X

അറബ് വസന്തത്തിന് മുന്‍പ് അനുഭവിച്ച പീഡനങ്ങള്‍; ടുണീഷ്യന്‍ യുവതിയുടെ തുറന്നു പറച്ചില്‍

ചോദ്യം ചെയ്യലിനിടെ നഗ്നയാക്കി, പലവട്ടം മലം നിറഞ്ഞ ടോയ്ലെറ്റിലേയ്ക്ക് തല അമര്‍ത്തിപ്പിടിച്ചു

നവീന കോട്ടൂര്‍

ചോദ്യം ചെയ്യലിനായി ആദ്യം ഇന്‍ററോഗേഷന്‍ റൂം 27ലേയ്ക്ക് കൊണ്ടു പോയപ്പോള്‍  നാഡ എല്‍വികില്‍ ഹൈസ്കൂളിലായതേ ഉണ്ടായിരുന്നുള്ളൂ.

സെക്യൂരിറ്റി സര്‍വീസുകാര്‍ അവളോട് തലയില്‍ ഇട്ടിരുന്ന സ്കാര്‍ഫും വസ്ത്രങ്ങളും അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ബലമായി നഗ്നയാക്കി. ചോദ്യം ചെയ്യലിനിടെ പലവട്ടം മലം നിറഞ്ഞ ഒരു ടോയ്ലെറ്റിലേയ്ക്ക് അവളുടെ തല അമര്‍ത്തിപ്പിടിച്ചു.

“ആ മുറിയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും പീഢനത്തിനുള്ള ഉപകരണങ്ങളായിരുന്നു. മേശ, കസേര, ബെല്‍റ്റ് എല്ലാം. ശുചിമുറി പോലും അതിന്‍റെ ഭാഗമായി,” ഒരു അഭിമുഖത്തില്‍ എല്‍വികില്‍ ഓര്‍ത്തു. ഒപ്പം കൈകൊണ്ട് പിടിച്ചു തള്ളുന്ന ആംഗ്യം കാണിച്ചു.

അറബ് വസന്തമെന്നു വിളിക്കപ്പെട്ട വിപ്ലവത്തില്‍ ടുണീഷ്യയിലെ ഭരണകൂടത്തിന്‍റെ ആധിപത്യം അവസാനിച്ചിട്ട് അഞ്ചു വര്‍ഷത്തിലേറെയായി. മനസ്സിലെ മുറിവുകള്‍ ഉണക്കാമെന്ന പ്രതീക്ഷയോടെ കഴിഞ്ഞകാല ദുരിതങ്ങളും അനുഭവിക്കേണ്ടി വന്ന ക്രൂരതകളും ഓര്‍ക്കുകയാണ് അവിടത്തെ ജനങ്ങള്‍.

കഴിഞ്ഞ മാസം മുതല്‍ Truth and Dignity കമ്മീഷനു മുന്‍പാകെ മൊഴി നല്‍കാന്‍ എത്തുന്ന ഓരോ സാക്ഷികള്‍ക്കും പറയാനുള്ളത് നടുക്കുന്ന കഥകളാണ്. അറുപതു വര്‍ഷത്തോളം നീണ്ടു നിന്ന ദുര്‍ഭരണത്തില്‍ നടന്ന പീഢനങ്ങളെ പറ്റിയുള്ള അനുഭവസാക്ഷ്യങ്ങള്‍ അപൂര്‍വ്വമായൊരു പൊതുപ്രക്ഷേപണത്തിലൂടെ ഇപ്പോള്‍ പുറംലോകം അറിയുകയാണ്. രാജ്യവ്യാപകമായി റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമെല്ലാം ടുണീഷ്യയിലൊട്ടാകെ ഇത് പ്രക്ഷേപണം ചെയ്യപ്പെടുന്നു.

എല്‍വികിലിനെ പോലെയുള്ള ആയിരക്കണക്കിനാളുകള്‍ സമര്‍പ്പിച്ച കേസുകളില്‍ ഇനിയും വാദം കേട്ടിട്ടില്ല.

