X

തങ്ങളുടെ അംഗമല്ലാത്ത നടിയോട് ബോളിവുഡ് കാണിച്ച നീതി പോലും മലയാള സിനിമ ആക്രമിക്കപ്പെട്ട നടിയോട് കാണിക്കുന്നില്ല: അഞ്ജലി മേനോന്‍

ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാത്ത മലയാള സിനിമ സംഘടനകള്‍ക്കെതിരെ അഞ്ജലിയുടെ പ്രതിഷേധം

നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍. മീ ടൂ’ ക്യാംപെയിന് ബോളിവുഡ് വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും, അവരുടെ നിലപാടുകളില്‍ നിന്നും നടപടികളില്‍ നിന്നും അത് ബോധ്യപ്പെടുമെന്നും എന്നാല്‍ മലയാളം സിനിമാ ലോകത്തെ സ്ഥിതി നേര്‍ വിപരീതമാണെന്നും അഞ്ജലി മേനോന്‍ വിലയിരുത്തുന്നു.

‘ടേക്കിങ് എ സ്റ്റാന്‍ഡ്’ എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലൂടെയാണ് അവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ”മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടി 2017-ല്‍ ലൈംഗികമായി അപമാനിക്കപ്പെട്ടു. സംഭവത്തിനു തൊട്ടുപിന്നാലെ ഇത് തുറന്നു പറഞ്ഞ അവള്‍ പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി അവള്‍ മുന്നോട്ടു പോകുകയാണ്. ഒരുപാട് ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ് കേരളം. രാജ്യാന്തര തലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ട പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കരുത്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ എവിടെ?. ഇതും ഒരു നിലപാടാണ്; തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്.” അഞ്ജലി മേനോന്‍ പറയുന്നു.

അതേസമയം, ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ബോളിവുഡ് സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു. എഴുത്തുകാരിയും ടെലിവിഷന്‍ പരിപാടികളുടെ സംവിധായികയുമായ വിന്‍ത നന്ദയുടെ വെളിപ്പെടുത്തലുകളോടെ ബോളിവുഡ് യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നുവെന്നും, ഇരകളെ പിന്തുണയ്ക്കുന്ന ശക്തമായ നിലപാടുമായി അവര്‍ മുന്നോട്ട് പോകുകയാണെന്നും അഞ്ജലി മേനോന്‍ എഴുതി.

”ആരോപണ വിധേയര്‍ക്കെതിരെയുള്ള അടിയന്തിര നടപടിയെന്നോണം നിര്‍മാതാക്കള്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഹോട്ട്സ്റ്റാര്‍ പോലുള്ള നെറ്റ്‌വര്‍ക്കുകള്‍ ആരോപണം നേരിടുന്നവര്‍ ചെയ്യുന്ന വിജയകരമായി പോകുന്ന ഷോകള്‍പോലും റദ്ദാക്കി. എംഎഎംഐ പോലെയുള്ള ഫിലിം ഫെസ്റ്റിവലുകള്‍ ആരോപണം നേരിടുന്നവരുടെ സിനിമകള്‍ ഒഴിവാക്കി. ഫാന്റം ഫിലിംസ് പോലുള്ള കമ്പനികള്‍ ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ കമ്പനി തന്നെ അടച്ചുപൂട്ടി. അമീര്‍ ഖാനെ പോലുളള നടന്മാര്‍ അത്തരക്കാരുമായി ചെയ്യുന്ന സിനിമകളില്‍നിന്നും പിന്മാറി. നടന്മാരുടെ ഒരു സംഘടന ആരോപണ വിധേയനായ ആള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, ഇര ആ സംഘടനയിലെ അംഗം പോലുമല്ല”, അത്തരം ശക്തമായ നടപടികളൊന്നും മലയാള സിനിമയില്‍ നിന്നും ഉണ്ടായില്ലെന്നാണ് അഞ്ജലി മേനോന്‍ വിലയിരുത്തുന്നത്.

This post was last modified on October 12, 2018 5:05 pm