X

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ്: അന്വേഷണം തുടങ്ങും വരെ സമരമെന്ന് ശ്രീജിത്ത്

മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ധാരാളം ഉറപ്പുകള്‍ ലഭിച്ചിട്ടും പാലിക്കപ്പെട്ടില്ല, അതിനാല്‍ സിബിഐ അന്വേഷണം ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്‌

നെയ്യാറ്റിന്‍കര പൂഴിക്കുന്നില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചു. എംപിമാരായാ ശശി തരൂരും കെ സി വേണുഗോപാലുമാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി ഇന്ന് സിബിഐ ഡയറക്ടറുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 766-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ് ഇന്ന്. അതേസമയം കേവലം ഉറപ്പു ലഭിച്ചത് കൊണ്ടുമാത്രം താന്‍ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി. മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ധാരാളം ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ സിബിഐ അന്വേഷണം ആരംഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്.

ശ്രീജിത്തിന്റെ സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച വ്യാപക പ്രചരണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ശ്രീജിത്തിന് നീതി ലഭിക്കുക എന്ന ആവശ്യത്തോടെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇവര്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ശ്രീജിത്തിനൊപ്പം കഴിയുകയാണ്. ഇന്ന് മുതല്‍ സോഷ്യല്‍ മീഡിയ പ്രതിനിധികളും ശ്രീജിത്തിനൊപ്പം റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

ശ്രീജിത്ത് 2015 ഡിസംബര്‍ 11ന് നീതിയ്ക്ക് വേണ്ടി ആരംഭിച്ച സമരത്തെ തുടര്‍ന്ന് 2017 ജൂണ്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന മറുപടിയാണ് ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ശ്രീജിത്തിന്റെ സമരത്തിന് ജനകീയ പിന്തുണ ഏറിയതോടെയാണ് ഈ കത്ത് പുറത്തുവന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സിബിഐയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

This post was last modified on January 15, 2018 2:32 pm

Related Post
Leave a Comment