X

ശബരിമല സ്ത്രീ പ്രവേശനം: വിധി സ്വാഗതാര്‍ഹം, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നും ലതിക സുഭാഷ്

ഒരു ദിവസം ഗുരു എന്നോട് പറഞ്ഞു ആര്‍ത്തവം ജൈവശാസ്ത്രപരമായി എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. അരുതാത്തതായി അതില്‍ ഒന്നുമില്ല.

ശബരിമല സ്ത്രീപ്രവേശനത്തിലുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് കേരള സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. പരമ്പരാഗതമായി ആചരിച്ചു വരുന്നതിനാല്‍ വിശ്വാസികള്‍ക്ക് ഇത് പെട്ടെന്ന് അംഗീകരിക്കാന്‍ പറ്റില്ല എന്നും ഒരു വിധിയിലൂടെ അത് മാറ്റുമ്പോള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകാവുന്ന മാനസികപ്രശ്‌നങ്ങള്‍ നേരിടാനുള്ള കാര്യങ്ങളും നോക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘ഞാനൊക്കെ വളരെ ചെറുപ്പത്തില്‍ പോയതില്‍ പിന്നെ രണ്ട് മാസം മുമ്പാണ് ശബരിമലയില്‍ പോയിട്ടുളളത്. പുരുഷന്മാരും,കുട്ടികളും, പ്രായമായവരും മാത്രം വരുന്ന സ്ഥിതിയിലും ഒരുപാട് പരിമിതികള്‍ അവിടെയുണ്ട്. സൗകര്യങ്ങളൊക്കെ ഉണ്ടാക്കി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആളുകളും ദേവസ്വംബോര്‍ഡും പ്രതിജ്ഞാബദ്ധരാണ്.’

പണ്ട് നമ്മള്‍ പാലിച്ചുപോന്ന ആചാരങ്ങള്‍ എന്ന് പറയുന്ന അനാചാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാനായി ഒരുപാട് ശ്രമം വേണ്ടി വരും. പണ്ട് സതി നിര്‍ത്തലാക്കിയപ്പോഴും അതിനെ ആചാരമായി കണ്ടവരുണ്ട്. ഇന്ന് സതിയെക്കുറിച്ച് നമ്മള്‍ പഠിക്കുന്നത് അനാചാരം എന്നാണ്. അത്തരം കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് ശ്രമകരമായ നീക്കങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തന്നെ മാധ്യമങ്ങളോട് സാധാരണ സ്ത്രീകള്‍ പ്രതികരിക്കുന്നത് ശബരിമലയില്‍ പോകാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ്. യുക്തിസഹമായി വിധിയെക്കുറിച്ച് ചിന്തിക്കുന്ന ആളുകള്‍ക്ക് ഇതിനകത്തെ പ്രസക്തമായുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ട് കഴിയും. പക്ഷേ വലിയ വിശ്വാസ സമൂഹത്തിന് ഇത് ഒരു ഷോക്കാണ്. അതുകൊണ്ടാണ് പരമ്പരാഗതമായി വിശ്വാസികള്‍ പാലിച്ചു പോരുന്ന സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാകുമ്പോള്‍ അവധാനതയോടു കൂടി സംയമനത്തോടു കൂടി ചര്‍ച്ച ചെയ്ത് കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിതെന്ന് വിശ്വാസികള്‍ സ്വാഭാവികമായും പറയുന്നത്. അങ്ങനെയുള്ള ആശങ്ക ഒഴിവാക്കാനായുള്ള ഉത്തരവാദിത്വം എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ട്.

‘എനിക്ക് കുറെക്കാലം ഗുരു നിത്യചൈതന്യയതിയുടെ ആശ്രമത്തില്‍ അദ്ദേഹത്തിനോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥന വേളയില്‍ ആര്‍ത്തവ സമയത്ത് ഞാന്‍ പങ്കെടുക്കില്ലായിരുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ അങ്ങനെയാണ് ശീലിച്ചിരുന്നത്. ഒരു ദിവസം ഗുരു എന്നോട് പറഞ്ഞു ആര്‍ത്തവം ജൈവശാസ്ത്രപരമായി എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. അരുതാത്തതായി അതില്‍ ഒന്നുമില്ല. അങ്ങനെയുള്ള അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നത് തെറ്റല്ല. ആശങ്കയോടെയാണ് ഞാന്‍ അന്ന് പ്രാര്‍ത്ഥനയ്ക്കിരുന്നത്. യുക്തിപരമായി ചിന്തിക്കുമ്പോള്‍ നമുക്ക് കാലകാലങ്ങളായി ആചരിച്ചു വരുന്നതില്‍ ചിലതൊക്കെ തെറ്റാണെന്ന് മനസിലാക്കാന്‍ സാധിക്കും. പക്ഷേ വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ വളരെ അവധാനതയോടെ വേണം നടപ്പിലാക്കാന്‍ എന്നാണ് എന്റെ അഭിപ്രായം.’ ലതിക സുഭാഷ് പറയുന്നു.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on September 28, 2018 8:32 pm