X

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

വാഹന പരിശോധനയ്ക്കുള്ള അധികാരം പോലീസിനില്ലെന്ന് മുഖ്യമന്ത്രിയില്‍ നിന്നും എഴുതി വാങ്ങിക്കൊണ്ടുവന്നാല്‍ മാത്രമേ താന്‍ പിന്മാറൂവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ നിലപാട്

ബിജെപി നേതാക്കളെ എതിര്‍ക്കുകയും ഉദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ സിയാന സര്‍ക്കിളിലെ ഉദ്യോഗസ്ഥ ശ്രേഷ്ത താക്കൂര്‍ ആണ് നടപടി നേരിട്ടത്.

ബഹ്‌റൈച്ചിലേക്കാണ് ഇവരെ സ്ഥലംമാറ്റിയിരിക്കുന്നത്. 11 ബിജെപി എംഎല്‍എമാരും ഒരു എംപിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഒരാഴ്ച മുമ്പുണ്ടായ സംഭവം പ്രദേശിക ബിജെപി നേതാക്കള്‍ അഭിമാനപ്രശ്‌നമായാണ് എടുത്തിരുന്നത്. ഇതേത്തുടര്‍ന്ന് അവര്‍ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിക്കാന്‍ താക്കൂറിനെ സ്ഥലംമാറ്റണമെന്ന് പാര്‍ട്ടിയുടെ സിറ്റി പ്രസിഡന്റ് മുകേഷ് ഭരദ്വാജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെക്കുറിച്ച് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

ജൂണ്‍ 22നാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സിയാന മേഖലയില്‍ ഇക്കഴിഞ്ഞ 22ന് വാഹന പരിശോധന നടത്തിയ താക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ വ്യക്തിയെ പിടികൂടി 200 രൂപ പിഴ ഇട്ടിരുന്നു. എന്നാല്‍ ബിജെപി നേതാവ് പ്രമോദ് കുമാര്‍ എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ നിയമത്തിന് വഴങ്ങാന്‍ തയ്യാറായില്ല. ബുലന്ദ്ഷഹര്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവാണ് ഇയാള്‍. ഇയാള്‍ സംഭവസ്ഥലത്തു നിന്നുതന്നെ ബിജെപി നേതാക്കളെ വിളിച്ചുവരുത്തിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. സ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ പോലീസിന്റെ നടപടിയെ എതിര്‍ത്തു.

സ്ഥലത്തെത്തിയ ഭരദ്വാജ് താക്കൂറിനോടും മറ്റ് പോലീസുകാരോടും തട്ടിക്കയറുകയും ചെയ്തു. പിഴയീടാക്കാതെ വിട്ടയയ്ക്കാന്‍ ഒരു കോണ്‍സ്റ്റബിള്‍ പ്രമോദ് കുമാറിനോട് കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇയാള്‍ ആരോപിക്കുന്നു. അതേസമയം വാഹന പരിശോധനയ്ക്കുള്ള അധികാരം പോലീസിനില്ലെന്ന് മുഖ്യമന്ത്രിയില്‍ നിന്നും എഴുതി വാങ്ങിക്കൊണ്ടുവന്നാല്‍ മാത്രമേ താന്‍ പിന്മാറൂവെന്നായിരുന്നു താക്കൂറിന്റെ നിലപാട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

This post was last modified on July 2, 2017 2:12 pm