കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ വ്യക്തമാക്കി രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് വിട്ട എഐസിസി വക്താവ് പ്രിയങ്ക ചതുർവേദിയുടെ രാജിക്കത്ത്. സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം എന്നിവ ഉയത്തിക്കാട്ടുമ്പോഴും, അതിന് വേണ്ടി പോരാട്ടം നയിക്കുമ്പോഴും പാര്‍ട്ടിക്കകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ലെന്നാണ് പ്രിയങ്കയുടെ പ്രധാന ആരോപണം.
ആത്മർത്ഥമായിട്ടായിരുന്ന പാര്‍ട്ടിക്ക് വേണ്ടി പ്രവർത്തിച്ചത്. തന്റെ പ്രവര്‍ത്തനത്തിന് പ്രതിഫലമായി പാര്‍ട്ടി എനിക്ക് എന്ത് നല്‍കിയെന്നും ചോദിക്കുന്നില്ല. പക്ഷേ ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അതെന്‍റെ മാന്യതക്കും സ്വാഭിമാനത്തിനും നല്‍കേണ്ട വിലയാകും. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ ചിലരിൽ നിന്നും മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി എന്നെ തീര്‍ത്തും അവഗണിച്ചെന്നും അവർ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തിൽ കുറ്റപ്പെടുത്തുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദ്വീപ് സിങ് സുർജേവാല എന്നിവക്കും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു എഐസിസി വക്താവ് പ്രിയങ്ക ചതുർവേദി കോൺഗ്രസിൽ നിന്നും രാജിവച്ചത്. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലെ ബയോയും അവർ മാറ്റിയിരുന്നു. എഐസിസി വക്താവ് എന്ന കുറിപ്പാണ് മാറ്റിയത്. അതിനിടെ കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. സീറ്റ് കിട്ടാത്തതിനാലല്ല താൻ കോണ്‍ഗ്രസ് വിട്ടതെന്നായിരുന്നു ശിവസേനയിൽ അംഗത്വം എടുത്ത ശേഷം പ്രിയങ്കയുടെ പ്രതികരണം. ശിവസേന സ്ത്രീകൾക്കും യുവാക്കൾക്കും മികച്ച പരിഗണന നൽകുന്ന സംഘടനയാണെന്നും അവർ പ്രതികരിച്ചു.
കത്തിന്റെ പൂർണ രൂപം
തികഞ്ഞ ആത്മ സംഘർഷത്തോടെയാണ് ഞാന്‍ ഈ രാജി കത്ത് എഴുതുന്നത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിലും തുറന്നതും വികസനോത്മുഖവുമായ രാഷ്ട്രീയ സമീപനത്തിലും ആകൃഷ്ടയായാണ് 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത്. ഇക്കാലയളവിൽ സമൂഹത്തിലെ വ്യത്യസ്ഥ ഇടങ്ങളെ കുറിച്ച് പഠിക്കാനും വളരാനുമുള്ള നിരവധി അവസരം ലഭിച്ചു. തന്നെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വങ്ങൾ 100 ശതമാനം അര്‍പ്പണബോധത്തോടെ നിറവേറ്റിയെന്നാണ് വിശ്വാസം.
പാർട്ടിയെ പ്രതിനിധീകരിക്കാൻ പല അവസരങ്ങളിലും അവസരങ്ങൾ ലഭിച്ചു. പാര്‍ട്ടിക്ക് ശക്തിയില്ലാത്ത ഇടങ്ങളിൽ പോലും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവിൽ എനിക്കും കുടുംബത്തിന്റെയും ജീവന് പോലും ഭീഷണി നേരിട്ടിരുന്നു. കുട്ടികള്‍ക്ക് നേരെപോലും അധിക്ഷേപങ്ങള്‍ നേരിട്ടു. എന്നാൽ ഇതൊന്നും താൻ ഓര്‍മപ്പെടുത്തുന്നില്ല. പ്രവര്‍ത്തനത്തിന് പ്രതിഫലമായി പാര്‍ട്ടി എനിക്ക് എന്ത് നല്‍കിയെന്നും ഞാന്‍ ചോദിക്കുന്നില്ല.
പക്ഷേ, എന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കുറച്ച് ദിവസങ്ങളായി സ്വയം ബോധ്യപ്പെടുകയാണ്. ഈ സാഹര്യത്തിൽ ഇനിയും പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അത് വ്യക്തി എന്ന നിലയിൽ മാന്യതക്കും സ്വാഭിമാനത്തിനും എതിരായിരിക്കും. അടുത്തിടെ പാർട്ടി തന്നോട് കാട്ടയത് വലിയ അവഗണനയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ പാര്‍ട്ടി തീര്‍ത്തും അവഗണിക്കുകയാണ് ഉണ്ടായത്. സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, അന്തസ് എന്നിവ ഉയർത്തിപ്പിടിക്കാൻ പോരാടുമെന്നാണ് പാർട്ടിയുടെ അവകാശവാദം. എന്നാൽ സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ മോശം പെരുമാറ്റം നേരിട്ടപ്പോൾ പാര്‍ട്ടി തീര്‍ത്തും അവഗണിച്ചു. ഇതാണ്, ഇനിയും പാർട്ടിയിൽ തുടരേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.
എന്നാൽ, തന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും എനിക്ക് അവസരങ്ങള്‍ നല്‍കിയവര്‍ക്കും പുറമെ പ്രചോദനമായ എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്റെ രാജി സ്വീകരിക്കണം. പാര്‍ട്ടി എന്നില്‍ നിക്ഷിപ്തമാക്കിയ എല്ലാ ചുമതലകളില്‍നിന്നും സാധ്യമാവും വേഗത്തില്‍ ഒഴിവാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
എന്ന്,
പ്രിയങ്ക ചതുര്‍വേദി
This post was last modified on April 19, 2019 3:25 pm
Leave a Comment