നിയമസഭയിൽ മാസ്‌കും കൈയ്യുറയും ധരിച്ച് സഭയിൽ പ്രവേശിച്ചതിനെ ന്യായീകരിച്ചു കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ള. കേരള സർക്കാർ മറ്റെല്ലാം മാറ്റി വെച്ചു കോഴിക്കോട് പടർന്ന് പിടിച്ച നിപ്പ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് തന്റെ ആവശ്യം എന്ന് എം എൽ എ പറഞ്ഞു. നാടിന്റെ ഭീതി മാറിയിട്ടില്ല, കേരള സർക്കാറിന്റെ ഇടപെടലുകൾ ഇത്രയും പോര, ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്, ഊർജ്ജിത മാക്കേണ്ടതുണ്ട്, ചില പോരായ്മകളുണ്ട് – പാറക്കല്‍ അബ്ദുള്ള പറഞ്ഞു. അതേ സമയം മാരകമായ ഒരു രോഗത്തെ വരുതിയിൽ കൊണ്ടുവരാൻ വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോഴിക്കോട് പ്രദേശത്തെ ആശുപത്രികള്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാർക്കും എം എൽ എ നന്ദി അറിയിച്ചു. വളരെ ആത്മാർത്ഥമായ ഇടപെടലുകളെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ തുടരുന്ന നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്. ചോദ്യത്തരവേളയ്ക്കിടെയായിരുന്നു എംഎല്‍എയുടെ നടപടി. എംഎൽഎയുടെ നടപടി അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. സഭയിൽ ഇരിക്കുന്ന ആർക്കും നിപ്പ വൈറസ് ബാധയേറ്റിട്ടില്ല അബ്ദുള്ളയ്ക്ക് അത്തരം സംശയങ്ങൾ ഉണ്ടെങ്കിൽ സഭയിൽ നിന്ന് പുറത്തു പോകണം എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. തുടർന്ന് സോഷ്യൽ മീഡിയയിലും എംഎൽഎ ക്കെതിരെ പ്രതിഷേധവും ഉയർന്നു.
എന്നാൽ മാസ്കും കയ്യുറയും ധരിക്കുന്ന കോഴിക്കോട്ടുകാർ മുഴുവനും നിപ്പ രോഗികൾ അല്ല രോഗികളുമായി അടുത്ത് ഇടപഴകിയവരും അല്ല, രോഗത്തോട് ഭയപ്പാടുള്ളവരാണ്. ഇതൊക്കെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമൊക്കെ ഓർക്കുന്നത് നന്നായിരിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പാറക്കൽ അബ്ദുള്ള പറഞ്ഞു. താൻ മാസ്ക്ക് ധരിച്ചത് വിമർശിക്കുന്നവർ മലബാർ മേഖലയിൽ പൊതു സ്ഥലങ്ങളിൽ ഒന്ന് കണ്ണോടിക്കണമെന്നും. വേണ്ടത് ഭയമല്ല ജാഗ്രതയാണ് എന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങളൊക്കെ ഭയപ്പാടിലാണ് എന്നുള്ളതാണ് എന്നതാണ് വാസ്തവം എന്നും അബ്ദുള്ള പറഞ്ഞു.
This post was last modified on June 4, 2018 5:28 pm
Leave a Comment