X

കാപ്പിപ്പൊടി ഇനിമുതല്‍ മലബാര്‍ എന്ന് അറിയപ്പെടും

വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്കായി വരുമാനം ഇരട്ടിയാക്കുന്ന പ്രത്യേക പദ്ധതിയാണ് പ്രഖ്യാപിച്ചത്

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന ബജറ്റ്. കാര്‍ഷികമേഖലയെ പുനരുദ്ധരിക്കാന്‍ 2500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യപിച്ച ബജറ്റില്‍ വയനാടിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

കാര്‍ഷിക മേലയ്ക്ക് പുതു ഉണര്‍വ് നല്‍കുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2500 കോടി രൂപ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷികമേഖലയെ പുനരുദ്ധരിക്കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പദ്ധതിനടപ്പാക്കുമെന്നും വ്യക്തമാക്കി. കായല്‍ മത്സ്യകൃഷിക്ക് 5 കോടി. കുട്ടനാട് പുനര്‍നിര്‍മാണം പ്രളയത്തെ നേരിടാന്‍ തരത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ്നടപ്പാക്കുക. താറാവ് ബ്രീഡിങ്ങിന് 16 കോടി. തോട്ടപ്പള്ളി സ്പില്‍വേയുടെ ആഴം വര്‍ധിപ്പിക്കും.

നാളികേരത്തിന് പ്രത്യേക പദ്ധതി പ്രകാരം 20 കോടി രൂപ വിലയിരുത്തി. 10 ലക്ഷം തെങ്ങിന്‍ തൈകള്‍ വര്‍ഷം തോറും നട്ടുപിടിപ്പിക്കും. കേരഗ്രാമം പദ്ധതിക്കായി 43 കോടി രൂപ വിലയിരുത്തി. കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോണ്‍. റബ്ബര്‍ താങ്ങുവില 500 കോടി രൂപ എന്നിവയും പ്രഖ്യാപിച്ചു. നെല്‍കൃഷിക്കും ബജറ്റില്‍ പിന്തുണയുണ്ട്. 20 കോടി ചെലവില്‍ മൂന്ന് റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കും. പാര്‍ക്കുകള്‍ വരുമ്പോള്‍ നെല്ലിന്റെ താങ്ങുവില വര്‍ധിക്കും.

മലബാര്‍ ബ്രാന്റ് കാപ്പിപ്പൊടിയാണ് ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. ബജറ്റില്‍ വയനാടിന് പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതിയാണ് പ്രഖ്യാപിച്ചത്. വരുമാനം ഇരട്ടിയാക്കും. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില ലഭിക്കും. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കി പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. കര്‍ഷകര്‍ക്ക് മികച്ച താങ്ങുവില ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

This post was last modified on January 31, 2019 11:21 am