ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ ഒരു 16 കാരിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 16കാരിയായ അന്ദ്‌ലീബിനൊപ്പം 22കാരനായ ഷാകിര്‍ അഹമ്മദ്, 20കാരനായ ഇര്‍ഷാദ് മജീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും കുല്‍ഗാമിലെ ഹവൂറ സ്വദേശികളാണ്. കുല്‍ഗാമിലെ റെദ്വാനിയില്‍ ആര്‍മി പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ആക്രമണമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ സര്‍ച്ച് ഓപ്പറേഷനായിരുന്നു നടന്നത്. 10 പ്രതിഷേധക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ട് പേര്‍ക്ക് വെടിവയ്പിലാണ് പരിക്കേറ്റിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രകോപനപരമായ പ്രചാരണങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലേയ്ക്ക് നയിക്കുന്നത് ഒഴിവാക്കാന്‍ കുല്‍ഗാം, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ എന്‍എന്‍ വോറ ഉന്നതതല യോഗം വിളിച്ചു. പൊലീസ്, ആര്‍മി ഉദ്യോഗസ്ഥരെ യോഗത്തിന് വിളിച്ചിട്ടുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ വനിത വിഘടനവാദി ഗ്രൂപ്പായ ദുഖ്തരണ്‍ ഇ മിലാതിന്റെ നേതാവ് അസിയ അന്ദ്രാബിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിഘടനവാദി ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് സംഘര്‍ഷവും വെടിവയ്പും. അന്ദ്രാബിയേയും രണ്ട് അനുയായികളേയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ് പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികം ജൂലൈ എട്ടിനാണ്. 16കാരിയടക്കം മൂന്ന് പേര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.
Leave a Comment