X

ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ വഴി മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്നാലോ? സ്മൃതി ഇറാനിയുടെ മന്ത്രാലയം ആലോചിക്കുന്നു

ഇക്കാര്യം ആരാഞ്ഞ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആഭ്യന്തര മന്ത്രാലയത്തിന് ജനുവരിയില്‍ തന്നെ കത്ത് നല്‍കിയിരുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന നീക്കങ്ങളെ പറ്റി അറിയാനാണ് ഇതെന്നാണ് പറയുന്നത്.

വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ സര്‍ക്കുലറിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്തുടരാനുള്ള ആലോചനയുമായി സ്മൃതി ഇറാനിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. ഇക്കാര്യം ആരാഞ്ഞ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആഭ്യന്തര മന്ത്രാലയത്തിന് ജനുവരിയില്‍ തന്നെ കത്ത് നല്‍കിയിരുന്നതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന നീക്കങ്ങളെ പറ്റി അറിയാനാണ് ഇതെന്നാണ് പറയുന്നത്.

പിഐബിയുടെ ആവശ്യം ആഭ്യന്തര മന്ത്രാലയം പരിഗണിച്ച് വരുകയാണ്. അതേസമയം നടപ്പാക്കാന്‍ കഴിയാത്ത അപ്രായോഗികമായ ആവശ്യമാണ് ഇതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞതായും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിഐബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോന ഈ നീക്കം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ നിയമിക്കുന്ന സെന്‍ട്രല്‍ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയാണ്. പിഐബി ഡയറക്ടര്‍ ജനറലാണ് ഇതിന്റെ അധ്യക്ഷ സ്ഥാനം വഹി്ക്കുന്നത്.

മൂവായിരത്തിനടുത്ത് കാര്‍ഡുകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ടിവി കാമറാമാന്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമായി വിതരണം ചെയ്യുന്നത്. നിലവില്‍ അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാണിക്കുക മാത്രമേ സര്‍ക്കാര്‍ ഓഫീസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ ആര്‍എഫ്‌ഐഡി നിലവില്‍ വന്നാല്‍ ഈ കാര്‍ഡ് സൈ്വപ് ചെയ്യുകയോ പഞ്ച് ചെയ്യുകയോ ചെയ്യേണ്ടി വരും. മാധ്യമപ്രവര്‍ത്തകര്‍ വരുന്നതും പോകുന്നതും ആരെയൊക്കെയാണ് കാണുന്നത് എന്നത് സംബന്ധിച്ചും സര്‍ക്കാരിന് ഇതിലൂടെ ട്രാക്ക് ചെയ്യാനാകും.

ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ്‌സ് ഉപയോഗിച്ചാണ് ആര്‍എഫ്‌ഐഡി സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. 2015ല്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് പ്രധാന രേഖകള്‍ ചോര്‍ന്നത് മുതല്‍ സര്‍ക്കാര്‍ ഇത് ആലോചിച്ചുവരുകയാണ്. അതേസമയം സാധാരണ അക്രഡിറ്റേഷന്‍ കാര്‍ഡിന് പകരം ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ നടപ്പാക്കണമെങ്കില്‍ അഥിന് വലിയ ചിലവ് വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ഇതില്‍ താല്‍പര്യം കാണിക്കാതിരിക്കുന്നത്. നേരത്തെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഇന്‍ഫര്‍മേഷന്‍ – ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശവും വിവാദമായിരുന്നു.

നുണയും വ്യാജപ്രചരണങ്ങളും വഴി അധികാരത്തിലെത്തിയവര്‍ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന്‌ പിടിക്കുമ്പോള്‍

വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

This post was last modified on April 4, 2018 4:52 pm