X

പാര്‍ലമെന്റ്‌ ശൈത്യകാല സമ്മേളനത്തിനു നാളെ തുടക്കം; കച്ചമുറുക്കി പ്രതിപക്ഷം

സാധരണക്കാരെ ആശങ്കയിലാക്കിയ ധന നിര്‍ണയനിക്ഷേപ സുരക്ഷാനിയമം (ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആക്ട്) ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

14 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു നാളെ തുടക്കം. സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ സര്‍വകക്ഷിയോഗങ്ങള്‍ ഇന്നു നടക്കും. സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ചിനും കോണ്‍ഗ്രസ് നേതാവ്  ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി യോഗം വൈകിട്ട് നാലിനും ചേരും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ യോഗംചേരും. പതിവിലേറെ നീണ്ടുപോയ സമ്മേളനം ഇതാദ്യമായി പുതുവല്‍സരദിനത്തിലും സമ്മേളിക്കുമെന്ന പ്രത്യേകതയും ഉണ്ട്. നവംബര്‍ പകുതിയോടെ തുടങ്ങി ക്രിസ്തുമസിനോടനുബന്ധിച്ച് അവസാനിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ഷെഡ്യൂള്‍ തയാറാക്കാറുള്ളത്.

സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള നീക്കങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണ പാര്‍ലമെന്റിലെത്തുക. രാജസ്ഥാനില്‍ ബംഗാളി തൊഴിലാളിയായ അഫ്റസുലിനെ കൊലപ്പെടുത്തിയ സംഭവം സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ഈ വിഷയത്തില്‍ തൃണമൂലിനെ കോണ്‍ഗ്രസും ഇടതുപക്ഷവും പിന്തുണക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യോമസേനയ്ക്കു വേണ്ടി വാങ്ങിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിനടന്നുവെന്ന ആരോപണം, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശങ്ങള്‍ തുടങ്ങിയവയും പ്രതിപക്ഷം ഉന്നയിക്കും. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിനെത്തുടര്‍ന്ന് കര്‍ഷകരും വ്യവസായികളും നേരിടുന്ന പ്രശ്നങ്ങളും സമ്മേളനത്തില്‍ വിഷയമാവും. മോദിക്കെതിരേ ആരോപണം ഉന്നയിച്ച് എം.പിസ്ഥാനം രാജിവച്ച ബി.ജെ.പി നേതാവ് നാനാ പടോലെയുടെ നടപടി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്‍.ഡി.എ മുന്നണിയില്‍പ്പെട്ട ടി.ഡി.പി അംഗങ്ങള്‍ ആന്ധ്രക്കുള്ള പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണ സഭകളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്-പിഡിടി ആചാരി എഴുതുന്നു

ചില സുപ്രധാന ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ച് മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്നത് മൂന്നുവര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന കുറ്റമാക്കിയ 1986ലെ മുസ്ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) ബില്‍ ആണ് അതില്‍ പ്രധാനം.  സാധരണക്കാരെ ആശങ്കയിലാക്കിയ ധന നിര്‍ണയനിക്ഷേപ സുരക്ഷാനിയമം (ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആക്ട്) ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകളെയും മറ്റ് ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങളെയും വേണ്ടിവന്നാല്‍ അടച്ചുപൂട്ടാന്‍ അധികാരമുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ ഇതിനകം വിവാദമായിക്കഴിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബില്‍, വിസില്‍ ബ്ലോവര്‍ പ്രൊട്ടക്ഷന്‍ (എ) ബില്‍, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ (എ) ബില്‍, സറഗസി ബില്‍, ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സന്‍ ബില്‍,ജി.എസ്.ടി (കോപന്‍സേറ്റ് റ്റു സ്റ്റേറ്റ്സ്) ബില്‍ എന്നിവയും സഭയുടെ പരിഗണനക്ക് വരും. സഭാ നടപടി തുടരുന്നതിനിടയില്‍ 18ന് പുറത്തുവരുന്ന ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലവും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

 

 

This post was last modified on December 14, 2017 6:49 am