X

പുരുഷന്മാര്‍ അറിയണം ഓരോ പെണ്ണും ഇത്തരത്തില്‍ നിരന്തരം മുറിപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്ന്

#Metoo ഹാഷ് ടാഗ് പ്രചരണം കണ്ട്‌ അതിക്രമം നടത്തിയ ആളെ ചൂണ്ടിക്കാട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവരറിയുന്നുണ്ടോ പത്തുകൈകള്‍കൊണ്ട് വിരല്‍ചൂണ്ടിയാലും തീരുന്നതല്ല ഒരു സ്ത്രീജീവിതത്തിലേയ്ക്ക് കടന്നുകയറുന്നവരുടെ എണ്ണമെന്ന്?

#Metoo ടാഗില്‍ സ്ട്രീം നിറയുന്ന പോസ്റ്റുകള്‍ കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നവരേയും പുച്ഛിക്കുന്നവരേയും ഇത്രയേറെ പേരോ എന്ന് അതിശയിക്കുന്നവരേയും ഇതൊക്കെ ഒരു ട്രെന്റ് എന്ന് നിസ്സാരവല്‍ക്കരിക്കുന്നവരേയും കുറ്റബോധത്തോടെ ആത്മപരിശോധന നടത്തുന്നവരേയും അനുതാപത്തോടെ ചേര്‍ന്നുനിന്നവരേയും കണ്ടു. പോസ്റ്റുകളുടെ ആധിക്യമൊന്നുകൊണ്ടു മാത്രം മനസ്സിലാക്കാവുന്ന കാര്യമല്ലേ ഇരകളെത്രയോ അത്രതന്നെയോ അതിലേറെയോ അക്രമികളുണ്ടെന്നത്. പുരുഷന്മാരേ.. ഇനിയും നിങ്ങളെങ്ങനെ പറയും, അതൊക്കെയും വളരെ ചെറിയ ഒരു വിഭാഗം ചെയ്യുന്നതാണെന്ന്. ”ഞാന്‍ അതില്‍ പെടുന്നില്ല” എന്ന കൈ കഴുകലില്‍ വിശുദ്ധരാകാന്‍ കഴിയാത്തത്രയും കുറ്റവാളികള്‍ നിങ്ങളില്‍പ്പെടുന്നവരാണെന്ന് ഇനിയെങ്കിലും അംഗീകരിച്ചേ മതിയാവൂ.

അതിക്രമം നടത്തിയ ആളെ ചൂണ്ടിക്കാട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവരറിയുന്നുണ്ടോ പത്തുകൈകള്‍കൊണ്ട് വിരല്‍ചൂണ്ടിയാലും തീരുന്നതല്ല ഒരു സ്ത്രീജീവിതത്തിലേയ്ക്ക് കടന്നുകയറുന്നവരുടെ എണ്ണമെന്ന്. വൈകിപ്പോയെന്ന് പരിഹസിക്കുന്നവരറിയുന്നുണ്ടോ നിങ്ങള്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും തുന്നിക്കൂട്ടിയുണക്കിയെടുക്കാനെടുക്കുന്ന കാലത്തിന്റെ ദൈര്‍ഘ്യമെന്തെന്ന്! ഇനിയും ചോരപൊടിയുന്ന മുറിവുകളിലേയ്ക്ക് വീഴുന്ന നോട്ടങ്ങളില്‍ പോലും പലവുരു മരിച്ചുവീഴുന്നവരുണ്ടെന്ന്! ഇല്ലെങ്കില്‍ അറിയണം; നിങ്ങള്‍ കാണുന്ന, ഇടപെടുന്ന ഓരോ പെണ്ണും ഇത്തരം മുറിവുകള്‍ പേറുന്നവരാണെന്നും നിരന്തരം മുറിപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്നും.

ശരീരമെന്തെന്നോ ലൈംഗികത എന്തെന്നോ തിരിച്ചറിവാകുന്നതിനും മുന്‍പ് ഉണ്ടാകുന്ന കടന്നുകയറ്റങ്ങളെ അതിക്രമങ്ങള്‍ ആണെന്നു പോലും മനസ്സിലാകാതെ ഭയന്നുരുകി കടന്നുവന്ന ശൈശവ ബാല്യങ്ങളും, വളര്‍ന്നുവരുന്ന അവയവങ്ങള്‍ തന്നെ തെറ്റുകാരിയാക്കുന്നുവെന്ന് ചൂളുന്ന കൗമാരകാലവും, ഏറ്റിനിറയ്ക്കുന്ന ധൈര്യത്തിനുമപ്പുറത്തേക്ക് നീണ്ടുവരുന്ന കൈകളില്‍ പിടയുന്ന യൗവ്വനവും, ഇനിയും തീര്‍ന്നില്ലേയെന്ന് അന്തിച്ച് പോകുന്ന വാര്‍ദ്ധക്യവും കഴിഞ്ഞ് ജീവനറ്റ ശരീരമാകുമ്പോള്‍ പോലും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുമപ്പുറം തെറ്റുകാരിയെന്ന കുറ്റപ്പെടുത്തല്‍ കൂടി വയ്യാത്തതുകൊണ്ടാണ് ഹാഷ് ടാഗിനൊപ്പം കോപ്പി ചെയ്ത ഒറ്റ വാചകത്തില്‍ മാത്രം അനുഭവങ്ങളെ പലരും ഒതുക്കി നിര്‍ത്തിയത്. അത്രപോലും കഴിയാത്ത ദയനീയ ജന്മങ്ങളെ കൂടി നിങ്ങള്‍ കണക്കിലെടുക്കണം. മുറിവുകള്‍ ഇല്ലാഞ്ഞിട്ടല്ല, അത് തുറന്നുപറയാന്‍ പോലും കഴിയാത്ത വിധം മുറിപ്പെട്ടുപോയതുകൊണ്ടോ, അന്നൊന്ന് ഉറക്കെ നിലവിളിയ്ക്കാന്‍ കഴിയാത്തതിനെ പോലും സ്വന്തം തെറ്റായി കണക്കാക്കുന്നതുകൊണ്ടോ മാത്രം ഇനിയും മൗനം സൂക്ഷിക്കുന്നവരാണവര്‍.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ആ ശരീരത്തിലേക്കിഴഞ്ഞെത്തുന്ന അശ്ലീല നോട്ടങ്ങള്‍ പോലും അതിക്രമമാണെന്നും എതിര്‍ക്കുന്നെങ്കിലും ഇത്തരം കടന്നുകയറ്റങ്ങള്‍ മറുവിഭാഗം രസിക്കുന്നുണ്ടാകുമെന്ന ധാരണ തെറ്റാണെന്നും പുരുഷന്‍ തിരിച്ചറിയാന്‍ തുടങ്ങുന്നിടത്തേ നല്ല മാറ്റങ്ങളുണ്ടാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തിപരമായി പറഞ്ഞാല്‍, ഉപദ്രവിച്ചതിനേക്കാളേറെ സ്‌നേഹിച്ചവരും സൗഹൃദം പങ്കിട്ടവരുമായ പുരുഷന്മാരാണ് എനിക്കറിയാവുന്നവരില്‍ ഏറെയും. അവരില്‍ വിശ്വാസവും പ്രതീക്ഷയും സൂക്ഷിച്ചുകൊണ്ട് പ്രത്യാശിക്കുന്നു, ഓരോരുത്തരും സ്വയം തിരുത്തുമെന്ന്.

(അന്‍ഷ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും)

 

അന്‍ഷ മുനീര്‍

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശി. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു.

More Posts

This post was last modified on October 17, 2017 4:28 pm