X

ബ്രെക്സിറ്റ് ചർച്ചകൾ: ഡോമിനിക് റാബ് മൈക്കേൽ ബാർനിയറെ കാണും

2019 മാർച്ച് 29നാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിടുതൽ വാങ്ങുക.

യുകെയുടെ ബ്രെക്സിറ്റ് സഹമന്ത്രിയായ ഡോമിനിക് റാബ് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് സന്ധിസംഭാഷണ ചുമതലയുള്ള മിച്ചൽ ബാർണിയറെ കാണും. ആറുമണിക്കൂർ ദൈർഘ്യമുള്ള ചർച്ചയാണ് നടക്കുക എന്നറിയുന്നു. ഒക്ടോബർ 17ന് യുറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്നതിനു മുന്നോടിയായി ഈ കൂടിക്കാഴ്ച നടക്കും.

പിരിയുന്നതിനു മുമ്പായി ഒരു ഉടമ്പടി തയ്യാറാക്കാമെന്നാണ് ഇരുകൂട്ടരുടെയും പ്രതീക്ഷ. ഭാവിയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള കച്ചവടബന്ധങ്ങൾക്ക് അടിത്തറയിടുന്ന ധാരണകളിലേക്ക് ഈ ചർച്ചയിലൂടെ എത്തിച്ചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഈ നീക്കത്തെ വിമർശിച്ച് കൺസെർവേറ്റീവ് പാർട്ടിയിൽ നിന്നു തന്നെ പ്രമുഖർ രംഗത്തുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മൃദു ബ്രെക്സിറ്റ് നയത്തിൽ പ്രതിഷേധിച്ച് രാജിവെച്ച മുൻ വിദേശകാര്യമന്ത്രി ബോറിസ് ജോൺസൻ വിമർശനവുമായി രംഗത്തുണ്ട്.

കച്ചവടത്തിൽ യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ പിന്തുടരാനുള്ള തെരേസ മേയുടെ ആഗ്രഹത്തെ വലിയ വിഭാഗം എംപിമാർ എതിർക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 മാർച്ച് 29നാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിടുതൽ വാങ്ങുക.

ബ്രെക്സിറ്റ് മന്ത്രിയായിരുന്ന ഡെവിഡ് ഡേവിസിന്റെ രാജിയെത്തുടർന്ന് ജൂലൈ മാസത്തിലാണ് റാബ് ചുമതലയേറ്റെടുത്തത്. ബാർനിയറുമായുള്ള ചർച്ചകൾക്ക് ഏറെ ഉത്സാഹം കാണിച്ചതും ഇദ്ദേഹം തന്നെയാണ്. തുടർച്ചയായ ചർച്ചകൾ ആവശ്യമാണെന്ന് റാബ് ചുമതലയേറ്റയുടനെ പ്രഖ്യാപിച്ചു. തെരേസ മേയുടെ ബ്രെക്സിറ്റ പദ്ധതിയോട് യൂറോപ്യൻ യൂണിയനെ അടുപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള സമ്മർദ്ദങ്ങൾ പല കോണുകളിൽ നിന്നും ചെലുത്തുന്നുണ്ട് തെരേസ മേയെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് എംപിമാരും മന്ത്രിമാരും. കഴിഞ്ഞദിവസം, മേയുടെ ബ്രെക്സിറ്റ് പരിപാടി അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് മുതിർന്ന എംപിമാരിലൊരാളായ ഡേവിഡ് ലിഡിങ്ടൺ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പരാജയപ്പെട്ടാൽ ഉടമ്പടികളില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

This post was last modified on August 31, 2018 4:40 pm