X

കേരള കോണ്‍ഗ്രസ് യുഡിഎഫിലേയ്ക്കില്ല, സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: കെഎം മാണി

ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനത്തെക്കുറിച്ച് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഏതായാലും യുഡിഎഫില്‍ ചേരാനില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്ക് വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിന് ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കും. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല. അത്തരം ആലോചനകള്‍ക്ക് സമയമായിട്ടില്ലെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും മാണി മറുപടി നല്‍കി. ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ് സിപിഐ. കാനം രാജേന്ദ്രന്‍ സിപിഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് അത്. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. യുഡിഎഫിന്റെ ക്ഷണത്തിന് നന്ദി. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും മാണി പറഞ്ഞു.

This post was last modified on January 20, 2018 6:20 pm