“ആ മദ്രസ്സ തകർക്കപ്പെട്ടിട്ടില്ല, “കൂടിയ റെസലൂഷ്യനുള്ള ഉപഗ്രഹ ചിത്രത്തിൽ മദ്രസ്സ അതുപോലെ തന്നെ നിൽക്കുന്നുണ്ടെന്ന് സമർഥിക്കുകയാണ് ലോക പ്രശസ്ത വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ്. പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ജെയ്ഷ് ഇ മുഹമ്മദ് ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന മദ്രസ്സ പൂർണ്ണമായി തകർക്കാനായെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. പ്രദേശവാസികളുടെമൊഴികളിലും ആഗോള മാധ്യമങ്ങളിലെ റിപ്പോർട്ടുകളിലും വൈരുധ്യങ്ങൾ നിലനിന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്സ് ഉപഗ്രഹ ചിത്രങ്ങളുടെ ക്രോപ്പ് ചെയ്ത രൂപങ്ങൾ പുറത്ത് വിടുന്നത്.
സാൻ ഫ്രാന്സിസ്കോയിലുള്ള പ്ലാനറ്റ് ലാബ്സ് എന്ന സാറ്റ്‌ലൈറ്റ് ഓപ്പറേഷൻ കമ്പനിയാണ് ചിത്രങ്ങളെടുത്ത്. ഉയർന്ന റെസലൂഷ്യനിലുള്ള ചിത്രങ്ങൾ പൊതുജനങ്ങൾക്ക് നിലവിൽ ലഭ്യമാകില്ല. എങ്കിലും പ്ലാനറ്റ് ലാബിൽ നിന്നും ലഭിക്കുന്ന 72 സെന്റീമീറ്റർ വരെ സൂം ചെയ്യാവുന്ന പ്രാഥമിക ചിത്രങ്ങളിൽ ഇന്ത്യ തകർത്തു എന്ന് അവകാശപ്പെടുന്ന കെട്ടിടങ്ങൾ വളരെ വ്യക്തമായി കാണാനാകുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.
ഉപഗ്രഹ ചിത്രങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ പ്രതികരണമറിയാൻ അയച്ച ഇ- മെയിൽ സന്ദേശങ്ങൾക്ക് പ്രതിരോധ വകുപ്പും വിദേശകരായ വകുപ്പും ഇതുവരെയായിട്ടും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ ഉപഗ്രഹ ചിത്രങ്ങളെ അവലോകനം ചെയ്യുന്ന വിദഗ്ദൻ ജെഫ്രി ലൂയിസ് ഇന്ത്യ തകർത്തുവെന്ന് പറയുന്ന കെട്ടിടം അതുപോലെ തന്നെ ചിത്രത്തിൽ കാണാനാകുന്നുണ്ടെന്നും കേടുപാടുകളെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നും സ്ഥിരീകരിക്കുന്നുണ്ട്. അഥവാ ക്യാമ്പുകൾ തകർത്തുവെന്ന് പറയുകയാണെങ്കിൽ തന്നെ ഏത് ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തതെന്ന ചോദ്യത്തിനും ഇന്ത്യയ്ക്ക് കൃത്യമായ മറുപടി ഇല്ലെന്നാണ് റോയിട്ടേഴ്‌സ് ആരോപിക്കുന്നത്.
*ചിത്രം – റോയിട്ടേഴ്സ്
കൂടുതല്‍ വായനയ്ക്ക്- https://in.reuters.com/article/uk-india-kashmir-pakistan-airstrike-insi/satellite-images-show-madrasa-buildings-still-standing-at-scene-of-indian-bombing-idINKCN1QN02Z
This post was last modified on March 6, 2019 2:20 pm
Leave a Comment