്യം ചെയ്തതിന് പാര്‍ട്ടി വിട്ടുപോകേണ്ടി വന്ന ഡിവൈഎഫ്‌ഐ നേതാവിനോട് നേതൃത്വം പകപോക്കുന്നതായി ആരോപണം. തലശേരി മുന്‍ നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന സി.ഒ.ടി നസീര്‍ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയ്ക്കുള്ള പ്രതിഷേധക്കുറിപ്പ് ഇട്ടിരിക്കുന്നത്.

ഭരണസ്വാധീനം ഉപയോഗിച്ച് തന്റെ പാസ്‌പോര്‍ട്ട് പാര്‍ട്ടി നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നാണ് നസീര്‍ ആരോപിക്കുന്നത്. അങ്ങനെ തന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് കോളത്തില്‍ മതം രേഖപ്പെടുത്താന്‍ വിസമ്മതിക്കുകയും ന്യൂനപക്ഷത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നുമുള്ള തന്റെ നിലപാടില്‍ ഉറച്ച് നിന്നിതിനാലാണ് പാര്‍ട്ടി വിടേണ്ടി വന്നത്. ആ നിലപാടില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു. അതേസമയം കമ്മ്യൂണിസ്റ്റ് ആശയത്തില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് തീരുമാനമെന്നും നസീര്‍ വ്യക്തമാക്കുന്നു.

നട്ടെല്ലും തലച്ചോറും ആര്‍ക്കും പണയം വയ്ക്കില്ല. കോടതി ഉത്തരവുണ്ടായിട്ടും പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്. അങ്ങനെ തന്നെ തളര്‍ത്താമെന്നത് വ്യാമോഹമാണെന്നും നസീര്‍ കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്ക് എന്നെ കുട്ടിക്കാലം മുതല്‍ അറിയുന്നതല്ലേയെന്നും നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചര്‍ അല്ലേയെന്നും പിന്നെ എന്തിനാണ് എനിക്ക് നീതി നിഷേധിക്കുന്നതെന്നും നസീര്‍ മുഖ്യമന്ത്രിയോട് ചോദിക്കുന്നു. രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായാണ് നസീര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പോസ്റ്റുകളുടെ പൂര്‍ണരൂപം ചുവടെ.

‘ഞാന്‍ ആരുടെയും അടിമയല്ല അതുപോലെ എനിക് അടിമകളും ഇല്ല. ഇത് ജനാധ്യപത്യ വ്യവസ്ഥിതി ആണ്. ഈ അവസരം മുതലെടുക്കുന്നവരോട് നമ്മള്‍ ഭൂമി എന്ന വാടകവീട് ഉപേക്ഷിച്ച് പോകേയണ്ടവര്‍ ആണ്. നമ്മള്‍ എല്ലാവരും സനേഹനിധിയായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വന്നവര്‍ ആണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് നല്ലതല്ല. പിന്നെ മുഖ്യമന്ത്രി കല്ല് എറിഞ്ഞ കേസിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചാല്‍ മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റ് ആശയം പിന്‍ന്തുടരും’

‘മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാന്‍, പാര്‍ട്ടി മെംബര്‍ഷിപ്പ് കോളത്തില്‍ മതം രേഖപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ ലേബലില്‍ പ്രവര്‍ത്തിക് പറ്റില്ല എന്ന നിലപാടിന്റെ ഭാഗമായി സ്വമേധയ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയത്. തലചോറും നട്ടെല്ലും ആരുടെ മുന്‍പിലും പണയം വെക്കില്ല. ഇതിന്റെ ഭാഗമായി കോടതി അനുവദി ഉണ്ടായിട്ടും എന്റെ പാസ്‌പോര്‍ട്ട് തലശ്ശേരി ലോക്കല്‍ സമ്മേളനത്തില്‍ ഗ്രൂപ്പ് കളിച്ചവര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് സ്റ്റേഷനില്‍ തടഞ്ഞ് വെച്ച് മാനസികമായി തകര്‍ക്കമെന്ന് വ്യമോഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചെറുപ്രായത്തിലെ എന്നെ അറിയുന്നതല്ലേ. ഒന്നുമല്ലങ്കില്‍ നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചര്‍ അല്ലെ. എന്തിന് എനിക്ക് നീതി നിഷേധിക്കുന്നു. സമൂഹിക നീതി സമഗ്ര വികസനം മാര്‍ച്ച് നടത്തിയതല്ലെ? നിലപാടില്‍ ഉറച്ച് നില്‍ക്കും. ആസഹിഷ്ണുത നല്ലതല്ല’.

 

This post was last modified on November 21, 2017 4:34 pm