X

ഞാനല്ല ഇവിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നത്: പ്രിയനന്ദനന്‍

കുട്ടിക്കാലത്ത് ഈ ശബരിമലകാലം എന്നുപറയുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു.കാരണം അതില്‍ ഒരു കൂട്ടായ്മ ഉണ്ടാകുമായിരുന്നു

ശബരിമല വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയനന്ദനനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ രജിസ്റ്റര്‍ചെയ്ത ക്രിമിനല്‍ കേസിനെക്കുറിച്ച് തന്റെ അഭിപ്രായം സംവിധായകന്‍ പ്രിയനന്ദനന്‍ അഴിമുഖവുമായി പങ്കുവെക്കുന്നു.

‘മതസ്പര്‍ധ വളര്‍ത്താന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. നിലനില്‍ക്കുന്ന ഐതിഹ്യത്തിന്റെ പേരില്‍ ഉള്ള അഭിപ്രായം മറ്റുള്ളവരെ വേദനിപ്പിച്ചു എന്നറിഞ്ഞത് കൊണ്ടാണ് ഞാനാ പോസ്റ്റ് ഒഴിവാക്കിയത്. എന്നു കരുതി എനിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമില്ല എന്ന് പറയാന്‍ പാടില്ല. നിങ്ങള്‍ക്ക് നിങ്ങള്‍ വിശ്വസിക്കുന്നത് പോലെ തന്നെ എനിക്ക് വിശ്വസിക്കാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യവുമുണ്ട്. നിരുപാധികം പിന്‍വലിച്ച ആ പോസ്റ്റിന്റെ പേരില്‍ ബോധപൂര്‍വം എനിക്ക് മറ്റുള്ളവരെ വേദനിപ്പിക്കണം എന്ന് യാതൊരു ആഗ്രഹവുമില്ല. തീര്‍ച്ചയായും ഞാന്‍ ഇന്ത്യയുടെ കള്‍ച്ചറിനെ വിശ്വസിക്കുന്ന ഒരാളാണ്. പലരീതിയിലുള്ള ആരാധനകള്‍ ഇവിടെയുണ്ട്. അവരുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ ഒന്നും തടസ്സം നില്‍ക്കാനോ, എതിരിടാനോ ഒന്നുംതന്നെ ഞാന്‍ പോകുന്നില്ല. ഞാനും പലപ്പോഴും പല ക്ഷേത്രങ്ങളിലും പോകുന്ന വ്യക്തി തന്നെയാണ്. കാരണം അത് പ്രകൃതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്. അവിടുത്തെ പ്രകൃതിയും ശാന്തതയും ഒക്കെയാണ് നമ്മളെ ആകര്‍ഷിക്കുന്നത്. അല്ലാതെ അവിടെ ഒരു മൈക്ക് സെറ്റ് വയ്ക്കുന്നതിനോട് പോലും നമുക്ക് യോജിപ്പില്ല. അപ്പൊ പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍ അത്തരം ഒരു വിഷയത്തെ മുന്നില്‍ നിര്‍ത്തി വേറൊരു തലത്തില്‍ ഭിന്നിപ്പിക്കാനോ, അവരെ വേദനിപ്പിക്കാനോ ഒന്നിനും തന്നെ ഞാന്‍ തയ്യാറല്ല. ശ്രീനാരായണഗുരു ഈഴവശിവനെ പോലും പ്രതിഷ്ഠിച്ചു നല്‍കിയത് എന്തിനാണ്? അവരവര്‍ക്ക് സമാധാനം ശാന്തി കിട്ടുന്ന കാര്യങ്ങള്‍ മനുഷ്യര്‍ കണ്ടെത്തട്ടെ എന്നതാണത് കൊണ്ടര്‍ത്ഥമാക്കുന്നത്. അത് തന്നെയാണ് ആത്യന്തികമായി അതിന്റെ ലക്ഷ്യവും. പിന്നെ എന്റെ കുട്ടിക്കാലത്ത് ഈ ശബരിമലകാലം എന്നുപറയുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു.കാരണം അതില്‍ ഒരു കൂട്ടായ്മ ഉണ്ടാകുമായിരുന്നു. ശരണം വിളിച്ചു വരുന്നവര്‍ പോലും താമസിക്കുന്നത് പുറത്ത് ഓലയൊക്കെ കെട്ടിയാണ്. ഒരു സംഘബോധം തന്നെ അവിടെയുണ്ട്. അത്തരം സംഘ ബോധങ്ങള്‍ക്ക് ഒന്നും ഞാന്‍ ഒരിക്കലും എതിരേയല്ല.പിന്നെ കേസ് വരികയാണെങ്കില്‍ വരട്ടെ. അതിന്റെ പുറത്താണെങ്കിലും എനിക്കെന്റെ നിലപാട് അറിയിക്കാമല്ലോ. പിന്നെ ഈ പറയുന്ന മതസ്പര്‍ദ്ധ ഒന്നും ഞാന്‍ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല ഇവിടെ. അതൊന്നും എന്റെ വിഷയമേയല്ല. ഞാന്‍ എല്ലാ മതത്തില്‍ പെട്ടവരെയും ബഹുമാനിക്കുന്ന ആള്‍ തന്നെയാണ്. പണ്ടൊക്കെ ഞങ്ങളുടെ ഇവിടുത്തെ ഭരണകമ്മിറ്റിയില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. പള്ളി പെരുന്നാളിന് എല്ലാ വിഭാഗത്തില്‍പ്പെട്ടവരും കുടയും പിടിച്ച് ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു. ആ സഹവര്‍ത്തിത്വം ഒക്കെ തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. വാസ്തവത്തില്‍ ഞാന്‍ അല്ല ഇവിടെ മതസ്പര്‍ദ്ദ വളര്‍ത്തുന്നത്. അല്ലെങ്കിലും ആരും മതം വെച്ച് ആളുകളെ തമ്മിലടിപ്പിക്കാനോ വിശ്വാസത്തെ വോട്ട് ആക്കാന്‍ ഒന്നും നോക്കരുത്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട് ഇവിടെ. രാഷ്ട്രീയപ്രേരിതം ആകുമ്പോഴാണ് ഇതൊക്കെയും കുഴപ്പങ്ങള്‍ ആകുന്നത്.

This post was last modified on February 18, 2019 9:21 am