X

12 വയസിലിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 19കാരനായ കാശ്മീരി വിദ്യാര്‍ത്ഥി ജയിലില്‍; അഭിഭാഷകര്‍ ഹാജരാകുന്നില്ല

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ റസൂലിനെതിരെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2012ല്‍ 12 വയസുള്ളപ്പോള്‍ പാകിസ്താന്‍ പതാക ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കിയ നിലവില്‍ 19കാരനായ കാശ്മീരി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിദ്യാര്‍ത്ഥിക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാകാന്‍ തയ്യാറാകുന്നില്ല. ഹിമാചല്‍പ്രദേശിലെ സൊളാനിലുള്ള വൈഎസ് പാര്‍മര്‍ യൂണിവേഴ്‌സിറ്റിയില്‍ ഫോറസ്ട്രി ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ വിദ്യാര്‍ത്ഥിയായ റസൂലിനെയാണ് ഫെബ്രുവരി 17ന് ഹിമാചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ റസൂലിനെതിരെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദേശവിരുദ്ധ, പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഐപിസി സെക്ഷന്‍ 153 പ്രകാരം കലാപത്തിന് പ്രേരണ നല്‍കുന്നതടക്കമുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത് എന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂലിന് ജാമ്യത്തിനായി കുടുംബം കോടതിയെ സമീപിച്ചപ്പോള്‍ ജില്ലാ കോടതിയിലെ അഭിഭാഷകര്‍ തടഞ്ഞു. ഒരു അഭിഭാഷകനേയും റസൂലിന് വേണ്ടി ഹാജരാകാന്‍ ഇവര്‍ അനുവദിക്കുന്നില്ല എന്ന് കുടുംബം പരാതിപ്പെടുന്നു. പൊലീസും സര്‍വകലാശാല അധികൃതരും ഈ വിവരം സ്ഥിരീകരിച്ചു. ഫെബ്രുവരി 17 മുതല്‍ ജയിലിലുള്ള റസൂലിന് 27ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ കോടതിയെ വീണ്ടും സമീപിക്കാനാണ് ആവശ്യപ്പെട്ടത്. മാര്‍ച്ച് ഒന്നിന് സൊളാന്‍ ജില്ലാ കോടതി ജാമ്യം നല്‍കി. അതേസമയം റസൂലിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്.

ഇതേ യൂണിവേഴ്‌സിറ്റിയിലെ 21കാരനായ എം എസ് സി വിദ്യാര്‍ത്ഥി പിയര്‍സാദ തബീഷ് ഫയാസിനെ അറസ്റ്റ് ചെയ്തത് 2011നും 2014നുമിടയ്ക്കുള്ള പോസ്റ്റുകളുടെ പേരിലാണ്. കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡെറാഡൂണിലും ഹരിയാനയിലുമടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ അക്രമം നടത്തുന്നതിന് ഇടയിലാണ് ഹിമാചല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഇവര്‍ക്കെതിരായ നടപടി.

വായനയ്ക്ക്: https://www.huffingtonpost.in/entry/a-kashmiri-student-was-jailed-for-10-days-for-facebook-post-he-wrote-as-12-year-old_in_5c792c4be4b033abd14ae04e?utm_hp_ref=in-homepage