അപൂര്‍വങ്ങളായ ഇംഗ്ലീഷ് പദങ്ങള്‍ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുന്ന ശശി തരൂരിന് അദ്ദേഹത്തിന്റെ മാതൃഭാഷയില്‍ നിന്നുമൊരു വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍ എംജെ. തന്റെ പുതിയ പുസ്തകമായ The Paradoxical Prime Minister(വിരോധാഭാസ പ്രധാനമന്ത്രി)യെക്കുറിച്ചുള്ള ട്വീറ്റിലാണ് തരൂര്‍ 29 അക്ഷരങ്ങളുള്ള ഒരു വാക്ക് ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.
floccinaucinihilipilification എന്ന വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. ഇതേത്തുടര്‍ന്ന് പലരും ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചായി നടപ്പ്. പലരും മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്ന അര്‍ത്ഥം കണ്ടെത്തി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വീണ്ടും മറ്റൊരു വാക്കുമായി തരൂര്‍ എത്തുകയും ചെയ്തു. hippopotomonstrosesquipedaliophobia എന്ന വാക്കാണ് ഇന്നലത്തെ വാക്കുകൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് തരൂര്‍ ഉപയോഗിച്ചത്. വലിയ വാക്കുകളോടുള്ള ഭയം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥമെന്ന് തരൂര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് തരൂരിനെ ഇത്തരം വാക്കുകള്‍ മലയാളത്തില്‍ ഉപയോഗിക്കാന്‍ വെല്ലുവിളിച്ചുകൊണ്ട് ശ്രീചിത്രന്‍ എത്തിയത്. നിങ്ങളുടെ കളി അവിടെ ഇന്ത്യയിലല്ലേ നടക്കൂ, ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ വാ, കാണിച്ചു തരാം എന്നാണ് തമാശ കലര്‍ത്തിയുള്ള ശ്രീചിത്രന്റെ വെല്ലുവിളി. കഠിനങ്ങളായ മലയാളവാക്കുകളിലൂടെയാണ് ശ്രീചിത്രന്‍ തരൂരിനെ വെല്ലുവിളിക്കുന്നത്.
ദൃശ്യാതിരേകത്താല്‍ ഉന്മിഷിത്തായിരിക്കുന്ന ട്വിറ്ററിന്റെ ചാക്ഷുഷയജ്ഞത്തില്‍ സമീചീനസമ്മിളിതമായ സാക്ഷീകരണപ്രഭാവമുള്ള തരൂരില്‍ നിന്ന് ഉദ്ഗിളിതമായ ലേഖ്യം സമ്പ്രതിപന്നമോ ഔല്‍സര്‍ഗികമോ ആയൊരു വ്യുല്‍പ്പാദകത്തിനു വിധേയമല്ലെന്നു കരുതി ഗൃഹീതമായ അഭിജ്ഞതയാലോ കൃതകേതരമായ സാചിവ്യത്താലോ തല്‍ജനപ്രാപ്തമായ അക്ലിഷ്ടപദപ്രാമാണികപ്രഭാവമല്ല ഉദ്ദിഷ്ടമെന്നു നാം ഗ്രഹിക്കണം എന്നാണ് എന്റെ അഭിപ്രായം.
(നിങ്ങടെ കളി അവിടെ ഇന്ത്യയിലല്ലേ നടക്കൂ, ധൈര്യമുണ്ടെങ്കില്‍ മലയാളത്തില്‍ വാ, കാണിച്ചുതരാം) എന്നാണ് ശ്രീചിത്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. തീര്‍ത്തും തമാശ രൂപത്തിലുള്ള ഈ പോസ്റ്റിന് താഴെ പലരും ശ്രീചിത്രനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒറ്റവാക്കിലൂടെ തരൂര്‍ തന്റെ പുസ്തകത്തിന്റെ പ്രൊമോഷന്‍ എവിടെ വരെ എത്തിച്ചുവെന്നും ചിലര്‍ ചോദിക്കുന്നു.
This post was last modified on October 11, 2018 4:04 pm
Leave a Comment