ഹിമാചല്‍ പ്രദേശില്‍ കെട്ടിടം പൊളിക്കലിന് മേല്‍നോട്ടം വഹിക്കുകയായിരുന്ന ഉദ്യോഗസ്ഥയെയും ഒരു തൊഴിലാളിയേയും കെട്ടിടമുടമ വെടി വച്ച് കൊന്നു. സൊളാന്‍ ജില്ലയിലെ അനധികൃത ഗസ്റ്റ് ഹൗസ് കെട്ടിടം പൊളിക്കുന്നതിന് മേല്‍ നോട്ടം വഹിക്കാനെത്തിയ അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനര്‍ ഷെയ്ല്‍ ബാലയാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഷിംലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അനധികൃത നിര്‍മ്മിതികളായ 13 ഹോട്ടല്‍, റിസോര്‍ട്ട് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവുണ്ടായിരുന്നു. ഇത് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്.
സൊളാനിലെ ധരംപൂരിലുള്ള നാരായണി ഗസ്റ്റ് ഹൗസ് പൊളിക്കാനെത്തിയപ്പോളാണ് ഉടമസ്ഥനായ വിജയ് കുമാര്‍ ഇവര്‍ക്ക് നേരെ വെടി വച്ചത്. ഗുലാബ് സിംഗ് എന്ന തൊഴിലാളിക്ക് വയറിനാണ് വെടിയേറ്റത്. വിജയ് കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. പൊലീസ് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 17നാണ് ഹിമാചല്‍ പ്രദേശിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
Leave a Comment