X

മുസ്ലിം കര്‍ഷകനെ ഗോരക്ഷകര്‍ വെടിവെച്ചു കൊന്നതായി ബന്ധുക്കള്‍

ഉമ്മര്‍ ഖാനെ വെടിവെച്ചുകൊന്ന ശേഷം മൃതശരീരം ഓടുന്ന ട്രെയിനുമുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഗോവിന്ദ്ഗഡ് റെയില്‍വെ പാളത്തിനരികെ ചിതറി കിടന്ന മൃതശരീരം മുസ്ലിം കര്‍ഷകന്റേതാണെന്നും ഗോരക്ഷകരാണ് കൊലക്കുപിന്നിലെന്നും ബന്ധുക്കുള്‍. ഭരത്പൂരിലെ ഗ്രാമത്തിലേക്ക് നാലു പശുക്കളെ കൊണ്ട് പോകുന്നതിനിടെ ഗോരക്ഷകര്‍ അദ്ദേഹത്തെ വെടിവെച്ചുക്കൊല്ലുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസറ്റര്‍ ചെയ്തു.

35 വയസ്സുകാരന്‍ ഉമ്മര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു. ഇദ്ദേഹം ഗതമിക ഗ്രാമത്തിലെ കര്‍ഷകനാണ്. ഇദ്ദേഹത്തോടൊപ്പം സുഹൃത്തുക്കളായ താഹിര് ഖാന്‍ ജാവേദ് ഖാന്‍ എന്നിവരും ഉണ്ടായിരുന്നു. അല്‍വാറില്‍ നിന്നും വാങ്ങിയ പശുക്കളെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു മൂന്ന് പേരും. ഫെരേഹരിയില്‍ വെച്ച് ഗോരക്ഷകര്‍ ഇവരെ ആക്രമിക്കുകയും ആക്രമത്തിനിടെ ഉമ്മര്‍ഖാനു നേരെ ഗോരക്ഷകര്‍ വെടിവെയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഉമ്മര്‍ഖാന്റെ മൃതദേഹം ഗോരക്ഷകര്‍ റെയില്‍വെപാളത്തിലേക്ക് വലിച്ചെറിയുകായായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട താഹിര്‍ ഖാന്‍ ജാവേദ് ഖാന്‍ എന്നിവര ഫെറോസ്പൂരിലെ സ്വകാര്യആശപത്രിയില്‍ ചികില്‍സ തേടിയെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അജ്ഞാതരായ കൊലപാതകികള്‍ക്കെതിരെ വകുപ്പ് 302 രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തതായും പൊലിസ് പറഞ്ഞു.

This post was last modified on November 13, 2017 11:54 am