“എനിക്കന്നു ചെറുപ്പമായിരുന്നു, എന്‍റേതായ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നന്നായി പഠിക്കണമെന്നും ജോലി ചെയ്യണമെന്നും ഞാനാഗ്രഹിച്ചിരുന്നു,” ഒരു അഭിമുഖത്തില്‍ ഇതു പറയുമ്പോള്‍ എല്‍വികില്‍ ദുഃഖം അടക്കാനാവാതെ മുഖം പൊത്തി. “അവരെന്നെ ഇല്ലാതാക്കി.”

മൊഴി നല്‍കുന്നത് വെള്ളിയാഴ്ച പുനരാരംഭിക്കേ ഹൃദയഭേദകമായ വിവരണങ്ങളാണ് വരാനിരിക്കുന്നത് എന്നു കരുതപ്പെടുന്നു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാദേശിക ഉദ്യോഗസ്ഥര്‍ അപമാനിച്ചതിനെ തുടര്‍ന്നു ടുണീഷ്യയിലെ വഴിയോര കച്ചവടക്കാരനായിരുന്ന മുഹമ്മദ് ബൊ ആസിസി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ജനകീയ പ്രതിഷേധത്തിനും പിന്നീട് വ്യാപകമായ അറബ് വസന്തത്തിനും തുടക്കമിട്ടത് ആ സംഭവമായിരുന്നു.

എന്നാല്‍ അറബ് മുന്നേറ്റങ്ങള്‍ക്കു ശേഷമുള്ള അസ്വസ്ഥതയുടെ കാലഘട്ടത്തില്‍ ടുണീഷ്യയ്ക്കു മാത്രമല്ല, പ്രവിശ്യയ്ക്കാകെ ഈ വിചാരണ വളരെ പ്രധാനമാണെന്ന് പല അന്താരാഷ്ട്ര നിരീക്ഷകരും കരുതുന്നു.

“വര്‍ഷങ്ങള്‍ നീണ്ട ഏകാധിപത്യത്തിനും പീഢനങ്ങള്‍ക്കും ശേഷവും  പ്രതികാര പ്രവര്‍ത്തികള്‍ ഒഴിവാക്കി, അതേപ്പറ്റി സമാധാനത്തിന്‍റെ ഭാഷയില്‍ സംസാരിക്കാമെന്ന സന്ദേശമാണ് ഈ ഹിയറിങ് നല്‍കുന്നത്,” ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ട്രാന്‍സിഷണല്‍ ജസ്റ്റിസിന്‍റെ ടുണീഷ്യ ഓഫീസ് മേധാവിയായ സാല്‍വ എല്‍ ഗാന്‍റ്രി പറയുന്നു. “ഈജിപ്ത്, ലിബിയ, സിറിയ, യെമന്‍ എന്നിവിടങ്ങളിലൊക്കെ വിപ്ലവമുണ്ടായി. പക്ഷേ അവിടെയൊന്നും അക്രമങ്ങളും ജയിച്ച വിഭാഗം തങ്ങളുടെ നീതി നടപ്പാകാന്‍ ശ്രമിക്കുന്നതും ഒഴിവാക്കാനായില്ല.”

ടുണീഷ്യയില്‍ നിലനിന്നിരുന്ന ഏകാധിപത്യ സാമ്രാജ്യത്തെ കുറിച്ച് പ്രാദേശികമായോ അന്താരാഷ്ട്രതലത്തിലോ അധികം വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ആദ്യം പ്രസിഡന്‍റ് ഹബീബ് ബൂര്‍ഗിബയുടെയും ശേഷം പിന്‍ഗാമിയായിരുന്ന സൈന്‍-ഉല്‍ ആബിദീന്‍ ബെന്‍ അലിയുടെയും ഭരണത്തിന്‍ കീഴില്‍ ടുണീഷ്യയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാര്‍ക്കറ്റ് ചെയ്യാനായിരുന്നു ശ്രമം. പ്രക്ഷോഭത്തെ തുടര്‍ന്നു ബെന്‍ അലി പലായനം ചെയ്ത ശേഷം രാജ്യത്ത് രാഷ്ട്രീയ മാറ്റങ്ങളും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളും നടക്കുന്ന വര്‍ഷങ്ങളിലും സ്റ്റേറ്റ് സ്പോണ്‍സേഡ് ക്രൂരതകള്‍ ഇവിടെ തുടര്‍ന്നിരുന്നു, എന്നാല്‍ അത് പൊതു സമൂഹത്തിനു ദൃശ്യമായിരുന്നില്ല.

