X

ജയറാം താക്കൂര്‍ ഹിമാചല്‍ മുഖ്യമന്ത്രിയാകും; ബിജെപി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു

ഇത് അഞ്ചാം തവണയാണ് ജയറാം താക്കൂര്‍ നിയമസഭാംഗമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേംകുമാര്‍ ധുമല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകുന്നത്.

ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും. ബിജെപി നിയസഭ കക്ഷി യോഗം ജയറാം താക്കൂറിനെ നേതാവായി തിരഞ്ഞെടുത്തു. ഇത് അഞ്ചാം തവണയാണ് ജയറാം താക്കൂര്‍ നിയമസഭാംഗമാകുന്നത്. നിയമസഭ കക്ഷി യോഗത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ നിര്‍മ്മല സീതാരാമനും നരേന്ദ്ര സിംഗ് തോമറും പങ്കെടുത്തിരുന്നു. ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി അറിയിച്ചു. സെറാജ് മണ്ഡലത്തില്‍ നിന്നാണ് 52 കാരനായ ജയറാം താക്കൂര്‍ ജയിച്ചത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേംകുമാര്‍ ധുമല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകുന്നത്. ധുമലിന് വീണ്ടും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ചില നേതാക്കള്‍ തയ്യാറായിരുന്നു. എന്നാല്‍ ധുമല്‍ തന്നെ ജയറാം താക്കൂറിന്റെ പേര് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നതായി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി ജെപി നദ്ദയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ നദ്ദയടക്കമുള്ളവര്‍ താക്കൂറിനെ പിന്തുണച്ചതായി തോമര്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രേംകുമാര്‍ ധുമലിന്റെ മന്ത്രിസഭയില്‍ അംഗമായും ജയറാം താക്കൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.