X

എച്ച് ഒ സിയിൽ നിന്ന് എണ്ണ മോഷ്ടിച്ച ബിഎംഎസ് നേതാവ് വിആർഎസ് എടുത്ത് മുങ്ങാൻ നോക്കി; മാനേജ്മെന്റ് തടഞ്ഞു

നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ ശക്തമായി രംഗത്തെത്തിയതോടെ പിടിയിലായ ബി എം എസ് നേതാവ് വി ആർ എസിന് ശ്രമിക്കുകയായിരുന്നു. ബി ജെ പി അനുകൂല സംഘടനയുടെ നേതാവ് പോലീസിനെ സ്വാധീനിച്ച് അറസ്റ്റ് ഒഴിവാക്കുന്നതായും ആരോപണമുയർന്നിരുന്നു.

എറണാകുളം എച്ച്ഒസിയില്‍ (ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്) നിന്ന് എണ്ണ മോഷ്ടിച്ച് വിആര്‍എസ് എടുത്ത് മുങ്ങാനുള്ള ബിഎംഎസ് നേതാവിന്‍റെ ശ്രമം മാനേജ്മെന്റ് തടഞ്ഞു. അമ്പലമുകളിലെ എച്ച്ഒസിയില്‍ നിന്നും എണ്ണ മോഷണം പിടികൂടിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ ശക്തമായി രംഗത്തെത്തിയതോടെ പിടിയിലായ ബി എം എസ് നേതാവ് വി ആർ എസിന് ശ്രമിക്കുകയായിരുന്നു. ബി ജെ പി അനുകൂല സംഘടനയുടെ നേതാവ് പോലീസിനെ സ്വാധീനിച്ച് അറസ്റ്റ് ഒഴിവാക്കുന്നതായും ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് ഇയാളുടെ വി ആർ എസ് അപേക്ഷ തള്ളിയതായി ഇന്നലെ കമ്പനി മാനേജ്മെന്റ് അറിയിച്ചത്.

ക്രെയിനിൽ നിന്നുള്ള പതിവ് മോഷണം കയ്യോടെ പിടികൂടിയെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് അമ്പലമേട് പോലീസ് നേതാവിനെ രക്ഷിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. എച്ച് ഒ സിയുടെ വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന മൊബൈൽ ക്രെയിനിൽ നിന്നുള്ള മോഷണമാണ് പിടികൂടിയത്. രാത്രി ഇതിൽ നിന്നും രൂക്ഷമായ ഇന്ധനത്തിന്റെ മണമടിച്ചപ്പോൾ ചോർച്ചയാണെന്ന് കരുതി സുരക്ഷാ ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഇവരെത്തുന്നതിന് മുമ്പ് കള്ളൻ മുങ്ങുകയും ചെയ്തു. പരിശോധനയിൽ ഊറ്റാൻ ഉപയോഗിച്ച ഉപകരണവും പൈപ്പും ബക്കറ്റും കണ്ടത്തി. കമ്പനിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് കുറ്റക്കാരനെ കണ്ടെത്തിയെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ല. ബിഎംഎസ് നേതാക്കൾ അമ്പലമേട് സ്റ്റേഷനിൽ കയറിയിറങ്ങി പോലീസിനെ സ്വാധീനിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു.

ആദ്യഘട്ടത്തിൽ അന്വേഷണത്തിന് ആവേശം കാട്ടിയ മാനേജ്മെന്റ് കള്ളനെ തിരിച്ചറിഞ്ഞതോടെ ഒതുങ്ങിയതായും ജീവനക്കാർക്കിടയിൽ സംസാരമുണ്ട്. അടുത്ത കാലത്താണ് എച്ച് ഒ സിയിൽ ബിഎംഎസ് യൂണിയൻ രൂപീകരിച്ചത്. മോഷണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. തൊഴിലാളികളും മാനേജ്മെന്റും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതിനിടെയാണ് ഏതാനും നാളുകൾക്ക് മുമ്പ് ഇയാൾ വി ആർ എസിന് അപേക്ഷ നൽകിയത്. ഈ അപേക്ഷയാണ് മാനേജ്മെന്റ് നിരസിച്ചത്. മോഷണക്കേസിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രം അപേക്ഷ പരിഗണിച്ചാൽ മതിയെന്നാണ് കമ്പനിയുടെ തീരുമാനമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

This post was last modified on September 28, 2018 8:02 pm