കഴിഞ്ഞ കാലത്തെ ക്രൂരതകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി Truth and Dignity കമ്മീഷന്‍ സ്ഥാപിച്ചപ്പോള്‍ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഇതിന്‍റെ ചെലവിനെ കുറിച്ചും ലക്ഷ്യപ്രാപ്തിയെ കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നിട്ടും 65,000ത്തോളം പരാതികളാണ് കമ്മീഷനു ലഭിച്ചത്. ഇവയില്‍ ചിലത് 1955 മുതല്‍ക്കുള്ളതാണ്. ഏകദേശം 10,000 കേസുകളില്‍ അന്വേഷണം നടന്നു. ഇടയ്ക്കു വച്ച് പുതിയ പരാതികള്‍ സ്വീകരിക്കാനുള്ള അനുമതി ജൂണ്‍ വരെ റദ്ദാക്കി.

പുറത്താക്കപ്പെട്ട പ്രസിഡന്‍റിന്റെ ഭാര്യയുടെ ഉടമസ്ഥതയിലായിരുന്ന സ്പായുടെ എട്ടു കോണുകളുള്ള ഒരു മുറിയിലാണ് ഹിയറിങ്ങുകള്‍ നടക്കുന്നത്. ചിലപ്പോള്‍ കേട്ടിരിക്കാന്‍ പോലും വിഷമമുണ്ടാക്കുന്നവയാണ് ഇവ. പീഡനങ്ങളുടെയും നഷ്ടങ്ങളുടെയും അനുഭവങ്ങള്‍ ഇരയായവര്‍ വിവരിക്കുന്നതു കേള്‍ക്കുമ്പോള്‍ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കാണാം.

“വിചാരണ പലപ്പോഴും ഭൂമികുലുക്കം പോലെയുള്ള അനുഭവമായിരുന്നു. ടുണീഷ്യന്‍ പൌരന്‍മാര്‍ക്കിടയില്‍ ശക്തമായ മാനുഷിക ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ അവയ്ക്കു കഴിഞ്ഞു,” സ്ത്രീകളായ ഇരകള്‍ക്കു വേണ്ടിയുള്ള കമ്മീഷനെ നയിക്കുന്ന ഇബ്തിഹാല്‍ അബ്ദെല്ലാത്തീഫ് പറഞ്ഞു.

സ്ത്രീകളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതു തന്നെ വലിയൊരു കടമ്പയായിരുന്നു. കമ്മീഷനു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ 23 ശതമാനം മാത്രമാണു സ്ത്രീകളുടേത്.

ധാരാളം സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി പരാതി നല്കാനെത്തിയിരുന്നുവെന്ന് അവര്‍ പറഞ്ഞു. “പുരുഷന്‍മാര്‍ക്കു തുല്യമോ അതിലേറെയോ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് സ്ത്രീകള്‍ക്കാണ്, എന്നിട്ടും ഇതാണവസ്ഥ.”

