ലൈംഗികാക്രമണ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരികെ എടുക്കാനുള്ള എഎംഎംഎയുടെ തീരുമാനത്തെ വിമര്‍ശിച്ച് കന്നഡ സിനിമ ലോകം. പ്രകാശ് രാജ്, കവിത ലങ്കേഷ്, രക്ഷിത് ഷെട്ട്, മേഘ്‌ന രാജ് തുടങ്ങി കന്നഡ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമ്പതു പേര്‍ ഒപ്പിട്ടു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് എഎംഎംഎയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി(കെഎഫ്‌ഐ)യുടെയും ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാലിറ്റി(എഫ് ഐ ആര്‍ ഇ)യുടെയും അംഗങ്ങളാണ് ഈ പ്രസ്താവനയില്‍ പങ്കാളികളായിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എഎംഎംഎ റദ്ദ് ചെയ്യണമെന്നാണ് കന്നഡ സിനിമാലോകം ആവശ്യപ്പെട്ടിരിക്കുന്നത്.
എഎംഎംഎ പോലെ, അഭിമാനനകരമായ ചരിത്രമുള്ള സംഘടനയില്‍ നിന്നും ലൈംഗിക അതിക്രമത്തില്‍ പ്രധാന കുറ്റാരോപിതനായി ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 17 അനുസരിച്ച് കേസ് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ള നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത് ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവും ആണെന്നാണ് കന്നഡ സിനിമാലോകം പ്രതികരിച്ചിരിക്കുന്നത്.
കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്ന ഭരണഘടന സങ്കല്‍പ്പത്തില്‍ തങ്ങളും വിശ്വസിക്കുന്നുവെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി എഎംഎംഎയിലെ തന്നെ അംഗവും കുറ്റാരോപിതന്‍ ഇതുവരെ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ നിന്നും മോചിതനാകാത്തിനാലും തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അനുചിതമാണെന്നും സിനിമപ്രവര്‍ത്തകര്‍ പറയുന്നു.
സ്ത്രീ സുരക്ഷയും ലിംഗ സമത്വവും ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന് ഇക്കാര്യങ്ങളില്‍ ഗുണകരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം നമ്മുടെ സിനിമ മേഖലകള്‍ക്കും ഉണ്ടെന്ന് എഎംഎംഎയെ ഓര്‍മിപ്പിക്കുന്നുണ്ട്.
This post was last modified on July 1, 2018 5:48 pm
Leave a Comment