സുപ്രീംകോടതിയുടെ പ്രവര്‍ത്തനം തെറ്റായ രീതിയിലാണെന്ന് ആരോപിച്ചും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ രൂക്ഷമായി വിമര്‍ശിച്ചും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും. ഇന്ന് വൈകീട്ട് 7.30ന് ശേഷമായിരിക്കും കൂടിക്കാഴ്ച. ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഏഴംഗ അഭിഭാഷക സമിതിയാണ് ചീഫ് ജസ്റ്റിസിനെ കാണുക. നിലവിലെ ഗുരുതര പ്രതിസന്ധി സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് പുറമെ മറ്റ് ജഡ്ജിമാരുടേയും അഭിപ്രായം തേടും.
ചീഫ് ജസ്റ്റിസിനെ വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശിച്ച ജഡ്ജിമാരുടെ നടപടിയെ ബാര്‍ കൗണ്‍സില്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതിയുടെ സംവിധാനത്തെ ഇത് ഉലച്ചതായി ബാര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സമാധാനപരമായും വേഗത്തിലും ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിഴുപ്പലക്കേണ്ട. ക്യാമറകളുടെ മുന്നിലേയ്ക്ക് പോകുന്നത് ഈ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു.
അതേസമയം വിമര്‍ശനമുയര്‍ത്തിയ നാല് ജഡ്ജിമാരെ (ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്) എന്നിവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്റേത്. ജഡ്ജിമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിക്കണമെന്ന് എസ്‌സിബിഎ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുതാല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അടക്കം ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ പരിഗണിക്കണമെന്ന് എസ്‌സിബിഎ ആവശ്യപ്പെട്ടു.
Leave a Comment