X

തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ നായര്‍ സ്ത്രീകള്‍ റവുക്ക അഴിക്കേണ്ടിവന്നു; ചരിത്രം ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ

സമരത്തിനിറങ്ങിയ 'നായർ സ്ത്രീകൾ' ഇതെല്ലം കേൾക്കുന്നുണ്ടല്ലോ അല്ലെ എന്ന് ചോദിച്ചു കൊണ്ടാണ് മനോരമയില്‍ വന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടന്നെങ്കിലും പന്തളത്തും തിരുവനന്തപുരത്തും ആണ് കൂടുതൽ ആളുകൾ പങ്കെടുത്തത്. പന്തളം രാജകൊട്ടാരമാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ശബരിമലയോട് അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമായതിനാലും ശബരിമലയുടെ മൂലസ്ഥാനമായതിനാലുമാണ് അയ്യപ്പഭക്തര്‍ പന്തളത്തെ പ്രതിഷേധ മുഖരിതമാക്കിയത് എന്ന് സമരാനുകൂലികൾ അവകാശപ്പെടുന്നു.

പന്തളം അയ്യപ്പ സേവാസംഘവും ഹിന്ദു മഹാസഭയും രാജകൊട്ടാരവും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലും, സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും നടന്ന പ്രതിഷേധങ്ങളിലും സ്ത്രീ പ്രാതിനിധ്യം നന്നേ കൂടുതലായിരുന്നു.

എന്തുകൊണ്ട് ലിറ്ററിനു 100 ആകാൻ പോകുന്ന പെട്രോളിനു എതിരെ പോലും ഇത്തരം സമരങ്ങൾ ഉണ്ടാകുന്നില്ല, എന്തുകൊണ്ട് അതിജീവനത്തിന്റെ പോരാട്ടങ്ങളിൽ ഈ സ്ത്രീകളെ കാണുന്നില്ല തുടങ്ങിയ ചോദ്യങ്ങൾ  പന്തളത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോൾ മനോരമ പത്രത്തിലെ പഴയ ഒരു വാർത്തയെ ആസ്പദമാക്കിയാണ് ചർച്ചകൾ കൊഴുക്കുന്നത്.

1905 ഡിസംബർ 23 അതായത് നൂറു വർഷങ്ങൾക്ക് മുൻപുള്ള ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്രകാരമാണ് “കൊച്ചിയിൽ തൃപ്പുണിത്തുറ ക്ഷേത്രത്തിൽ റവുക്ക ധരിച്ചു പോയ ചില നായർ സ്ത്രീകൾ റവുക്കയോട് കൂടി ക്ഷേത്രത്തിനകത്തു കടക്കാൻ പാടില്ലെന്ന് ക്ഷേത്രത്തിലെ അധികാരി പറയുകയും വലിയ തമ്പുരാൻ തിരുമനസ്സ് കൊണ്ട് അധികാരിയുടെ ഈ തീരുമാനം സ്ഥിരപ്പെടുത്തുകയും ചെയ്കയാൽ ഈ സ്ത്രീകൾ റവുക്ക അഴിക്കേണ്ടി വന്നതായും ഇതിനെ പറ്റി സ്ത്രീകളുടെ സംബന്ധക്കാർ ഹരജികൾ ആയച്ചിട്ടുള്ളതായും മറ്റും കേട്ട കേൾവി വാസ്തവമാണെന്നറിയുന്നു”.

‘സമരത്തിനിറങ്ങിയ ‘നായർ സ്ത്രീകൾ’ ഇതെല്ലം കേൾക്കുന്നുണ്ടല്ലോ അല്ലെ’ എന്ന് ചോദിച്ചു കൊണ്ടാണ് മനോരമയില്‍ വന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

കുറച്ച് ‘അഴിഞ്ഞാട്ടക്കാരികള്‍’ ഉണ്ടായതുകൊണ്ടാണ് ഇപ്പോള്‍ മാറ് മറച്ചു നടക്കുന്നതെന്ന് മറക്കരുത്

This post was last modified on October 5, 2018 11:30 pm