X

ബ്രെക്സിറ്റ് മന്ത്രിക്കു പിന്നാലെ വിദേശകാര്യമന്ത്രി: എന്താണ് മന്ത്രിമാരെ പ്രകോപിപ്പിച്ച പൊതുനിയമാവലി?

ബ്രെക്സിറ്റ് 2019ൽ നടപ്പാകുന്നതോടെ യൂറോപ്യൻ പാർലമെന്റ് അംഗത്വം ഇല്ലാതാകും ബ്രിട്ടന്. എന്നാൽ, പൊതുനിയമാവലി അംഗീകരിക്കുന്നതോടെ യൂറോപ്യൻ പാർലമെന്റിന്റെ പല തീട്ടൂരങ്ങൾക്കും നിന്നു കൊടുക്കേണ്ടതായും വരും.

General view of the Plenary chamber in Brussels - PHS Hemicycle - Plenary session week 46 2014

തെരേസ മേ സർക്കാരിന്റെ നയപരിപാടികളെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തി വിദേശകാര്യമന്ത്രി ബോറിസ് ജോൺസൻ രാജിവെച്ചു. ബ്രെക്സിറ്റ് കാര്യ മന്ത്രി ഡേവിഡ് ഡേവിസും, ബ്രെക്സിറ്റ് മന്ത്രാലയത്തിലെ ഡേവിസ്സിന്റെ ജൂനിയർ മന്ത്രിയായ സ്റ്റീവ് ബേക്കറും കഴിഞ്ഞദിവസം രാജി വെച്ചൊഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ രാജി വരുന്നത്. ബ്രെക്സിറ്റ് തന്നെയാണ് രാജിക്കു പിന്നിൽ.

എന്താണ് രാജിക്കു പിന്നിലെ കാരണങ്ങൾ

യുകെ ബ്രെക്സിറ്റ് നടപ്പാക്കാൻ തീരുമാനമെടുത്തുവെങ്കിലും അതിനായി രൂപപ്പെടുത്തുന്ന ചട്ടങ്ങളെ ലഘൂകരിച്ച് യൂറോപ്യൻ യൂണിയനു കൂടി ഗുണം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങളെ കൊണ്ടുവരാൻ ശക്തമായ സമ്മർദ്ദം നിലവിലുണ്ട്. ഈ സമ്മർദ്ദത്തിന് പ്രധാനമന്ത്രി തെരേസ മേ വഴിപ്പെടുന്നുവെന്നത് മന്ത്രിമാര്‍ക്കിടയിലും കൺസെർവേറ്റീവ് പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിലും നിലവിലുള്ള പരാതിയാണ്. ബ്രെക്സിറ്റ് നടപ്പായതിനു ശേഷവും യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ വ്യാപാരബന്ധങ്ങളിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഒരു ഒരു പൊതുചട്ടം പരിപാലിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. ഈ ആവശ്യത്തോട് തെരേസ മേയ്ക്ക് മൃദു സമീപനമാണ് ഉള്ളത്. തെരേസ മേ ശ്രമിക്കുന്നത് ബ്രക്സിറ്റിൽ വെള്ളം ചേർത്ത് ഒരു ‘മൃദു ബ്രക്സിറ്റ്’ നടപ്പാക്കുകയാണെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രക്സിറ്റ് നിലപാടുകാർ ആരോപിക്കുന്നു. ഇതാണ് മന്ത്രിമാരുടെ രാജിയിലേക്കു വരെ നയിച്ച പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്.

ബ്രെക്സിറ്റ് അനന്തര യുകെയുടെ വ്യാപാര ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളെ എങ്ങനെ നേരിടുമെന്നത് പ്രധാനമന്ത്രിയെന്ന നിലയിൽ തെരേസ മേയുടെ ആശങ്കയാണ്. യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളുമായി മാത്രമല്ല, പുറത്തുള്ള രാജ്യങ്ങളുമായും വ്യാപാരക്കരാറുകൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തന്നെയാണ്. ബ്രിട്ടന്റെ 47 ശതമാനം കയറ്റുമതിവ്യാപാരവും 54 ശതമാനം ഇറക്കുമതി വ്യാപാരവും ഇവരെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പൂർണമായ വിടുതല്‍ നേടുന്നതോടെ ഈ ബന്ധങ്ങൾ അറ്റുപോകും. നികുതിരഹിത വ്യാപാരങ്ങൾ ഉടൻ തടസ്സപ്പെട്ടില്ലെങ്കിലും പ്രതിസന്ധിയിലാകും. ഈ പ്രശ്നത്തെ നേരിടാൻ കോമൺവെൽത്ത് രാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായുമുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്നാണ് ബ്രെക്സിറ്റ് അനുകൂലികൾ പറയുന്നത്. എന്നാൽ ഇതിനെത്ര കാലമെടുക്കും എന്ന ചോദ്യം ഗൗരവപ്പെട്ടതാണ്. ഒരു വ്യാപാരക്കരാർ രൂപപ്പെട്ടു വരാൻ വർഷങ്ങളെടുക്കും എന്നതാണ് സ്ഥിതി. കോമൺവെൽത്ത് രാജ്യങ്ങളാണെങ്കിൽ സമയം കൂടുതലെടുക്കുമെന്നതാണ് യാഥാർത്ഥ്യം. ഈ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നതാണ് തെരേസ മേയുടെ മുന്നിലുള്ള അടയന്തിര പ്രശ്നം.

