X

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

വിധി നേടിയെടുത്തതിലൂടെ കിട്ടിയ ക്രെഡിറ്റ് മാത്രം മതിയോ സംഘടനയ്ക്ക്? വിധി നേടിയെടുക്കുന്നവര്‍ക്ക് അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമില്ലേ?

ഇന്നലെ സുപ്രീം കോടതി ഒരു കോടതിയലക്ഷ്യ കേസില്‍ കേരള ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. രാഷ്ട്രീയ വിവാദത്തിന് സ്കോപ്പില്ലാത്തത് കൊണ്ട് നമ്മുടെ പത്രങ്ങളൊന്നും അത് ഒന്നാം പേജ് വാര്‍ത്തയാക്കിയില്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടി പൊതുജനം അറിയാനും പോകുന്നുമില്ല.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുക എന്ന 2017 ജനുവരി പത്തിന്റെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്നാരോപിച്ച് ഇരകളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം ചോദിച്ചുകൊണ്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നുമാസത്തിനകം പ്രസ്തുത സംഖ്യ കൊടുത്തു തീര്‍ത്തിരിക്കണമെന്നായിരുന്നു അന്ന് പരോമന്നത നീതിപീഠം ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാറായിട്ടും നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

സിപിഎമ്മിന്റെ യുവജന സംഘടനായ ഡിവൈഎഫ്ഐയാണ് സുദീര്‍ഘമായ നിയമ പോരാട്ടത്തിലൂടെ നഷ്ടപരിഹാരം നല്‍കാനുള്ള ഈ വിധി സമ്പാദിച്ചത്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ നടക്കുന്ന ഈ കുറ്റകരമായ അലംഭാവത്തെ അവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. വിധി നേടിയെടുത്തതിലൂടെ കിട്ടിയ ക്രെഡിറ്റ് മാത്രം മതിയോ സംഘടനയ്ക്ക്? വിധി നേടിയെടുക്കുന്നവര്‍ക്ക് അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമില്ലേ? യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യേണ്ടത് ഡിവൈഎഫ്ഐ ആയിരുന്നില്ലേ?

13 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മ, ദുരിതം കണ്ട് ജീവനൊടുക്കിയ 16-കാരന്‍ മകന്‍, തകര്‍ന്നുപോയ ഒരു കുടുംബം; എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്ത് തീരുന്നില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റീസ് എന്‍ വി രമണ, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കൂടാതെ എന്‍ഡോസള്‍ഫാന്‍ ഇരകളാകേണ്ടി വന്നതുമൂലം ജീവിതാവസാനം വരെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ക്ക് ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ധനസഹായമായി നല്‍കുന്ന തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ തിരികെ വാങ്ങിയെടുക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. വ്യക്തമായി കാര്യങ്ങള്‍ കോടതി പറഞ്ഞിട്ടും ഇനിയും എന്തു കാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തത കിട്ടാത്തതെന്നാണ് ദുരിതബാധിതരുടെ ചോദ്യം.

“സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ ഒരു സമ്മേളനമൊക്കെ വിളിച്ചു ചേര്‍ത്തിരുന്നു. അവരുടെ നേട്ടം ആഘോഷിക്കാന്‍. അന്നതില്‍ ക്ഷണിക്കപ്പെട്ട് ചെന്നപ്പോഴും ചരിത്രപരമായ ഒരു വിധിയായി സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തും അതിനുവേണ്ടി പോരാടിയ ഡിവൈഎഫ്‌ഐ അനുമോദിച്ചും ഒരു കാര്യം ഓര്‍മിപ്പിച്ചിരുന്നു; കോടതി വിധി വന്നതുകൊണ്ടുമാത്രമായില്ല, അത് നടപ്പാക്കപ്പെടണം.” എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ഒക്ടോബറില്‍ അഴിമുഖത്തിനോട് പറഞ്ഞു.

ഒടുവില്‍ അത് തന്നെ സംഭവിച്ചു. എല്ലാകാലത്തെയും പോലെ അവസാനിക്കാത്ത നിയമയുദ്ധത്തില്‍ കുടുക്കി ഈ വിധിയെയും കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്ന മനസിലാക്കിയ ഇരകളുടെ അമ്മമാരാണ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു എന്നു അന്വേഷിക്കുന്ന അഴിമുഖം ന്യൂസ് എഡിറ്റര്‍ രാകേഷ് സനലിന്റെ റിപ്പോര്‍ട്ട് താഴെ വായിക്കാം.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

ഇനി ചീഫ് സെക്രട്ടറിയുടെ മറുപടിയും അതിന്റെ വാദവുമൊക്കെയായി കുറച്ചുമാസങ്ങള്‍ കൂടി നിരാലംബരായ ഈ സമൂഹത്തിനു നഷ്ടപ്പെടും എന്നത് തീര്‍ച്ച. അമ്മയുടെ വേദന കണ്ടു സഹിക്കാന്‍ കഴിയാതെ ഒക്ടോബര്‍ മാസം 11-ആം തീയതി രാത്രി വീടിനു സമീപത്തെ മൊബൈല്‍ ടവറില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്ത കാസര്‍ഗോഡ് ബദിയടുക്കയില്‍ വിദ്യാഗിരി പഞ്ചായത്തിലെ ബാപ്പുമൂല കോളനിയിലെ മനോജ് കുമാറിനെ പോലെ നിരവധി ജീവിതങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് അടിയന്തിര ഇടപെടലാണ്. നമ്മള്‍ കൊട്ടിഘോഷിക്കുന്ന വികസനത്തിന് വേണ്ടി ജീവിതം നല്‍കിയവരാണ് അവര്‍. അവരുടെ ഇനി വരുന്ന തലമുറയെക്കെങ്കിലും ജീവിതം മടക്കിക്കൊടുക്കാനുള്ള ബാധ്യത ജനാധിപത്യ സര്‍ക്കാരിനുണ്ട്.

1905 പേരെന്ന് ആദ്യം; പിന്നെ തിരുത്ത്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതിയ ലിസ്റ്റ് പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്തിനുവേണ്ടി?

(ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അനുമതിയോടു കൂടി പകര്‍ത്തിയതാണ്, അവ ദുരുപയോഗം ചെയ്യണോ അനുവാദമില്ലാതെ പകര്‍ത്താനോ പാടുള്ളതല്ല)

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 12, 2017 10:29 am