X

പ്രളയത്തില്‍ നിന്നും ആറന്മുളയെ രക്ഷിച്ചത് കുമ്മനം രാജശേഖരന്‍; സുഗത കുമാരി

കുമ്മനത്തിന് ആറന്മുളയിലെ ജനങ്ങളുടെയും ആറന്മുളയപ്പന്റെയും അനുഗ്രഹം ഉണ്ടാകുമെന്നും സുഗത കുമാരി

പ്രളയത്തില്‍ ആറന്മുള ഒലിച്ചു പോകാതിരുന്നതിന് കാരണം കുമ്മനം രാജശേഖരന്‍ ആണെന്ന് കവിയത്രി സുഗത കുമാരി. ചികിത്സ കഴിഞ്ഞ വിശ്രമത്തിലിരിക്കുന്ന സുഗത കുമാരിയെ വീട്ടിലെത്തി കണ്ടപ്പോഴായിരുന്നു കുമ്മനത്തെ ഇത്തരത്തില്‍ അവര്‍ പുകഴ്ത്തിയത്. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്മമുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് ഒലിച്ചു പോകുമായിരുന്നുവെന്നും നൂറു കണക്കിന് ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാഞ്ഞത് കുമ്മനത്തിന്റെ പോരാട്ടവീര്യം കൊണ്ടാണെന്നുമാണ് സുഗത കുമാരി പറയുന്നത്. ആറന്മുള ഗ്രാമവാസികളുടെയും ആറന്മുളയപ്പന്റെയും അനുഗ്രഹം കുമ്മനം രാജശേഖരന് ഉണ്ടാകുമെന്നും സുഗത കുമാരി പറഞ്ഞു.

സുഗത കുമാരിയെ സന്ദര്‍ശിച്ച വിവരം കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. അക്ഷരമാതാവിന്റെ അനുഗ്രഹം തേടി എന്നു പറഞ്ഞാണ് സന്ദര്‍ശനത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ആറന്മുളയപ്പന്റെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാകുമെന്ന ടീച്ചറുടെ വാക്കുകള്‍ ഏറെ പ്രചോദനം നല്‍ക്കുന്നുവെന്നാണ് കുമ്മനം പറയുന്നത്. സുഗത കുമാരിയുടെ അനുഗ്രഹം ആറന്മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.

സംസ്ഥാന ബിജെപി അധ്യക്ഷ പദവിയില്‍ നിന്നും മിസോറം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തില്‍ മടങ്ങിയെത്തിയശേഷമാണ് സുഗത കുമാരിയെ സന്ദര്‍ശിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്.