X

മീനാക്ഷിയുടെ ചിത്രം വച്ചും സഹതാപ ക്യാമ്പയിന്‍; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ദിലീപ് പുറത്തു വരുന്നതുവരെ ജയിലില്‍ അദ്ദേഹത്തിനു കിട്ടുന്ന ഭക്ഷണം തന്നെ കഴിച്ചും നിലത്ത് പായ വിരിച്ചു കിടന്നും താനും കുടുംബവും അദ്ദേഹത്തിനുള്ള പിന്തുണ പ്രകടിപ്പിക്കുമെന്നും കൂട്ടിക്കല്‍ പ്രഖ്യാപിച്ചിരുന്നു

ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പേര് ഉപയോഗിച്ച് നടനു പിന്തുണയര്‍പ്പിക്കാനുള്ള നടനും മിമിക്രിതാരവുമായി കൂട്ടിക്കല്‍ ജയചന്ദ്രന്റെ ശ്രമത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം. മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോയില്‍ ‘ഇത് മീനാക്ഷി ദിലീപ്… ഇതും ഒരു പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം എന്ന കുറിപ്പോടെയാണ് ദിലീപിനു ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ജയചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു ചിലര്‍ പിന്തുണയേകിയെങ്കിലും ബഹുഭൂരിപക്ഷത്തിന്റെയും വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മീനാക്ഷിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നാണ് എല്ലാവരും ജയചന്ദ്രനെ കുറ്റപ്പെടുത്തുന്നത്. അതിലേറെ പേര്‍ വിമര്‍ശിക്കുന്നത് ജയചന്ദ്രന്റെ കുറിപ്പാണ്. താന്‍ മീനാക്ഷിക്കൊപ്പം എന്നു പറയുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം ജയചന്ദ്രന്‍ നില്‍ക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നതെന്നായിരുന്നു വിമര്‍ശനം.

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു തിരിച്ചിറങ്ങുമ്പോള്‍ ചാനല്‍ കാമറകള്‍ മീനാക്ഷിയെ പകര്‍ത്തിയെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരെയാകമാനം വിമര്‍ശിച്ചു പലരും രംഗത്തു വന്നിരുന്നു. ദിലീപിന്റെ മകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്നും മീനാക്ഷിയെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്നു എന്നൊക്കെയുള്ള ആരോപണങ്ങളായിരുന്നു മാധ്യമങ്ങള്‍ക്കു നേരെ ഉയര്‍ന്നത്. എന്നാല്‍ അതിനെക്കാള്‍ വലിയ തെറ്റാണ് ജയചന്ദ്രന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജയചന്ദ്രന്‍ മനഃപൂര്‍വം മീനാക്ഷിക്കും ‘ഇര’ പരിവേഷം ചമയ്ക്കുകയാണെന്നും ദിലീപിനനുകൂലമായ സഹതാപ തരംഗം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ മകളെയും ഉപയോഗിക്കുകയാണെന്നും ജയചന്ദ്രനെതിരേ ആക്ഷേപം ഉയര്‍ത്തുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ദിലീപിന്റെ മകളെ ചേര്‍ത്ത് പരസ്യമായൊരു പരാമര്‍ശത്തിന് ഒരാള്‍ മുതിരുന്നതെന്നും ജയചന്ദ്രനെ പലരും ഓര്‍മപ്പെടുത്തുന്നു.

തെറ്റു ചെയ്തയാള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എല്ലാവരും പറയുന്നതെന്നും അയാളുടെ കുടുംബത്തെ അതിന്റെ പേരില്‍ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ ജയചന്ദ്രന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് ദിലീപിന്റെ കുടുംബത്തെ ബോധപൂര്‍വം ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. ആക്രമിക്കപ്പെട്ട നടിയെ ഇര എന്നു സംബോധന ചെയ്യുന്നത് ശരിയല്ലെന്നും സ്വന്തം കുടുംബത്തിലെ ഒരാള്‍ക്കാണ് ഇങ്ങനെ വരുന്നതെങ്കില്‍ ഇരയെന്നു വിളിക്കുമോ എന്നു ചോദിച്ച ജയചന്ദ്രന്‍ ഇപ്പോള്‍ പരോക്ഷമായി മിനീക്ഷിയെ ഇരയാക്കി പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയല്ലേ ചെയ്യുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. മീനാക്ഷിക്കൊപ്പം എന്ന പ്രയോഗം യഥാര്‍ത്ഥ ഇരയായ പെണ്‍കുട്ടിയെ അപമാനിക്കലും അവരെ ഒറ്റപ്പെടുത്തുന്നതിനു തുല്യമാണെന്നും ജയചന്ദ്രനെ ഓര്‍മിപ്പിക്കുന്നു. ദിലീപിനെ സംരക്ഷിച്ചും അനുകൂലിച്ചും പറയുന്ന ജയചന്ദ്രനെ പോലുള്ളവര്‍ എട്ടുമാസം കഴിഞ്ഞിട്ടും ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ അനുകൂലിച്ചോ പിന്തുണച്ചോ ഒരു വരിപോലും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി എത്തിയ സിനിമാക്കാരില്‍ ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണു നടനും മിമിക്രി താരവുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജയചന്ദ്രനെ പല സിനിമകളില്‍ നിന്നും ദിലീപ് പറഞ്ഞിട്ട് ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഈ വിഷയത്തില്‍ തനിക്കുള്ള വിശദീകരണവുമായി വന്നപ്പോഴാണ് ജയചന്ദ്രന്‍ ആദ്യമായി തനിക്ക് നടനോടുള്ള പിന്തുണ പ്രഖ്യാപിച്ചത്. ദിലീപ് മൂലം തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നു സമ്മതിക്കുന്ന ജയചന്ദ്രന്‍ പിന്നീട് ഇതേ കാര്യം താന്‍ ദിലീപിനോട് നേരിട്ട് ചോദിച്ചെന്നും അതിനുശേഷം തന്നെ ഏറെ സഹായിക്കുകയും സഹോദരനെ പോലെ നോക്കുകയും ചെയ്യുന്ന ഒരാളായി മാറി ദിലീപെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ദിലീപ് ഒരിക്കലും ഇത്തരമൊരു തെറ്റ് ചെയ്യിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ചിലര്‍ക്കൊക്കെ അദ്ദേഹം ജയിലില്‍ കിടക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ദിലീപ് പുറത്തു വരുന്നതുവരെ ജയിലില്‍ അദ്ദേഹത്തിനു കിട്ടുന്ന ഭക്ഷണം തന്നെ കഴിച്ചും നിലത്ത് പായ വിരിച്ചു കിടന്നും താനും കുടുംബവും അദ്ദേഹത്തിനുള്ള പിന്തുണയും സ്‌നേഹവും പ്രകടിപ്പിക്കുമെന്നും ജയചന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.