X

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനാണ്

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സംഘം സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഡിഎ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായവര്‍ക്ക് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്.

കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനാണ്. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശന്‍തമ്പിയെ ഏഴെട്ടുവര്‍ഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

read more:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ മാനേജർക്ക് പങ്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു