കോഴിക്കോട് പുതിയങ്ങാടി കോയ റോഡിന് സമീപം കഴിഞ്ഞ ഏപ്രില്‍ 23 നു ഒരമ്മയും മൂന്നു മക്കളും ട്രെയിന്‍ തട്ടി മരിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശി രാജേഷിന്റെ ഭാര്യ ഭാവന(34) യും മൂന്നു പെണ്‍മക്കളുമാണ് ട്രയിന്‍ തട്ടി മരിച്ചത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാവനയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കുട്ടികള്‍ പഠിച്ചിരുന്ന എആര്‍ നഗര്‍ എ.യു.പി സ്‌കൂള്‍ അധികൃതര്‍ ഏറ്റെടുത്തു സംസ്‌കരിക്കാന്‍ തയ്യാറായത്.
വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റജീനയും തിരുവനന്തപുരം പേരൂര്‍ക്കട മല്ലശ്ശേരി പടിഞ്ഞാറ്റയില്‍ പുത്തന്‍ വീട്ടില്‍ രാജേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മരപ്പണിക്കാരനായ രാജേഷിനെ വീട്ടില്‍ ജോലിക്കു വന്നപ്പോഴാണ് റജീന പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രാജേഷിനോടൊപ്പം ജീവിക്കാന്‍ വീട് വിട്ട റജീന മതം മാറി ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം കഴിഞ്ഞ 14 വര്‍ഷമായി രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് മൂന്നു പെണ്‍കുട്ടികളാണുണ്ടായിരുന്നത്.
ഭാവനയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് ഭര്‍ത്താവ് രാജേഷ് തന്നെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ സ്വന്തമായ വീടോ സ്ഥലമോ ഇല്ലാതിരുന്ന രാജേഷിന് കഴിഞ്ഞില്ല. പോലീസ് റജീന (ഭാവന) യുടെ വയനാട്ടിലെ ബന്ധുക്കളോട് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് രാജേഷിന്റെയും ഭാവനയുടെയും മക്കള്‍ പഠിച്ചിരുന്ന എആര്‍ നഗര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകര്‍ മരണപ്പെട്ട കുട്ടികളെ സ്വന്തം കുട്ടികളായാണ് കാണുന്നതെന്ന് പറഞ്ഞു മനുഷ്യത്വത്തിന്റെ മാതൃകയായി രംഗത്ത് വരുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെയും ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂള്‍ അധികൃതര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി മമ്പുറം മൂക്കുമ്മലുള്ള ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്താനുള്ള മുഴുവന്‍ ചിലവുകളും വഹിച്ചത് സ്‌കൂള്‍ അധികൃതരാണ്. മൃതദേഹങ്ങള്‍ കൊണ്ട് വരാന്‍ സന്നദ്ധ സംഘടനകള്‍ നാല് ആംബുലന്‍സുകള്‍ സൌജന്യമായി വിട്ടു നല്കി.
ഭാവനയുടെയും മക്കളുടെയും മരണം ആത്മമഹത്യയാണെന്നും ഭര്‍ത്താവ് രാജേഷിന്റെ മാനസിക പീഢനവും മദ്യപാനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
This post was last modified on April 26, 2017 12:14 pm
Leave a Comment