X

രാജ്യത്ത് അഹിന്ദുവെന്നത്‌ ദേശദ്രോഹിയെ വിശേഷിപ്പിക്കാനുള്ള പദമാക്കി പരിവർത്തനംചെയ്യാനുള്ള പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു: ഡോ കെ എൻ പണിക്കർ

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി സൃഷ്ടിക്കുന്നതിന്റെ ആദ്യ വഴികളാണ്‌ ഇന്ന്‌ ആവിഷ‌്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌.

രാജ്യത്ത് അഹിന്ദുവെന്നത്‌ ദേശദ്രോഹിയെ വിശേഷിപ്പിക്കാനുള്ള പദമാക്കി പരിവർത്തനംചെയ്യാനുള്ള പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ പറഞ്ഞു. കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഭൂരിപക്ഷ മതവിശ്വാസികളെ മതവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നടന്നുകൊണ്ടിരിക്കുന്നു. മതവിദ്വേഷത്തിന്റെയും അസഹിഷ‌്ണുതയുടെയും വ്യവഹാരങ്ങൾ സാമൂഹ്യമനസ്സിനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്‌. ഈ പ്രക്രിയയെ തടയുകയല്ല, മറിച്ച്‌ പ്രോത്സാഹിപ്പിക്കുകയാണ‌് ഭാരതീയ ജനതാ പാർടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ചെയ്യുന്നത്‌.

“മതസൗഹാർദത്തിന്‌ ഏറ്റവും വലിയ പ്രഹരമായി ഡിസംബർ ആറ‌് വിശേഷിപ്പിക്കാമെങ്കിലും അതിന്റെ സ്വാധീനം ദൂരവ്യാപകമായിരുന്നുവെന്ന‌് ഇന്ന്‌ തിരിച്ചറിയാൻ കഴിയും. ഒരു മതസമുദായത്തെ ആകെ വർഗീയവൽക്കരിക്കുന്നതിന്‌ പ്രാപ്‌തമായ ഒരു പ്രതീകമായി അതുമാറി. വർഷങ്ങൾക്കുശേഷം അയോധ്യ വീണ്ടും ജനമധ്യത്തിലെത്തിയിരിക്കുന്നു. ക്ഷേത്രനിർമാണമല്ല ലക്ഷ്യം, ക്ഷേത്രത്തിന്റെ രാഷ്ട്രീയമൂല്യമാണ്‌ തേടിക്കൊണ്ടിരിക്കുന്നത‌്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി സൃഷ്ടിക്കുന്നതിന്റെ ആദ്യ വഴികളാണ്‌ ഇന്ന്‌ ആവിഷ‌്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌.” ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കെ എൻ പണിക്കർ പറഞ്ഞു.

ഇന്ത്യയുടെ ഭൂതകാലത്തിന്റെ സ്വഭാവമെന്നത്‌ സമുദായ മൈത്രിയോ സമുദായ സൗഹാർദമോ അല്ല സമുദായ സ്‌പർധയും സമുദായ ശത്രുതയുമാണ്‌ എന്നത്‌ വികലമായ ചരിത്രബോധത്തിന്റെ സൃഷ്ടിയാണ്‌. ഈ കാഴ്‌ചപ്പാടിന്റെ പ്രണേതാവ്‌ ഹിന്ദുവർഗീയതയുടെ താത്വികനായ വിനായക്‌ ദാമോദർ സവർക്കർതന്നെ. സവർക്കറെ പിന്തുടർന്നുകൊണ്ട്‌ ആർഎസ്‌എസിന്റെ ആചാര്യന്മാർ ഹിന്ദുക്കളും അഹിന്ദുക്കളും തമ്മിലുള്ള ബന്ധത്തെ ശത്രുതാ സ്വഭാവമുള്ളതായി ചിത്രീകരിച്ച്‌, സമുദായങ്ങൾ തമ്മിൽ നിലനിന്ന കൊള്ളകൊടുക്കലുകളെയും സാംസ്‌കാരികവിനിമയത്തെയും കാണാപ്പുറത്ത്‌ നിർത്തി ഇന്ത്യൻ സാംസ്‌കാരിക രൂപീകരണത്തിന്‌ മതാധിഷ്‌ഠിതമായ വിശദീകരണം നൽകി. ഈ ആശയങ്ങൾക്ക്‌ സാധുതയും സ്വീകാര്യതയും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ വരാൻപോകുന്ന തെരഞ്ഞെടുപ്പിന്റെ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ടതാണ്‌.

അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന രാഷ്ട്രീയ പ്രമേയം ഏത്‌ കക്ഷിയാണ്‌ അധികാരത്തിൽ വരിക എന്നതല്ല, ഏത്‌ രാഷ്ട്രീയ സംഹിതയ‌്ക്കാണ്‌ മേൽക്കൈ ലഭിക്കുക എന്നതാണ്‌. മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പ്‌ അപകടത്തിലാകുമോ എന്നതാണ്. മതസൗഹാർദത്തിന്‌ ഏറ്റവും വലിയ ആഘാതമേറ്റ കരിദിനത്തിന്റെ വാർഷികവേളയിൽ ഈ പ്രശ്‌നം ഉന്നയിക്കാൻ പ്രസക്തമായ സന്ദർഭമാണ്‌.

അക്‌ലാഖ് വധം: ആട്ടിറച്ചി മാറ്റി പശുവിറച്ചി വെക്കാൻ അഖിലേഷ് യാദവ് നിർബന്ധിച്ചു; കൊല്ലപ്പെട്ട ഇൻസ്പെക്ടർ നടത്തിയ വെളിപ്പെടുത്തല്‍ പുറത്ത്

ഹേമന്ത് കർക്കരെ, ലോയ, ഇപ്പോള്‍ ഇൻസ്‌പെക്ടർ സുബോധ്‌കുമാര്‍; ഈ മരണങ്ങള്‍ നാം മറക്കരുത്

ഈ മനുഷ്യരുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും നീതിയുടെ ഗന്ധമുണ്ട്; അവര്‍ നമുക്ക് വേണ്ടി കഴുവേറുന്നവരാണ്