“വര്‍ഷങ്ങളോളം സ്വന്തം കുടുംബവും സമൂഹവും ഇവരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു, പ്രത്യേകിച്ച് വളരെ യാഥാസ്ഥിതികരായ കൂട്ടര്‍ താമസിക്കുന്ന ഇടങ്ങളില്‍. തങ്ങളെ ദ്രോഹിച്ച വ്യക്തികളെയും വ്യവസ്ഥകളെയും നേരിടാന്‍ തുനിഞ്ഞാല്‍ ചുറ്റുമുള്ളവര്‍ കുറ്റപ്പെടുത്തും എന്ന ഭയമായിരുന്നു ആ സ്ത്രീകള്‍ക്ക്,” അബ്ദെല്ലാത്തീഫ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഭാഗം പറയാന്‍ മുന്നോട്ടു വന്ന സ്ത്രീകളുടെ വാക്കുകളില്‍ നിന്ന് സ്റ്റേറ്റ് എങ്ങനെയാണ് ഇവരെ ഒറ്റപ്പെടുത്തിയിരുന്നതെന്നും ബലാല്‍സംഗം, വിവാഹം കഴിക്കാന്‍ അനുവദിക്കാതിരിക്കല്‍ തുടങ്ങിയ ഭീഷണികളിലൂടെയും  ഭാര്യമാരെ വിവാഹമോചനം നടത്താന്‍ ഭര്‍ത്താക്കന്മാരെ നിര്‍ബന്ധിച്ചുമെല്ലാം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതെന്നും വ്യക്തമാണ്. ടുണീഷ്യയെ പറ്റി ശ്രദ്ധാപൂര്‍വ്വം മെനഞ്ഞുണ്ടാക്കിയ, സ്ത്രീകളുടെ അവകാശസംരക്ഷകര്‍ എന്ന പ്രതിച്ഛായയാണ് ഈ പ്രസ്താവനകളിലൂടെ തകരുന്നത്.

ബെന്‍ അലിയുടെ ഭരണകാലത്ത് തടവുകാരായിരുന്നപ്പോള്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ എല്‍വികിലും മറ്റ് മൂന്നു സ്ത്രീകളും നഗരത്തിലെ ഒരു കമ്യൂണിറ്റി സെന്‍ററിലിരുന്ന് നിശബ്ദരായി കരഞ്ഞു. പഴകി ചീഞ്ഞ ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചിരുന്നതും കന്യകാത്വ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വന്നതും ഇസ്ളാമിക നമസ്കാരത്തിനു മുന്‍പുള്ള ശരീര ശുദ്ധി വരുത്തല്‍ ചെയ്യാന്‍ സമ്മതിക്കാതെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വെള്ളം നല്കാതിരുന്നതുമെല്ലാം അവര്‍ ഓര്‍മിച്ചു.

തൊണ്ണൂറുകളുടെ ആദ്യകാലങ്ങളില്‍ തങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ ആയിരിക്കേ യാഥാസ്ഥിതിക വേഷങ്ങള്‍ ധരിച്ചതിനും ശിരോവസ്ത്രം ഉപയോഗിച്ചതിനുമാണ് ടുണീഷ്യന്‍ ഭരണകൂടം തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചതെന്ന് അവര്‍ കരുതുന്നു.

ടുണീഷ്യയുടെ ഔദ്യോഗിക മതം ഇസ്ലാമാണ്. എങ്കിലും പൊതുഇടങ്ങളില്‍ ശിരോവസ്ത്രം ഉപയോഗിക്കുന്നത് 1981ല്‍ നിരോധിച്ചിരുന്നു. മതേതര ഭരണകൂടം അത്തരം യാഥാസ്ഥിതിക വസ്ത്രധാരണത്തെ പിന്നോക്കരീതിയായും വിഭാഗീയതയായുമാണ് അക്കാലത്ത് കണ്ടത്. ആ നിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും 2011ലെ വിപ്ലവത്തിനു ശേഷം പൊതുവേ അവഗണിക്കപ്പെട്ടിരിക്കുകയാണ്.

നിരോധനം നിലവില്‍ വന്നതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ “ശിരോവസ്ത്രം അണിഞ്ഞ സ്ത്രീകളെ പോലീസ് തെരുവുകളില്‍ അപമാനിക്കുകയും നിരന്തരം പോലീസ് സ്റ്റേഷനുകളിലേയ്ക്ക് വിളിപ്പിക്കുകയും ചെയ്തുപോന്നു. സ്വകാര്യ മേഖലകളില്‍ അവര്‍ ഒഴിവാക്കപ്പെട്ടു,” ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ട്രാന്‍സിഷണല്‍ ജസ്റ്റിസ് നടത്തിയ പഠനങ്ങള്‍ പറയുന്നു.

ഡ്രൈവിങ് ലൈസന്‍സ്, വീട്ടിലെ കുടിവെള്ള, മാലിന്യ കണക്ഷനുകള്‍ തുടങ്ങി നിത്യജീവിതത്തിലെ അത്യാവശ്യകാര്യങ്ങള്‍ വരെ പ്രാദേശിക അധികാരികള്‍ വര്‍ഷങ്ങളോളം തടഞ്ഞു വച്ചുവെന്ന് ചില സ്ത്രീകള്‍ പറയുന്നു.

