X

കടം ജീവനെടുത്തവരുടെ തലയോട്ടികളുമായി തമിഴ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയില്‍; തടഞ്ഞാല്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് വെല്ലുവിളി

പാര്‍ലമെന്റിലേക്ക് നടക്കുന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാനാണ് തമിഴ്‌നാട്ടില്‍ നിന്നും 1200 കര്‍ഷകര്‍ എത്തിയിരിക്കുന്നത്

അവര്‍ 1,200 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാം ലീല മൈതാനിയില്‍ എത്തിച്ചേര്‍ന്ന ഈ കര്‍ഷകര്‍ ഇന്നു പാര്‍ലമെന്റിലേക്ക് നടത്തുന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കുന്നത് രണ്ട് മനുഷ്യ തലയോട്ടികളുമായാണ്. കടം വീട്ടാന്‍ വഴിയില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട രണ്ടു കര്‍ഷകരുടെ തലയോട്ടികള്‍. കഴിഞ്ഞ വര്‍ഷവും തമിഴ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ജന്തര്‍ മന്തറില്‍ അന്ന് നടത്തിയ പ്രതിഷേധത്തിലും അവരുടെ കൈകളില്‍ തലയോട്ടികളുണ്ടായിരുന്നു; എട്ട് മനുഷ്യരുടെ! കൃഷി നശിച്ച്, കടം പെരുകി മറ്റൊരു വഴിയുമില്ലാതെ ജീവനൊടുക്കിയ എട്ടു കര്‍ഷകരുടെ തലയോട്ടികള്‍! ഒരു വര്‍ഷത്തിനപ്പിറം വീണ്ടും അവര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്ക് മാറ്റമില്ല, തലയോട്ടികള്‍ക്കും.

വെള്ളിയാഴ്ച നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ തങ്ങളെ തടഞ്ഞാല്‍ പ്രതിഷേധം മറ്റൊരു രൂപത്തിലേക്ക് മാറ്റുമെന്നും തമിഴ് കര്‍ഷകരുടെ മുന്നറിയിപ്പുണ്ട്. പൊലീസ് തടയുകയാണെങ്കില്‍ പൂര്‍ണ നഗ്നരായി മാര്‍ച്ച് നടത്തും തങ്ങളെന്നാണ് വെല്ലുവിളി. നാഷണല്‍ സൗത്ത് ഇന്‍ഡ്യന്‍ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആയിരത്തിലധികം വരുന്ന കര്‍ഷകര്‍ ട്രിച്ചി, കരുര്‍ തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. കര്‍ഷകരുടെ വായ്പ്പകള്‍ എഴുതി തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മാസം അയ്യായിരം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് നാഷണല്‍ സൗത്ത് ഇന്‍ഡ്യന്‍ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്‍ നേതാവ് പി. അയ്യക്കണ്ണ് മാധ്യമങ്ങളോട് പറയുന്നു. കടം വീട്ടാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് കര്‍ഷകരുടെ തലയോട്ടികളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്നും അയ്യക്കണ്ണ് പറഞ്ഞു.

നെല്‍കൃഷി, പഞ്ഞി,പച്ചക്കറി, നാളികേരം, വാഴക്കൃഷി എന്നിവയാണ് ഞങ്ങള്‍ ചെയ്യുന്ന പ്രധാന കൃഷികള്‍. ഞങ്ങള്‍ക്കിടയില്‍ നിന്ന് സമീപകാലത്തായി ആത്മഹത്യ ചെയ്തത് 700 ഓളം കര്‍ഷകരാണ്. വായ്പ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെയാണ് അവരെല്ലാം ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി കര്‍ഷകര്‍ അനുഭവിക്കുന്നത് കൊടിയ ദുരിതമാണ്. കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നില്ല. കഠിനമായ വരള്‍ച്ചയാണ് നേരിടുന്നത്. ഈ വര്‍ഷവും സ്ഥിതിക്ക് ഒട്ടും മാറ്റമില്ല. പ്രകൃതിക്ഷോഭവും ഞങ്ങളെ തിരിച്ചടിക്കുകയാണ്; അയ്യക്കണ്ണ് തമിഴ് കര്‍ഷകരുടെ ദുരിതം വിവരിക്കുന്നു.

പാര്‍ലമെന്റിലേക്ക് നടത്തുന്ന കര്‍ഷക മാര്‍ച്ചില്‍ ഇത്തവണ ശക്തമായ തീരുമാനങ്ങളുമായാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നും കര്‍ഷക നേതാവ് പറയുന്നു. മാര്‍ച്ച് പൊലീസ് തടയുകയാണെങ്കില്‍ അതിനെതിരേയുള്ള പ്രതിഷേധമായി ഞങ്ങള്‍ കര്‍ഷകര്‍ നഗ്നരായി മാര്‍ച്ച് നടത്തും. 20 കര്‍ഷക സ്ത്രീകളും ഒപ്പമുണ്ട്. അവരെ ഒഴിവാക്കി കൊണ്ടായിരിക്കും നഗ്ന മാര്‍ച്ച് നടത്തുകയെന്നും അയ്യക്കണ്ണ് അറിയിച്ചു.

This post was last modified on December 1, 2018 7:58 am