X

പ്രകാശ് രാജിനെ പ്രതിയാക്കി ആരോപണം, ഗൂണ്ട ഗ്യാങ്ങിനെ സമീപിച്ചാല്‍ മതിയായിരുന്നുവെന്ന് പരിഹാസം; ആഷിഖിനുള്ള ഫെഫ്കയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ ഗുരുതരാക്ഷേപങ്ങള്‍

ഫെഫ്കയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി സംഭാവന കൊടുത്ത പണം തിരികെ വാങ്ങി

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരേ സംവിധായകന്‍ ആഷിഖ് അബു സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്ന പ്രതിഷേധങ്ങളില്‍, ആഷിഖിനെതിരേ ചോദ്യങ്ങളുമായി സംഘടനയും. ആഷിഖ് അബുവിന്റെ ആരോപണങ്ങളില്‍ ഫെഫ്ക ഡയറക്ടര്‍ യൂണിയന് പറയാനുള്ള കാര്യങ്ങളായി പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും പേരുവച്ച് എഴുതിയ കത്തിനൊപ്പം ഫെഫ്ക ആഷിഖിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസും പരസ്യമാക്കി കൊണ്ടാണ് സംഘടന സംവിധായകന്റെ ആരോപണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

കാണിക്കല്‍ നോട്ടീസില്‍ ആഷിഖിന്റെ ചില മുന്‍കാല പ്രവര്‍ത്തികള്‍ എന്നരീതിയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ കൂടിയാണ്. കൂടാതെ സംഘടന പലഘട്ടത്തിലും ആഷിഖിനെ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് ആഷിഖ് ഇപ്പോള്‍ തങ്ങള്‍ക്കെതിരേ ആക്ഷേപങ്ങളുന്നയിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആഷിന്റെ സത്യസന്ധതയും ധാര്‍മികതയും പൊതുസമൂഹത്തിന് ബോധ്യപ്പെടുവാനാണ് പല കാര്യങ്ങളും തുറന്നു പറയുന്നതെന്നും ഫെഫ്ക ഭാരവാഹികള്‍ ചൂണ്ടാക്കാണിക്കുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ഇതരഭാഷ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് അര്‍ഹത പെട്ട പണം വാങ്ങി നല്‍കുകയും ചെയ്ത സംഘടനയാണ് ഫെഫ്കയെന്നും എന്നാല്‍, ഇത്തരമൊരു സഹായം ഫെഫ്കയ ചെയ്തു തന്നിട്ടും ഫെഫ്കയിലെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലേക്ക് രശീതി മുഖേന നല്‍കുന്ന സംഭാവനയെന്ന പേരില്‍ ആദ്യം ഒരു ചെക്ക് നല്‍കുകയും പിന്നീടതിന്റെ പേരില്‍ കലഹം ഉണ്ടാക്കുകയും ഒടുവില്‍ തന്ന പണം തിരികെ വാങ്ങുകയും ചെയ്തയാളാണ് ആഷിഖ് അബുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

ഈ സംഭവങ്ങള്‍ക്കുശേഷവും സംഘടനയോട് ഒരുതരത്തിലുമുള്ള വിയോജിപ്പുമില്ലെന്ന തരത്തില്‍ രണ്ടുവര്‍ഷക്കാലം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ എക്‌സിക്യൂട്ടീവ് കമ്മിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആഷിഖ് പില്‍ക്കാലത്ത് പറയുന്നത് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണെന്നും സംഘടന ആരോപിക്കുന്നു.

നടന്‍ പ്രകാശ് രാജിനെതിരേ വസ്തുതാവിരുദ്ധമായ ആരോപണം ആഷിഖിന്റെ ഭാഗത്തുനിന്നുണ്ടായില്ലെ എന്നും സംഘടന ചോദിക്കുന്നുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ അന്യഭാഷ അവകാശം വാങ്ങിയ പ്രകാശ് രാജ് കാശ് തരാതെ തന്ത്രപരമായി പറ്റിച്ചെന്നും ഫെഫ്ക ഇടപെട്ട് പ്രശ്‌നം തീര്‍ത്ത വകയില്‍ 20 ശതമാനത്തോളം രൂപ കമ്മിഷനായി വാങ്ങിയെന്നുമുള്ള ആഷിഖിന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പറയുന്നത്. മാത്രമല്ല, ഗൂണ്ടാ ഗ്യാങ്ങിന് കൊടുത്തിരുന്നെങ്കില്‍ രണ്ട് ശതമാനം മാത്രം കമ്മിഷന്‍ കൊടുത്താല്‍ മതിയായിരുന്നുവെന്ന തരത്തില്‍, ഈ വിഷയത്തില്‍ ഫെഫ്കയുടെ ഇടപെടലിനെ പരിഹസിച്ചുകൊണ്ട് ആഷിഖ് സംസാരിച്ചുവെന്നും യൂണിയന്‍ പറയുന്നു.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ പകര്‍പ്പവകാശ തര്‍ക്കത്തില്‍ പ്രകാശ് രാജ് ആയിരുന്നില്ല പ്രതിസ്ഥാനത്ത്, ആഷിഖ് തന്ന പരാതിയിലും പ്രകാശ് രാജിന്റെ പേര് പറയുന്നില്ല- ഫെഫ്ക ഇടപെട്ട് പണം വാങ്ങി തന്നതും പ്രകാശ് രാജില്‍ നിന്നല്ല, നിര്‍മാതാവില്‍ നിന്നാണ്, എന്നിട്ടും ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവാസ്തവമായ കാര്യങ്ങളാണ് അതില്‍ തിരുകി കയറ്റിയില്ലേയെന്നും ഫെഫ്ക ആഷിഖിനെതിരേ ചോദ്യം ഉയര്‍ത്തുന്നു. സംഘടനയെ ബലിയാടാക്കി കൊണ്ടുള്ള ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ എന്തിനുവേണ്ടിയാണെന്ന് തങ്ങള്‍ക്കു മനസിലാകുന്നില്ലെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ആഷിഖിനോട് ചോദിക്കുന്നു.

ആഷിഖ് അബു സ്വയം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സംവിധാകന് വിശദീകരണം ചോദിച്ചു കൊണ്ട് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.