X

പാലാരിവട്ടം മേല്‍പ്പാലം; മേല്‍നോട്ടത്തിന് ഉന്നതതല സമിതി

വിദഗ്ധരായ മൂന്നു ചീഫ് എഞ്ചിനീയര്‍മാരായിരിക്കും സമിതിയംഗങ്ങള്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ സാങ്കേതിക പ്രവര്‍ത്തികളില്‍ സഹായിക്കാനായി ഒരു ഉന്നത തല സമിതി രൂപീകരിക്കും. വിദഗ്ധരായ മൂന്നു ചീഫ് എഞ്ചിനീയര്‍മാരായിരിക്കും സമിതിയംഗങ്ങള്‍. മേല്‍പ്പാലത്തിന്റെ പുനഃസ്ഥാപനം നൂറുശതമാനവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനായി സര്‍ക്കാരാണ് ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. മദ്രാസ് ഐഐടി വിദഗ്ധ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സമതി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും ശാസ്ത്രീയമായാണ് നടക്കുന്നതെന്നു ഉറപ്പാക്കുന്ന ചുതലയായിരിക്കും നിര്‍വഹിക്കുക.

പാലാരിവട്ടം മേല്‍പ്പാലത്തിന് സംഭവിച്ച തകരാറിന്റെ പശ്ചാത്തലത്തില്‍ പാലം നിര്‍മാണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്തുകയാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. പാലം നിര്‍മാണത്തില്‍ അപാകത കാണിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കുന്ന കാര്യം നിയമ വകുപ്പുമായി ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

പാലം നിര്‍മാണത്തില്‍ കരാറുകാരും എന്‍ജിനീയര്‍മാരും ജാഗ്രത പാലിക്കണമെന്നും പാലങ്ങളുടെ ശക്തി, സൗന്ദര്യം ദീര്‍ഘായുസ് എന്നിവ ഉറപ്പാക്കണമെന്നും ജി. സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഓവര്‍സിയര്‍മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി അറിയിച്ചു. കരാര്‍ എടുക്കുന്നവര്‍ കൃത്യമായി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിര്‍മാണം നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.