X

ചൂര്‍ണിക്കര വ്യാജരേഖാ കേസ്: സീല്‍ പതിപ്പിച്ച് നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥന്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴെന്ന് അരുണ്‍

ആലുവ ചൂര്‍ണിക്കരയില്‍ വ്യാജ രേഖ ചമച്ച് നിലം നികത്തിയ കേസില്‍ ലാന്റ് റവന്യു ഓഫീസിലെ ജീവനക്കാരന്‍ അരുണിനെ അറസ്റ്റ് ചെയ്തു. അരുണ്‍ കൈപ്പറ്റിയത് 30,000രൂപ.

ആലുവ ചൂര്‍ണിക്കരയില്‍ വ്യാജ രേഖ ചമച്ച് നിലം നികത്തിയ കേസില്‍ ലാന്റ് റവന്യു ഓഫീസിലെ ജീവനക്കാരന്‍ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ കൈപ്പറ്റിയത് 30,000രൂപ. റസീപ്റ്റിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് അബു രേഖയുണ്ടാക്കി. ഇതില്‍ സീല്‍ പതിച്ച് നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥന്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്തെന്ന് അരുണ്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇടനിലക്കാരനായ ആലുവ സ്വദേശി അബു എന്നയാളെ എറണാകുളം റൂറല്‍ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് കാലടിയിലെ വീട്ടില്‍ പോലീസ് രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. വ്യാജരേഖകള്‍ തയ്യാറാക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പോലീസിന് മൊഴി നല്‍കിയിരുന്നു. പിടിയിലായ അബു സ്ഥലമുടമയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണെന്നാണ് വിലയിരുത്തല്‍. വിരമിച്ച ഉദ്യോഗസ്ഥരാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് എന്നാണ് സൂചന.

വ്യാജരേഖ തയ്യാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന അബുവിന്റെ മൊഴിയെ തുടര്‍ന്നാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇത്തരം ഭൂമിയിടപാടുകള്‍ നടത്തി പരിചയമുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു. പിടിയിലായ അബുവിനെ ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യ്തുവരികയാണ്.

തട്ടിപ്പ് സംബന്ധിച്ച് പൊലീസും വിജിലന്‍സും ലാന്‍ഡ് റവന്യൂ കമീഷണറേറ്റും പ്രത്യേകമായാണ് അന്വേഷണം നടത്തുന്നത്. ചൂര്‍ണിക്കര പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉടമ മണ്ണിട്ട് നികത്തി ഗോഡൗണ്‍ നിര്‍മിച്ചിരുന്നു. ഭൂമിയില്‍ വീണ്ടും നിര്‍മാണം നടത്താന്‍ ഉടമ ശ്രമിച്ചപ്പോഴാണ് അബു ഇടപെട്ട് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത്. കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവാണ് അബു ആദ്യം തയ്യാറാക്കിനല്‍കിയത്. ശ്രീഭൂതപുരം ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പ് പറമ്പിനരുകിലേക്ക് മാറ്റിസ്ഥാപിക്കാമെന്നുപറഞ്ഞ് ഭൂവുടമയില്‍നിന്ന് 50,000 രൂപ തട്ടിയ സംഭവത്തില്‍ അബുവിനെതിരെ കാലടി പൊലീസിലും പരാതിയുണ്ട്.

read more:അച്ഛനെ കോമയില്‍ നിന്നുണര്‍ത്താന്‍ പഠനം; ഈ ഫുള്‍ എ പ്ലസ് ഒരു മകളുടെ മനക്കരുത്തിന്റെ വിജയം