X

ബ്രെക്സിറ്റ് ഉടമ്പടി: യുകെ മന്ത്രിമാർ രാജിവെച്ചു; തെരേസ മേയ്ക്ക് തിരിച്ചടി

പ്രധാനമന്ത്രിയുടെ 'മൃദു ബ്രെക്സിറ്റ്' നിലപാടിനോട് കടുത്ത വിയോജിപ്പുള്ള കൺസർവ്വേറ്റീവ് പാർട്ടിയിലെ 'ദൃഢ ബ്രെക്സിറ്റ്' ആശയക്കാർ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.

ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായി പുലർത്തേണ്ട ബന്ധം സംബന്ധിച്ച് കടുത്ത അഭിപ്രായഭിന്നതകൾ ഉയർന്നു വന്നിട്ടുള്ള യുകെ പാർലമെന്റിൽ ഇന്ന് തെരേസ മേയ്ക്ക് സ്വന്തം പാർട്ടിയിൽ നിന്ന് തിരിച്ചടി. തന്റെ ബ്രെക്സിറ്റ് പദ്ധതി അവതരിപ്പിച്ച് സമ്മതി നേടാനായി കൂടിയ പാർലമെന്റ് സമ്മേളനത്തിൽ വെച്ച് നാല് മന്ത്രിമാർ രാജി വെച്ച് പുറത്തുപോയി. ഇതിൽ ബ്രെക്സിറ്റ് സെക്രട്ടറി കൂടി ഉൾപ്പെടുന്നുവെന്നത് തിരിച്ചടിയുടെ ആഴം കൂട്ടുന്നു.

യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് ഉടമ്പടിയിൽ ഏർപ്പെടുക എന്നതിന്റെ ബദലായി ബ്രെക്സിറ്റ് നടപ്പാക്കാതിരിക്കുക എന്നത് മാത്രമാണെന്ന് നിലപാട് പ്രഖ്യാപിച്ചാണ് തെരേസ മേ പാർലമെന്റിൽ സംസാരിച്ചത്. ഒരു ഉടമ്പടി സ്ഥാപിക്കാനായാൽ രാജ്യത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും മുമ്പോട്ടു പോകുന്നതിന്റെ നിരവധി തടസ്സങ്ങൾ അത് നീക്കുമെന്നും മേ പറഞ്ഞു. അടുത്ത വർഷം മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപ്പാകുക.

ഒരു ഉടമ്പടിയുമില്ലാതെ പുറത്തുവരാനും, ബ്രെക്സിറ്റ് തന്നെ ഇല്ലാതാക്കാനും സാധിക്കുമെന്നും എന്നാൽ സാധ്യമായ ഏറ്റവും മികച്ച ഉടമ്പടിക്കു വേണ്ടി ശ്രമിക്കുന്നതാണ് ശരിയായ വഴിയെന്നും മേ പറഞ്ഞു. ബ്രിട്ടീഷ് ജനത ഇത് ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി.

എന്നാൽ, പ്രധാനമന്ത്രിയുടെ ‘മൃദു ബ്രെക്സിറ്റ്’ നിലപാടിനോട് കടുത്ത വിയോജിപ്പുള്ള കൺസർവ്വേറ്റീവ് പാർട്ടിയിലെ ‘ദൃഢ ബ്രെക്സിറ്റ്’ ആശയക്കാർ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ഈ ആശയസംഘർഷം ഏറ്റവും കടുത്തതാണെന്നതിന് തെളിവായി മാറി രണ്ട് അംഗങ്ങളുടെ രാജി. മേയുടെ ഉടമ്പടി നിർദ്ദേശങ്ങൾ യൂറോപ്യൻ യൂണിയന് കീഴടങ്ങുന്ന ഒന്നാണെന്നും അംഗീകരിക്കാനാകില്ലെന്നും രാജിവെച്ച ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

ദൃഢ ബ്രെക്സിറ്റ് നിലപാടുള്ള എസ്തർ മക്‌വേയാണ് രാജി വെച്ച മറ്റൊരു മന്ത്രി. പെൻഷന്‍കാര്യ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു മക്‌വേ. ‘ഒരു മോശം ഉടമ്പടിയെക്കാൾ ഒരു ഉടമ്പടിയും ഇല്ലാതിരിക്കലാണെന്ന നിലപാടിൽ നിന്നും ഒരു ഉടമ്പടിയും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലുമൊരു ഉടമ്പടി ഉണ്ടായിരിക്കലാണെന്ന നിലപാടിലേക്ക് നമ്മൾ വീണു’വെന്ന് അവർ തന്റെ നിരാശ പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് ജെരെമി കോർബിൻ തെരേസ മേയുടെ ഉടമ്പടി നിര്‍ദ്ദേശങ്ങളെ വിമർശിച്ച് രംഗത്തു വന്നിട്ടുണ്ട്. മേ തന്റെ പാതിവെന്ത ഉടമ്പടിനിർദ്ദേശങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജൂനിയർ ബ്രെക്സിറ്റ് മന്ത്രിയായ സുവെല്ല ബ്രേവർമാനും ജൂനിയർ നോർതേൺ അയർലാൻഡ് മന്ത്രിയായ ശൈലേഷ് വാരയും രാജി വെച്ചവരുടെ കൂട്ടത്തിൽ പെടുന്നു.