ഈ പ്രശ്നത്തെ നേരിടാൻ തെരേസ മേ എത്രത്തോളം സജ്ജയാണ് എന്ന ചോദ്യം വേറെ വരുന്നുണ്ട്. കുടിയറ്റക്കാരോട് സൗഹാർദ്ദരഹിത അന്തരീക്ഷ സൃഷ്ടിക്കാനുള്ള മേയുടെ നിലപാട് പൊതുവിൽ ഇതര രാജ്യങ്ങളെ വെറുപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വരെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് പുറംതള്ളിയ നിലപാടിൽ ഇന്ത്യ അടക്കമുള്ള കോമൺവെൽ‌ത്ത് രാജ്യങ്ങൾക്ക് ഈ അതൃപ്തി ഉള്ളിലുണ്ട്. ഇക്കാരണത്താൽ തന്നെ വ്യാപാരക്കരാറുകൾ എത്രയെളുപ്പത്തിൽ നടപ്പായിക്കിട്ടണമെന്നില്ല. ബ്രിട്ടന്റെ പ്രതിസന്ധിയെ കരാറിലേർപ്പെടുന്ന രാജ്യങ്ങൾ മുതലെടുത്ത് തങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ കരാറിനെ കൊണ്ടുപോകാനുള്ള സാധ്യതയും വളരെയധികമാണ്. ചരിത്രത്തിൽ തെരേസ മേ എല്ലാ ബ്രിട്ടീഷുകാരാലും വെറുക്കപ്പെടാനുള്ള സാഹചര്യം വരെ സ‍ൃഷ്ടിക്കപ്പെട്ടേക്കാം. തന്റെ കുടിയേറ്റ വിദ്വേഷവും ബ്രെക്സിറ്റ് ആഗ്രഹവും തമ്മില്‍ സംതുലനപ്പെടുത്താനുള്ള കഠിനമായ ശ്രമത്തിലാണ് മേ എന്നു പറഞ്ഞാൽ തെറ്റാവില്ല.

എന്താണ് കോമൺ റൂൾ ബുക്ക്

വ്യാപാരകാര്യങ്ങളിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങൾ ഒരു പൊതു വിപണിനിയമാവലി പാലിക്കേണ്ടതുണ്ട്. യുകെ ബ്രെക്സിറ്റ് നടപ്പാക്കുന്നതോടെ ഈ നിയമാവലി പാലിക്കേണ്ട ബാധ്യത ഇല്ലാതാകും. ബ്രിട്ടനെക്കൊണ്ട് എങ്ങനെയെങ്കിലും ഈ വിപണിനിയമാവലിയെ പൂർണമായി തള്ളാതിരിക്കാനുള്ള നയം എടുപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ സമ്മർദ്ദം ചെലുത്തുന്നത്. ഇതിനായി ഒരു കോമൺ റൂൾബുക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുൻ നിയമാവലിയുടെ ചില ഭാഗങ്ങള്‍ ചേരുന്നതാണ് ഈ റൂൾബുക്ക്. യൂറോപ്യൻ യൂണിയൻ അംഗങ്ങളല്ലാത്ത നോർവേയും ഐസ്‌ലാൻഡും ഈ നിയമാവലി പാലിക്കുന്നുണ്ട്. ഈ രീതിയിൽ ബ്രിട്ടന് നിലനിന്നുകൂടേ എന്നതാണ് യൂറോപ്യൻ യൂണിയന്റെ ചോദ്യം; തെരേസ മേയുടെ ആവശ്യം.

എന്താണ് മന്ത്രിമാരുടെയും തെരേസ വിരുദ്ധരുടെയും ആശങ്ക

യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രെക്സിറ്റ് 2019ൽ നടപ്പാകുന്നതോടെ യൂറോപ്യൻ പാർലമെന്റ് അംഗത്വം ഇല്ലാതാകും ബ്രിട്ടന്. എന്നാൽ, പൊതുനിയമാവലി അംഗീകരിക്കുന്നതോടെ യൂറോപ്യൻ പാർലമെന്റിന്റെ പല തീട്ടൂരങ്ങൾക്കും നിന്നു കൊടുക്കേണ്ടതായും വരും. അതായത് നിയമം നിർമിക്കാൻ അധികാരമില്ല, നിയമം അനുസരിക്കാൻ ബാധ്യസ്ഥതയുമുണ്ട് എന്ന നില. ഇത് അപമാനകരമാണെന്ന് കൺസെർവേറ്റീവ് പാർട്ടിയിലെ തെരേസ വിരുദ്ധരും പാർലമെന്റിലെ വലിയൊരു വിഭാഗം അംഗങ്ങളും മന്ത്രിമാരും കരുതുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ പണയം വെക്കലാണിതെന്നാണ് മനസ്സിലാക്കപ്പെടുന്നത്. ഇതിനോട് തെരേസ മേയ്ക്ക് മറുപടി പറയാനുണ്ട്. ഭാവിയിൽ ഈ പൊതുനിയമാവലിയിൽ എന്തെങ്കിലും മാറ്റം വരുത്താൻ യൂറോപ്യൻ പാർലമെന്റ് തീരുമാനിക്കുകയാണെങ്കിൽ അതിൽ തീരുമാനമെടുക്കാൻ‌ ബ്രിട്ടിഷ് പാർലമെന്റിന് അധികാരമുണ്ട്. വേണമെങ്കിൽ പിന്മാറാം.

This post was last modified on July 10, 2018 1:01 pm