നാല്‍പ്പതുകളിലെത്തിയ നാലു സ്ത്രീകള്‍ തങ്ങളുടെ പരാതികള്‍ കമ്മീഷനു നല്കി. തടവിലാക്കപ്പെട്ട സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പിന്‍റെ സ്ഥാപകരാണവര്‍.

കമ്മീഷനിലെ അന്വേഷകര്‍ ഒരു കേസ് പഠിച്ചു കഴിഞ്ഞാല്‍ അവര്‍ പരാതിക്കാരെ മൊഴി നല്‍കാനായി വിളിപ്പിക്കുന്നു. താന്‍ മാനസികമായി തളര്‍ന്നു പോകുമെന്നു ഭയന്ന് അത്തരം ഒരു മുഖാമുഖം ഒഴിവാക്കിയതായി എല്‍വികില്‍ പറഞ്ഞു. മുന്നോട്ട് അന്വേഷണം കൊണ്ടുപോകണോ, കുറ്റമാരോപിക്കപ്പെട്ടവര്‍ നേരിടേണ്ട നടപടികള്‍ തുടങ്ങിയവ കമ്മീഷന്‍ തുടര്‍ന്നു തീരുമാനിക്കുന്നു.

നജത് ഗബ്സി എന്ന മുന്‍തടവുകാരി ഒരു നിയമവിദ്യാര്‍ത്ഥിനിയായിരുന്നു. ജഡ്ജിയാകണം എന്നായിരുന്നു അവരുടെ ആഗ്രഹം. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാനാകാത്തത്തിന്‍റെ വേദന അവര്‍ ഇന്നുമനുഭവിക്കുന്നു.

“അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏക പ്രതീക്ഷ ഞാനാണെന്ന് അച്ഛന്‍ പറയുമായിരുന്നു. പക്ഷേ അവസാനം ഞാന്‍ അദ്ദേഹത്തിന് അപമാനമായി മാറി. പീഢനങ്ങളുടെ ഇരയായിരുന്നുവെങ്കിലും എന്‍റെ കുടുംബത്തിന്‍റെ ദുരിതങ്ങള്‍ക്ക് കാരണം ഞാനാണെന്നു തോന്നിപ്പോകുമായിരുന്നു,” അവര്‍ പറയുന്നു.

തന്‍റെ ജയില്‍വാസം മൂലം സഹോദരിക്ക് വിവാഹം കഴിക്കാനാവാതെ വന്നതും സഹോദരന് ജോലി കിട്ടാതെയായതും ഓര്‍ത്ത് അവരുടെ കണ്ണുകള്‍ നിറഞ്ഞു.

“ജീവിതകാലം മുഴുവന്‍ അച്ഛന്‍റെ കണ്ണുകളിലെ കുറ്റപ്പെടുത്തല്‍ ഞാന്‍ കണ്ടു, അദ്ദേഹം മരിക്കുന്നതു വരെ,” ഗബ്സി പറയുന്നു.

എന്നാല്‍ സഹതാപമല്ല തങ്ങള്‍ക്കു വേണ്ടതെന്നും ഇത്തരമൊരവസ്ഥ ഇനിയുണ്ടാകാതിരിക്കാനുള്ള, ശക്തമായ രാഷ്ട്രീയ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ആ സ്ത്രീകള്‍ പറയുന്നു.

“ജീവിതത്തില്‍ മുന്നേറണമെന്നും ഉയര്‍ന്നു പറക്കണമെന്നും ഞാന്‍ എന്‍റെ മകളോടു പറയാറുണ്ട്, എനിക്കതിന് കഴിഞ്ഞില്ലെങ്കിലും. അവരെന്നെ അടിച്ചമര്‍ത്തിയെങ്കിലും എന്‍റെ മക്കള്‍ നന്നായി ജീവിക്കും,” എല്‍വികില്‍ പറഞ്ഞു.

This post was last modified on December 22, 2016 8:34 am