എബിവിപി നേതാവിന്റെ പരാതിയില്‍ അസം കേന്ദ്ര സര്‍വകലാശാല അധ്യാപകനെ പുറത്താക്കി. മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ചാര്‍വാക് എന്ന അസോസിയേറ്റ് പ്രൊഫസറെയാണ് സര്‍വകലാശാല പുറത്താക്കിയത്. എന്നാല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തു. നവംബര്‍ 28നാണ് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോറികറിന്റെ പരാതിയില്‍ അധ്യാപകനെ പുറത്താക്കിയത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനാണ് ശ്രീഹരി ബോറികര്‍ പരാതി നല്‍കിയിരുന്നത്. എബിവിപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ചാര്‍വാകിന് രജിസ്ട്രാര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ചാര്‍വാകിന്റെ നിയമനം നിയമവിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു പിരിച്ചുവിടല്‍.
വൈസ് ചാന്‍സലര്‍ നിയമിച്ച നാലംഗ അന്വേഷണ സമിതി, ചാര്‍വാകിന്റെ നിയമനം ചട്ടവിരുദ്ധമാണ് എന്ന് കണ്ടെത്തിയിരുന്നതായി സര്‍വകലാശാല രജിസ്ട്രാര്‍ അവകാശപ്പെടുന്നു. അധ്യാപകനിയമനത്തിന് യുജിസി 2010ല്‍ നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചാര്‍വാകിന്റെ നിയമനം എന്നും രജിസ്ട്രാര്‍ അവകാശപ്പെടുന്നു. 2008ല്‍ റീഡര്‍ തസ്തികയിലാണ് ചാര്‍വാക് ജോലിയില്‍ ചേര്‍ന്നത്. യുജിസി മാര്‍ഗനിര്‍ദ്ദേശ പ്രകാരം റീഡര്‍ തസ്തിക അസോസിയേറ്റ് പ്രൊഫസറായി മാറിയിരുന്നു.
2015 മേയ് 16ന് ശ്രീഹരി ബോറികര്‍ പരാതി നല്‍കുമ്പോള്‍ സ്മൃതി ഇറാനിയായിരുന്നു വകുപ്പ് മന്ത്രി. പരാതിയില്‍ അവര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. അതേസമയം പ്രകാശ് ജാവദേക്കര്‍ വകുപ്പ് ഏറ്റെടുത്തതോടെ പരാതിക്കാരന് അനുകൂലമായ സമീപനമുണ്ടായി. ചാര്‍വാകിനൊപ്പം ഇത്തരത്തില്‍ നിയമവിരുദ്ധമായ നിയമനം എന്ന് പറഞ്ഞിരുന്ന മറ്റ് അധ്യാപകരെ പുറത്താക്കുകയോ എന്തെങ്കിലും നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല. തെളിവെടുപ്പിനായും കമ്മിറ്റി ആരെയും വിളിച്ചിട്ടില്ല. ഇത്തരത്തില്‍ യാതൊരു കാരണവും മുന്നറിയിപ്പുമില്ലാതെ തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ റിട്ട് ഹര്‍ജിയുമായി ഡിസംബര്‍ ആറിന് ചാര്‍വാക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ചാര്‍വാകിനെ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട അന്വേഷണ കമ്മിറ്റിയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചാര്‍വാക് ഡിസംബര്‍ 18നാണ് ജോലിയില്‍ പുനപ്രവേശിച്ചത്. ചാര്‍വാകിനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തുണ്ടായിരുന്നു. ബിജെപിയും വിദ്യാര്‍ത്ഥി സംഘടനയെ ഉപയോഗിച്ച് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല അടക്കമുള്ളവയില്‍ ചെയ്തത് തന്നെയാണ് ഇവിടെയും നടക്കുന്നതെന്ന് അധ്യാപക സംഘടനകളായ അസം യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എയുടിഎ) അടക്കമുള്ളവ കുറ്റപ്പെടുത്തി.
ചാര്‍വാക് ഒരു യുക്തിചിന്തകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമാണ്. നേരത്തെ ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ജോലി ചെയ്തിരുന്നു. പ്രാദേശിക പത്രങ്ങളില്‍ ചാര്‍വാക് എഴുതുന്ന ലേഖനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കാറുണ്ട്. മുഖോപാധ്യായ എന്ന ജാതി വാല്‍ മുറിച്ചുകളഞ്ഞയാളാണ് ചാര്‍വാക്. എബിവിപി – ബിജെപി നേതാക്കള്‍ അദ്ദേഹത്തെ നോട്ടമിട്ട് വച്ചിരിക്കുകയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
This post was last modified on December 26, 2017 3:16 pm
Leave a Comment