X

‘പ്രവാസി പ്രാഞ്ചിമാരുടെ കമ്പനിയിലെ അലവലാതി മക്കളെപ്പോലെയല്ല രാഹുല്‍’; കോടിയേരിക്ക്‌ വിടി ബല്‍റാമിന്റെ മറുപടി

'നിങ്ങള്‍ കൂടെ നില്‍ക്കണ്ട, പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ'?

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് അധ്യക്ഷനുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം നെഹ്‌റു കുടുംബത്തിന് റിസര്‍വ്വ് ചെയ്ത് വെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നോമിനേറ്റഡ് പാര്‍ട്ടി ആണെന്നും കോടിയേരി പറഞ്ഞു. അതെസമയം, കോടിയേരിക്ക്‌ ചുട്ട മറുപടിയുമായി വി ടി ബല്‍റാം രംഗത്തെത്തി.

ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

മുൻ എൽഡിഎഫ്‌ എംഎൽഎ മുന്നണിയെ വഞ്ചിച്ച്‌ ബിജെപിയോടൊപ്പം ചേർന്ന് കേന്ദ്രമന്ത്രിയായാൽ അഭിനന്ദനങ്ങളുടെ പൂമൂടൽ.

ബിജെപിയുടെ മുൻ ദേശീയാധ്യക്ഷൻ അവരുടെ എംപിമാരുടെ വോട്ട്‌ കൊണ്ട്‌ സുനിശ്ചിതമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അപ്പോഴും അഭിനന്ദനങ്ങളുടെ പൂമൂടൽ.

കോൺഗ്രസ്‌ അധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടാൽ പരിഹാസം, പുച്ഛം, അധിക്ഷേപം.

ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഒന്നോർക്കണം, സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക്‌‌ നേരിട്ട്‌ പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത്‌. ഫാഷിസം അതിന്റെ പൂർണ്ണാർത്ഥത്തിൽ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്‌, മതത്തിന്റെ പേരിൽ മനുഷ്യൻ പച്ചക്ക്‌ ചുട്ടെരിക്കപ്പെടുന്ന കാലത്ത്‌, ഒരു നാടിന്റെ നിലനിൽപ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ്‌ സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരൻ ഏറ്റെടുത്തിരിക്കുന്നത്‌. തന്റെ പിന്നലെയുള്ളത്‌ ഒരു നാടിന്റെ പ്രതീക്ഷകളും പിന്നെയൊരുപക്ഷേ ഒരു മരണവുമാണെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്ത്വത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട്‌ അയാൾ കടന്നുവരുന്നത്‌.

നിങ്ങൾ കൂടെ നിൽക്കണ്ട, പതിവ്‌ പോലെ കോൺഗ്രസ്‌ വിരുദ്ധത നൂറ്റൊന്ന് തവണ ആവർത്തിച്ച്‌ ബിജെപിക്ക്‌ കരുത്ത്‌ പകർന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങൾ ആവർത്തിക്കുക എന്നത്‌ ഫൂളിഷ്‌ ബ്യൂറോയുടെ അവകാശമാണല്ലോ. എന്നാൽ നിങ്ങളിപ്പോൾ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വർഷങ്ങളോളം അനുഭവിച്ച്‌ അതിനെ സ്വന്തം ആത്മാർത്ഥത കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മറികടന്നാണ്‌ ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന് മറക്കണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക്‌ ഒരു ഈർക്കിലി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്‌ വേണ്ട.

This post was last modified on December 12, 2017 10:13 am