X

ശ്രീനഗര്‍ എന്‍ഐടിയില്‍ വീണ്ടും സംഘര്‍ഷം; സിആര്‍പിഎഫിനെ നിയോഗിച്ചു

അഴിമുഖം പ്രതിനിധി

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ശ്രീനഗര്‍ ഐഐടിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ക്രമസമാധാന പാലനത്തിലായി സിആര്‍പിഎഫിനെ നിയോഗിച്ചു.

കശ്മീരിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരം പ്രധാന കവാടത്തിലേക്ക് നടത്തിയ പ്രകടനത്തിനുനേരെ ലാത്തി വീശി. തുടര്‍ന്നാണ് സിആര്‍പിഎഫിനെ നിയോഗിച്ചത്.

500 ഓളം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. ത്രിവര്‍ണ പതാക വിദ്യാര്‍ത്ഥികള്‍ കൈയിലേന്തിയിരുന്നു. ഇവര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ലാത്തി വീശിയതെന്ന് പൊലീസ് പറയുന്നു.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി.

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ വിജയം കാമ്പസില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചുവെന്നാരോപിച്ച് കശ്മീരിന് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് കാമ്പസ് ഇന്നലെയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. 2500 ഓളം വിദ്യാര്‍ത്ഥികളും 400 ഓളം അക്കാദമിക വിദഗ്ദ്ധരുമാണ് കാമ്പസിലുള്ളത്. വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരാണ്.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment